Food | വളരുന്ന പ്രായത്തിൽ കുട്ടികൾ നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങൾ 

 
Foods for Kids

istockphoto

*വളരുന്ന പ്രായത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ശരീരത്തിലെത്തിയില്ലെങ്കിൽ, അതു പിന്നീട് ദോഷം ചെയ്യും. അതുകൊണ്ട്, കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ ഭക്ഷണസാധനങ്ങൾ അവർക്കു ലഭിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണം

ന്യൂഡെൽഹി: (KVARTHA) കുട്ടികൾ ഓടിച്ചാടി നടക്കേണ്ടുന്ന പ്രായത്തിൽ ഫോണിനു മുന്നിലും കമ്പ്യൂട്ടറിനു മുന്നിലുമിരിക്കുന്ന കാഴ്ചയാണ് നമ്മളിന്നു കാണുന്നത്. ഇത് അവരുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കും. കുട്ടികളുടെ സ്വഭാവത്തിൽ വന്നിരിക്കുന്ന ഇത്തരം തെറ്റായ പ്രവണതകൾ തിരുത്തിക്കൊടുക്കുന്നതിനൊപ്പം തന്നെ, വളരുന്ന പ്രായത്തിൽ, അവർ ആരോഗ്യത്തോടെയിരിക്കാനും കായികപരമായി മുന്നേറാനും, ആവശ്യത്തിന് പ്രോട്ടിനും മറ്റു പോഷകങ്ങളും ലഭിക്കേണ്ടതുണ്ട്. ഇവ ഉറപ്പു വരുത്തുവാൻ ചില ഭക്ഷണശീലങ്ങൾ വഴി സാധിക്കുമെന്നാണ്, ആരോഗ്യവിദഗ്ധർ പറയുന്നത്. അവ ഏതൊക്കെയാണെന്നു നോക്കാം.


മത്സ്യം: സാൽമണും ട്യൂണയും ഉൾപ്പെടെയുള്ള മത്സ്യങ്ങൾ കുട്ടികളുടെ വളർച്ചയ്ക്കു ഏറെ ഗുണം ചെയ്യും. ഇവയിൽ, ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും ധാരാളമുണ്ട്. ഇത്തരം ആഹാരങ്ങൾ കഴിച്ചു തുടങ്ങും മുമ്പു തന്നെ കുട്ടികളെ ഒരു ആരോഗ്യ വിദഗ്ധനെക്കൊണ്ടു പരിശോധിപ്പിക്കേണ്ടതും കുട്ടിയുടെ ശരീരം, ഏതെങ്കിലും പ്രത്യേക ഭക്ഷണത്തോട് അലർജിയുള്ളതാണോ, എന്നു കണ്ടെത്തേണ്ടതും വളരെ അത്യാവശ്യമാണ്.

മുട്ടകൾ: ഒരു സമീകൃതാഹാരമാണ് മുട്ട. വളർച്ചയ്ക്കും ഊ‍ർജത്തിനും അത്യാവശ്യമായ പ്രോട്ടീൻ്റെ മികച്ച ഉറവിടവുമാണ്. ഒരു വലിയ മുട്ടയിൽ നിന്നും ഏകദേശം 6 ഗ്രാം പ്രോട്ടീൻ ലഭിച്ചേക്കും. ചിലർക്ക് മുട്ട കഴിക്കുമ്പോൾ, അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം അത്തരം കുട്ടികൾക്കാവശ്യമായ ബദൽ മാർഗങ്ങൾ ആരോഗ്യവിദഗ്ധരുമായി സംസാരിച്ച ശേഷം കൈകൊള്ളേണ്ടതാണ്. 

പാൽ: പ്രോട്ടീനു പുറമേ, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന ധാതുക്കൾ കൂടി പാലിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പാലിൽ നിന്നും എട്ട് ഗ്രാം പ്രോട്ടീൻ ലഭിച്ചേക്കും. കുട്ടിയുടെ ആരോഗ്യം പരിഗണിച്ചു കൊണ്ട്, ആവശ്യത്തിന് കൊഴുപ്പുള്ള പാൽ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ടോഫു: സസ്യാധിഷ്ഠിത ടോഫു, പ്രോട്ടീൻ്റെ ഉയർന്ന സ്രോതസാണ്, അര കപ്പ് ടോഫുവിൽ ഏകദേശം 10 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. ഇവ ആവശ്യാനുസരണം സ്മൂതികളിലും സൂപുകളിലും ഉൾപ്പെടുത്താവുന്നതാണ്. 

