Health Crisis | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കൊല്ലത്ത്
● കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
● കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കൊല്ലം: (KVARTHA) കേരളത്തില്‍ തുടര്‍ച്ചയായി അമീബിക്ക് മസ്തിഷ്‌ക ജ്വര കേസുകള്‍ (Amoebic Meningoencephalitis) റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. തിങ്കളാഴ്ച സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയില്‍ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്ക് കൂടി അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. 31കാരിക്കും 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ലെന്നാണ് വിവരം. അതിനാല്‍ പിന്നെങ്ങനെയാണ് രോഗബാധയുണ്ടായതെന്നതില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
തിരുവനന്തപുരത്ത് കൂട്ടത്തോടെ അമീബിക്ക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തില്‍ ഐസിഎംആര്‍ പഠനം നടത്തുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐസിഎംആര്‍ പ്രതിനിധി കേരളത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ വിഷയത്തില്‍ കൂടുതല്‍ പുരോഗതിയൊന്നും സംഭവിച്ചിട്ടില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിന്റെ കാര്യത്തിലും ഗുരുതരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് സാധാരണമായി രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി സമ്പര്‍ക്കത്തില്‍ വരുന്നവരിലാണ് രോ?ഗം പിടിപെടുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.
ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.
#amoebicmeningoencephalitis, #keralahealth, #outbreak, #publichealth, #naegleria