Health Scare | ശ്വാസതടസവും ആരോഗ്യപ്രശ്‌നങ്ങളും; തെലങ്കാനയില്‍ 30 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


● പെഡ്ഡപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
● സമീപത്തെ കൃഷിയിടങ്ങളില്‍ കീടനാശിനി ഉപയോഗിച്ചിരുന്നു.
● ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥരെത്തി.
ഹൈദരാബാദ്: (KVARTHA) തെലങ്കാനയിലെ പെഡ്ഡപ്പള്ളി ജില്ലയിലുള്ള (Peddapalli) ഒരു സ്‌കൂളില്‍ ശ്വാസതടസവും ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പെഡ്ഡപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്താരം മണ്ഡലത്തിലെ കസ്തൂര്‍ബാ ഗാന്ധി ഗേള്‍സ് വിദ്യാലയ (Kasturba Gandhi Girls’ Vidyalaya) എന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ശ്വാസ തടസം അനുഭവപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഉച്ച കഴിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് 30 വിദ്യാര്‍ത്ഥികളെ പെഡ്ഡപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്‌കൂളിന് സമീപമുള്ള കൃഷിയിടങ്ങളില്‍ അടുത്തിടെ കീടനാശിനി പ്രയോഗിച്ചിരുന്നുവെന്നും ഇതാകാം വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെടാന്‍ കാരണമായതെന്നും പ്രദേശവാസികള്‍ പറഞ്ഞു. വിവരമറിഞ്ഞതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരായി സ്‌കൂളിലേയ്ക്ക് എത്തിയിരുന്നു.
അതേസമയം, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് അല്ലാതെ, വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയോ വയറിളക്കമോ അനുഭവപ്പെട്ടിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ച വ്യാധിയാകാം ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും മറ്റ് പ്രശ്‌നങ്ങളില്ലെന്നും എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിലായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രമോദ് കുമാര്‍ ഉള്‍പ്പെടെ ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ളതല്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
#TelanganaHealth #SchoolHealth #PesticidePoisoning #IndiaNews #HealthEmergency