ബീൻസും പയറും: പയറിലും ബീൻസിലും പ്രോട്ടീൻ കൂടാതെ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച പയറിൽ ഏകദേശം 18 ഗ്രാം പ്രോട്ടീൻ ആണ് ഉണ്ടാവുക. ഇതു ഉപയോഗിച്ചു കൊണ്ട്, സൂപ്പ്, പായസം, സലാഡുകൾ എന്നിവയുണ്ടാക്കി കുട്ടികൾക്കു നൽകുന്നത് വളരെ നല്ലതാണ്.

ക്രീമി തൈര്: ഗ്രീക്ക് തൈര് അഥവാ ക്രീമി തൈരിൽ, പരമ്പരാഗത തൈരിൻ്റെ ഏകദേശം ഇരട്ടി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒറ്റ നോട്ടത്തിൽ, ഐസ്ക്രീം പോലെ തോന്നിക്കുന്ന ഇവ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും. ഒരു ബൗൾ ഗ്രീക്ക് തൈരിൽ, 10 ഗ്രാമോളം പ്രോട്ടിൻ അടങ്ങിയിട്ടുണ്ട്. കൂടുതൽ രുചിയും പോഷണവും ലഭിക്കുന്നതിനായി, പഴങ്ങളും തേനും ചേർത്ത് കുട്ടികൾക്കു നൽകാവുന്നതാണ്. ചിലർക്ക് തൈര് കഴിക്കുമ്പോൾ വയറ്റിൽ അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. അത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ, രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

കിൻവാ: കിൻവായിൽ കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ ഒമ്പത് അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒരു സമ്പൂർണ്ണ പ്രോട്ടീൻ വിഭവമാണിത്.   പ്രാതലായും, ഉച്ചഭക്ഷണത്തിനു ശേഷമുള്ള സലാഡായും, വൈകുന്നേരത്തെ പലഹാരമായുമൊക്കെ കിൻവാ കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാനാവും   


നട്‌സ്: പ്രോട്ടീൻ കൂടുതലുള്ള നട്‌സുകളിൽ നിലക്കടല, ബദാം എന്നിവ കുട്ടികളുടെ വളർച്ചയ്ക്കു ഉപകരിക്കുന്നവയാണ്. പീനട് ബട്ടറിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അപ്പിളിൻ്റെ കൂടെയോ, ബ്രെഡിനൊപ്പമോ ഇതു കഴിക്കുന്നത് നല്ലതാണ്. 

ചിക്കൻ ബ്രെസ്റ്റ്: പൊതുവെ എല്ലാവർക്കും സ്വീകാര്യമായ ആഹാരമല്ലെങ്കിൽ പോലും, ചിക്കൻ ബ്രെസ്റ്റ്, കുട്ടികളിൽ ശരിയായ അളവിൽ പ്രോട്ടീൻ ഉറപ്പു വരുത്താൻ സഹായിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വറുത്തോ, ഗ്രിൽ ചെയ്തോ, സൂപ്പുകളിലും സലാഡുകളിലും ചേർത്തോ കഴിക്കാവുന്നതാണ്.  

പാൽകട്ടി (ചീസ്): ഏറ്റവും രുചികരമായ പ്രോട്ടീൻ സ്രേതസാണ് പാൽകട്ടി. പ്രത്യേകിച്ച് മൊസറെല്ല, ചെഡാർ തുടങ്ങിയവ, കുട്ടികളുടേയും പ്രിയപ്പെട്ട വിഭവമായിരിക്കും. ഒരു ഔൺസ് ചീസിൽ ഏകദേശം 6-7 ഗ്രാം പ്രോട്ടീൻ ഉണ്ടാകും.  

വളരുന്ന പ്രായത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ശരീരത്തിലെത്തിയില്ലെങ്കിൽ, അതു പിന്നീട് ദോഷം ചെയ്യും. അതുകൊണ്ട്, കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ ഭക്ഷണസാധനങ്ങൾ അവർക്കു ലഭിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണമെന്നാണ്, പോഷകാഹാര വിദഗ്ധനായ, പ്രീതി കോർഗോങ്കർ, പറയുന്നത്.

നമ്മൾ കഴിക്കുന്ന ആഹാരം നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്ന സുപ്രധാന ഘടകമാണ്. അതുകൊണ്ടു തന്നെ, മേൽപറഞ്ഞ ഏതെങ്കിലും ഭക്ഷണം  ശീലമില്ലാത്തതോ, അറിഞ്ഞുകൂടാത്തതോ ആണെങ്കിൽ, കഴിക്കുന്നതിനു മുമ്പ്, ഒരു ആരോഗ്യ വിദഗ്ധൻ്റെ നിർദേശം സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia