ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ മാനം: എ പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു


● മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
● വെർച്വൽ റിയാലിറ്റി, ഫിസിക്കൽ തെറാപ്പി യൂണിറ്റുകൾ ഇവിടെയുണ്ട്.
● നിർധനരായ രോഗികൾക്ക് ചികിത്സയും പരിചരണവും സൗജന്യമാണ്.
● ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
മലപ്പുറം: (KVARTHA) കാരുണ്യപ്രവർത്തനങ്ങൾക്ക് ആധുനിക മുഖം നൽകിക്കൊണ്ട്, ജീവകാരുണ്യരംഗത്ത് കാൽനൂറ്റാണ്ടായി നിസ്വാർത്ഥ സേവനം നടത്തുന്ന കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ അത്യാധുനിക എ.പി. അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു.
കേരളത്തിലും ഗൾഫ് നാടുകളിലും കാരുണ്യപ്രവർത്തനങ്ങളിലൂടെ നിറസാന്നിധ്യമായിരുന്ന മനുഷ്യസ്‌നേഹി എ.പി. അസ്‌ലമിന്റെ സ്മരണാർത്ഥം മലപ്പുറം മേലങ്ങാടിയിലെ ക്രിസ്റ്റൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
വെർച്വൽ റിയാലിറ്റി യൂണിറ്റിന്റെ ഉദ്‌ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യും ഫിസിക്കൽ തെറാപ്പി യൂണിറ്റിന്റെ ഉദ്‌ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എയും നിർവഹിച്ചു. എ.പി. അസ്‌ലം തുടങ്ങിവെച്ച കാരുണ്യപ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ പിൻഗാമികളും കുടുംബവും തുടരുന്നത് അതിയായ സന്തോഷം നൽകുന്നുവെന്ന് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സഹായം ആവശ്യപ്പെട്ട് ആളുകൾ കാത്തിരിക്കുന്നത് വരെ കാത്തുനിൽക്കാതെ, സഹായം ആവശ്യമുള്ളിടത്തേക്ക് ഓടിയെത്തുന്നു എന്നതാണ് ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിൽ എ.പി. അസ്‌ലത്തെ അറിയാത്തവർ ചുരുക്കമാണെന്ന് എ.പി. അസ്‌ലമിന്റെ മകനും ഗൾഫ് വ്യവസായിയുമായ റാഷിദ് അസ്‌ലം പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ ഉപ്പ പഠിപ്പിച്ച ജീവകാരുണ്യത്തിന്റെ പാതയിലൂടെ തന്നെയാണ് താനും നടക്കാൻ ശ്രമിക്കുന്നത്. ഉപ്പ തുടങ്ങിവെച്ച പല സാമൂഹ്യക്ഷേമ പദ്ധതികളും ഇന്നും അതേപടി തുടരുന്നതിൽ റീജൻസി ഗ്രൂപ്പിന്റെ ചെയർമാൻ ഷംസുദ്ദീൻ ബിൻ മൊഹിദീൻ മമ്മു ഹാജി, മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, മറ്റ് ഡയറക്ടർമാരായ അബ്ദുസമദ്, അബ്ദുറഹ്മാൻ, ആസാദ് എ.പി. എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് വലിയ പങ്കുണ്ടെന്നും റാഷിദ് അസ്‌ലം കൂട്ടിച്ചേർത്തു.
ജീവിതത്തിൽ എത്രവലിയ പ്രശ്നങ്ങളുണ്ടായാലും തോറ്റുകൊടുക്കാൻ തയ്യാറാകാത്തവർക്ക് പ്രതീക്ഷയായി ഈ സെന്റർ നിലകൊള്ളുമെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് റാഷിദ് അസ്‌ലം പറഞ്ഞു. 2017-ൽ ട്രസ്റ്റിന് കീഴിൽ ആരംഭിച്ച ഫിസിയോതെറാപ്പി സെന്ററാണ് പുതിയ കെട്ടിടത്തിൽ കൂടുതൽ സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങിയത്.
കൽപകഞ്ചേരി, വളവന്നൂർ, ചെറിയമുണ്ടം, ആതവനാട്, മാറാക്കര പഞ്ചായത്തുകളിലേയും സമീപപ്രദേശങ്ങളിലേയും കിടപ്പുരോഗികളെ കണ്ടെത്തി സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സ നൽകുന്ന സംവിധാനം 2017 മുതൽ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ന്യൂറോ റീഹാബ് വിഭാഗത്തിൽ ഫിസിയോതെറാപ്പി, ഗെയ്റ്റ് തെറാപ്പി, റിബൗണ്ട് തെറാപ്പി, ഇലക്ട്രോ തെറാപ്പി, ഷോക്ക് വേവ് തെറാപ്പി, എക്സസൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ ലഭ്യമാകും.
വെർച്വൽ റിയാലിറ്റി യൂണിറ്റ്, ബോഡി വെയിറ്റ് സപ്പോർട്ട് ട്രെഡ്മിൽ ട്രെയിനർ, ആക്റ്റീവ്-പാസീവ് റീഹാബ് ട്രെയിനിങ് ബൈക്ക് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായി അഡ്വാൻസ്‌ഡ് സെൻസറി ഇന്റഗ്രെഷൻ യൂണിറ്റ്, സ്പെഷ്യൽ എജുക്കേഷൻ, സ്പീച്ച് തെറാപ്പി, സൈക്കോളജി, ഒക്ക്യൂപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി എന്നിവയും ലഭ്യമാണ്. നിർധനരായ രോഗികൾക്ക് ചികിത്സയും പരിചരണവും പൂർണ്ണമായും സൗജന്യമായിരിക്കും.
ആരിൽ നിന്നും സംഭാവനകൾ സ്വീകരിക്കാതെയും തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുമുള്ള ഈ ട്രസ്റ്റിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അഭിപ്രായപ്പെട്ടു. ട്രസ്റ്റിന്റെ തുടക്കം മുതൽ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിയുന്ന ആളെന്ന നിലയിൽ, ഈ കാരുണ്യപ്രവർത്തനങ്ങൾ അബലർക്ക് നൽകുന്ന സഹായം പകരംവെയ്ക്കാനാകാത്തതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു.
അർഹരായവർക്ക് നൽകിവരുന്ന പലിശരഹിത സഹായനിധി, തണൽ ഹൗസിങ് പ്രോജക്റ്റ്, പ്രതിമാസ ഭക്ഷണ കിറ്റ് പദ്ധതി, അനാഥരായ കുട്ടികൾക്കും വിധവകൾക്കുമുള്ള ഫോസ്റ്റർ കെയർ, തണൽ പോളിക്ലിനിക് എന്നിവയാണ് ട്രസ്റ്റിന്റെ കീഴിൽ നടത്തിവരുന്ന മറ്റ് പ്രധാന പദ്ധതികൾ.
സമീപ പ്രദേശങ്ങളിലെ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ കണ്ടെത്തി സൗജന്യ പരിശോധനയും മരുന്നും കൗൺസിലിംഗും നൽകുന്ന എംഹാറ്റ് റീഹാബിലിറ്റേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനവും തുടരും. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, താങ്ങാനാവുന്ന നിരക്കിൽ ചികിത്സയും മരുന്നും നൽകുന്ന ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയും ട്രസ്റ്റിന് കീഴിലുണ്ട്.
മേലങ്ങാടിയിലെ ക്രിസ്റ്റൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ് ഐ.എ.എസ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫിസർ സമീർ മച്ചിങ്ങൽ എന്നിവർ വിവിധ വിഭാഗങ്ങൾ ഉദ്‌ഘാടനം ചെയ്തു.
കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.പി. വഹീദ, ‘തണൽ വടകര’യുടെ ചെയർമാൻ ഡോ. ഇദ്രീസ്, ഐ.എം.ബി കേരളയുടെ പ്രസിഡന്റ് ഡോ. പി.എ. കബീർ എന്നിവർ ആശംസകൾ അറിയിച്ചു. ആനപ്പടിക്കൽ മൊയ്‌തീൻകുട്ടി മാസ്റ്ററുടെ കുടുംബമാണ് ഈ ട്രസ്റ്റിന് നേതൃത്വം നൽകുന്നത്. എ.പി. അബ്ദുസമദ് (ചെയർമാൻ), എ.പി. ഷംസുദ്ദീൻ മുഹിയിദ്ദീൻ, മുഹമ്മദ് അബ്ദുറഹ്‌മാൻ, എ.പി. ആസാദ്, ഡോ. അൻവർ അമീൻ, എ.പി. നബീൽ, റാഷിദ് അസ്‌ലം, മുഹമ്മദ് അസ്ലം എന്നിവരാണ് ട്രസ്റ്റ് ഭാരവാഹികൾ.
അന്തരിച്ച എ.പി. അസ്‌ലം 1998-ൽ കടുങ്ങാത്തുകുണ്ട് അൻസാർ കാമ്പസിൽ ദാറുൽ അൻസാർ എന്ന പേരിൽ ആരംഭിച്ചതാണ് ഈ കേന്ദ്രം. ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹം നൽകിവരുന്ന പ്രോത്സാഹനവും സഹകരണവുമാണ് ട്രസ്റ്റിനെ കൂടുതൽ വിജയത്തിലേക്ക് നയിക്കുന്നതെന്ന് ചെയർമാൻ എ.പി. അബ്ദുസമദ് ആനപ്പടിക്കൽ പറഞ്ഞു.
മലപ്പുറത്തെ ഈ പുതിയ സംരംഭം സമൂഹത്തിന് എത്രത്തോളം പ്രയോജനകരമാകും? നിങ്ങളുടെ കാഴ്ചപ്പാടുകൾ രേഖപ്പെടുത്തുക.
Article Summary: Malappuram gets new advanced rehabilitation center.
#Malappuram #RehabilitationCenter #Charity #Healthcare #Kerala #APAslam