Health Crisis | ഭക്ഷ്യവിഷബാധയെന്ന് സംശയം; തെലങ്കാന സര്‍ക്കാര്‍ സ്‌കൂളിലെ 22 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; അന്വേഷണം നടക്കുന്നു
● സ്‌കൂളിന് പുറത്തുനിന്ന് ലഘുഭക്ഷണം കഴിച്ചു.
● വെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ചു.
● ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
ഹൈദരാബാദ്: (KVARTHA) ഭക്ഷ്യവിഷബാധയേറ്റതായി സംശയം. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയില്‍ മഗനൂര്‍ ജില്ലാ പരിഷത്ത് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ 22 വിദ്യാര്‍ഥികളെ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ തലവേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
കഴിഞ്ഞ മാസം വാങ്കിടി മണ്ഡലം ട്രൈബല്‍ സ്‌കൂളിലെ സി. ഷൈലജ എന്ന വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ മക്തലിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചത്. ഉച്ചഭക്ഷണം കഴിച്ചയുടന്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ദേഹാസ്വാസ്ഥ്യം അനുഭവിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു. ആവശ്യത്തിന് ആംബുലന്‍സുകളില്ലാത്തതിനാല്‍ കാറുകളിലും മറ്റ് വാഹനങ്ങളിലുമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
പല മാതാപിതാക്കളും മക്തല്‍ ആശുപത്രിയിലെത്തി കരയുകയും ഗുണനിലവാരമുള്ള ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുന്‍ ബിആര്‍എസ് എംഎല്‍എ സി രാംമോഹന്‍ റെഡ്ഡി ആശുപത്രിയിലെത്തി വിദ്യാര്‍ഥികളുമായി സംസാരിക്കുകയും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, 22 വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം ബാധിച്ചതായും രണ്ട് വിദ്യാര്‍ത്ഥികളെ മെച്ചപ്പെട്ട ചികിത്സയ്ക്കായി മഹബൂബ്‌നഗറിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ജില്ലാ അധികൃതര്‍ അവകാശപ്പെട്ടു.
എന്നാല്‍, സ്‌കൂളിലെ 597 വിദ്യാര്‍ത്ഥികളില്‍ 400ലധികം പേരും ഉച്ചഭക്ഷണം കഴിച്ചതായി അധികൃതര്‍ അവകാശപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കൊപ്പം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പെടെ അഞ്ച് അധ്യാപകരും ഭക്ഷണം കഴിച്ചിരുന്നു. എന്നാല്‍ 22 വിദ്യാര്‍ഥികള്‍ക്ക് തലവേദന, വയറുവേദന, ഛര്‍ദ്ദി എന്നിവ അനുഭവപ്പെട്ടു.
സ്‌കൂളിന് പുറത്തുനിന്ന് ലഘുഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണത്തിന് ശേഷമാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഉരുളക്കിഴങ്ങും വഴുതനങ്ങയും വേണ്ടത്ര പാകം ചെയ്യാതെയാണ് ഉച്ചഭക്ഷണം നല്‍കിയതെന്ന് ഒരു വിദ്യാര്‍ഥി ആരോപിച്ചു.
അതേസമയം, സ്‌കൂളിന് സമീപമുള്ള 14 ബേക്കറികളില്‍ നിന്നും കടകളില്‍നിന്നും നിന്നുമായി 22 വിദ്യാര്‍ത്ഥികള്‍ സാവറി (പ്രാദേശികമായി ലഭിക്കുന്ന പലഹാരം) കഴിച്ചതായി ജില്ലാ കളക്ടര്‍ സിക്ത പട്നായിക് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയില്‍, സ്‌കൂളിലെ ഉച്ചഭക്ഷണം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം വന്നിട്ടില്ലെന്ന് അവര്‍ അവകാശപ്പെട്ടു, കഴിഞ്ഞയാഴ്ചത്തെ സംഭവത്തിന് ശേഷം, പഴയ സ്റ്റോക്ക് അരിയും പാചകത്തിന് ഉപയോഗിച്ച മറ്റ് ചേരുവകളും മാറ്റിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
സ്‌കൂളിന് സമീപത്തെ ബേക്കറികളിലും കടകളില്‍നിന്നും ലബോറട്ടറി പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകള്‍ പോലീസ് ശേഖരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ (ഡിഇഒ) അറിയിച്ചു. ഇത് കൂടാതെ സ്‌കൂളിന് സമീപത്തെ വാട്ടര്‍ ടാങ്കില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ചു.
കഴിഞ്ഞ ബുധനാഴ്ച മഗ്‌നൂര്‍ സ്‌കൂളില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുക്കള്‍ കലര്‍ന്നിരുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ 50 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം ബാധിച്ചിരുന്നു. ഇതില്‍ ആരോഗ്യം മോശമായ 15 വിദ്യാര്‍ത്ഥികളെ മഹബൂബ്‌നഗര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഈ സംഭവത്തില്‍ നാരായണ്‍പേട്ട ജില്ലാ ഭരണകൂടം മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അഡീഷണല്‍ കലക്ടര്‍ ബെന്‍ ഷാലോം അന്വേഷണം നടത്തിവരികയായിരുന്നു.
അതേ സ്‌കൂളില്‍ മറ്റൊരു ഭക്ഷ്യവിഷബാധയുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെ രക്ഷിതാക്കള്‍ ഞെട്ടിയിരുക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യതയില്ലാത്ത നടപടി, അല്ലെങ്കില്‍ അഭാവത്തെയോയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തോടുള്ള ഉദ്യോഗസ്ഥരുടെ ക്രൂരത ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിമര്‍ശിച്ചു.
#Telangana, #foodpoisoning, #school, #middaymeal, #India, #healthcrisis, #foodsafety