Calcium | പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലിൻ്റെ ആരോഗ്യത്തിന് മാത്രമല്ല സഹായിക്കുക, വേറെയുമുണ്ട് നിരവധി ഗുണങ്ങൾ


ന്യൂഡെൽഹി: (KVARTHA) വളരെ ചെറിയ പ്രായം മുതൽ തന്നെ നമ്മൾ കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു കാര്യമാണ് പാൽ ഒരു സമീകൃത ആഹാരമാണെന്നുള്ളത്. എന്തു കൊണ്ടാണിങ്ങനെ പറയുന്നതെന്ന് അറിയാമോ? പാലിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അതു കൂടാതെ, പാലിലും പാലുൽപ്പന്നങ്ങളിലും പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ്, അയഡിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ എ, വിറ്റാമിൻ ബി 12, സെലിനിയം, മറ്റ് പ്രധാന ഫാറ്റി ആസിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ എല്ലാം പ്രദാനം ചെയ്യാൻ പാലിനു സാധിക്കുന്നു.
നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ശക്തമായ എല്ലുകളും പല്ലുകളും നിർമിക്കുന്നതിന് കാൽസ്യം ആത്യാവശ്യമാണ്. പക്ഷേ അവയ്ക്ക് നമ്മുടെ ശരീരത്തിൽ മറ്റ് പ്രധാന കാര്യങ്ങളും ചെയ്യാനുണ്ട്, പേശികളുടെ പ്രവർത്തനത്തിനും, ഹോർമോണുകളും മറ്റ് രാസവസ്തുക്കളും പുറത്തുവിടുന്നതിനും, നാഡി സിഗ്നലുകൾ അയയ്ക്കുന്നതിനും, സ്വീകരിക്കുന്നതിനും, രക്തം കട്ടപിടിക്കുന്നതിനും, കാൽസ്യം നമ്മെ സഹായിക്കുന്നു. സാധാരണ ഹൃദയമിടിപ്പ് നിലനിർത്തുന്നതിലും കാത്സ്യത്തിന് സുപ്രധാന പങ്കുണ്ട്.
ചെന്നൈയിലെ പ്രശാന്ത് ഹോസ്പിറ്റലിലെ, പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റിലെ കൺസൾട്ടൻ്റ് ഡോ അനു കിർത്തിഗ, പാലു കുടിക്കുന്നതു കൊണ്ടുള്ള വ്യത്യസ്ഥ നേട്ടങ്ങൾ വിശദീകരിക്കുകയുണ്ടായി. അവ എന്തൊക്കെയാണെന്നു നോക്കാം. കാൽസ്യത്തിൻ്റെ പാൽ ഇതര സ്രോതസുകളും കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളും ഇപ്പോൾ ലഭ്യമാണ്. എന്നിരുന്നാലും, പാലിനോളം ജൈവികമായതും പോഷകസമ്പന്നമായതുമായ ബദൽ മാർഗം കണ്ടെത്തുക പ്രയാസം തന്നെയാണ്.
കാൽസ്യത്തിനൊപ്പം പാലിൽ അജൈവ ഫോസ്ഫേറ്റുകളുടെ രൂപത്തിൽ, ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്, ഇത് കുടൽ, വൃക്ക എന്നിവയുടെയും എല്ലുകളുടെയും ആരോഗ്യം ഉറപ്പു വരുത്തുന്നു. ഗർഭിണികൾ പാൽ കുടിക്കുന്നത് കുഞ്ഞിൻ്റെ എല്ലുകളുടെ ബലം വർധിപ്പിക്കാനും വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ശക്തി ഉറപ്പു വരുത്താനും സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
കുട്ടികൾ ഓടിച്ചാടി നടക്കുന്ന പ്രായത്തിൽ പാലു കുടിക്കുന്നത്, നല്ല വളർച്ചയും ഊർജവും, ഉണ്ടാകാൻ സഹായിക്കും. നല്ല ശക്തിയുള്ള എല്ലുകൾ കളിതമാശകൾക്കിടയിലെ വീഴ്ചകളെ അതിജീവിക്കുകയും ചെയ്യും. പ്രായമായവരെ സംബന്ധിച്ചിടത്തോളം, ഓസ്റ്റിയോപൊറോട്ടിക് പോലുള്ള എല്ലിനെ സംബന്ധിച്ച പ്രശ്നങ്ങൾ തടയാൻ പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം സഹായിക്കും. അതിനാൽ എല്ലാ പ്രായക്കാരും, പാലിനെ ഭക്ഷണത്തിൻ്റെ ഒരു പ്രധാന ഭാഗമാക്കുന്നത് നല്ലതാണെന്ന് ഡോ അനു കിർത്തിഗ പറയുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും, പാൽ കുടിച്ച് ശീലമില്ലാത്തവരും, ഈ ശീലം തുടങ്ങുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.