Nokia | വളരെ അടുത്തുനിന്ന് സംസാരിക്കുന്നതായി തോന്നും; പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണ്‍വിളി നടത്തി നോകിയ സിഇഒ; ലോകത്ത് ആദ്യം 

 
Nokia CEO Pekka Lundmark makes world's first 'immersive' phone call, Tech News, News, Technology


നിലവിലുള്ള ഫോണ്‍വിളികളെല്ലാം മോണോഫോണിക് ആണ്. 

സ്മാര്‍ട്‌ഫോണുകളിലുള്ള ഒന്നിലധികം മൈക്രോഫോണുകള്‍ പ്രയോജനപ്പെടുത്തിയാണിത് സാധ്യമാക്കുന്നത്. 

സാങ്കേതിക വിദ്യയുടെ ലൈസന്‍സിങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് നോകിയ. 

സ്റ്റോക്‌ഹോം: (KVARTHA) സ്മാര്‍ട് ഫോണ്‍ യുഗത്തിന് മുന്നില്‍ തകര്‍ച്ച നേരിട്ട ബ്രാന്‍ഡാണ് നോകിയ. മൊബൈല്‍ ഫോണുകളുടെ പ്രാരംഭ കാലഘട്ടത്തില്‍ ആദ്യ കാല കംപനികളെ മറികടന്ന് ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ നോകിയയ്ക്ക് പക്ഷെ ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട് ഫോണുകള്‍ക്ക് മുന്നില്‍ തല കുനിക്കേണ്ടി വന്നു. എന്നാലിപ്പോഴിതാ പ്രതാപത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് കംപനി. 

ഫോണ്‍ വിളികള്‍ കൂടുതല്‍ യഥാര്‍ഥമെന്നോണം അനുഭവപ്പെടുന്ന 'ഇമേഴ്സീവ് ഓഡിയോ ആന്‍ഡ് വീഡിയോ' എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണ്‍വിളി നടത്തിയിരിക്കുകയാണ് നോകിയ സിഇഒ പെക്ക ലണ്ട്മാര്‍ക്. ലോകത്താദ്യമായാണ് ഇത്തരമൊരു ഫോണ്‍ വിളി. 'ഭാവിയിലെ വോയ്സ് കോള്‍' തങ്ങള്‍ പരീക്ഷിച്ചതായി പെക്ക ലണ്ട്മാര്‍ക് പറഞ്ഞു. 1991 ലാണ് ആദ്യമായി 2ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണ്‍വിളിച്ചത്. ഈസമയം മുറിയിലുണ്ടായിരുന്ന വ്യക്തിയാണ് ലണ്ട്മാര്‍ക്. 

ഫിന്‍ലന്‍ഡ് ഡിജിറ്റലൈസേഷന്‍ ആന്റ് ന്യൂ ടെക്‌നനളോജീസ് അംബാസഡര്‍ സ്റ്റീഫന്‍ ലിന്റ്‌സ്റ്റോമുമായാണ് പെക്ക ലണ്ട്മാര്‍ക് ഫോണില്‍ സംസാരിച്ചത്. 5ജി നെറ്റ് വര്‍കില്‍ ബന്ധിപ്പിച്ച സാധാരണ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചാണ് നോകിയ ഫോണ്‍ കോള്‍ പരീക്ഷിച്ചത്. ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോണ്‍ സംഭാഷണങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് തിങ്കളാഴ്ച (10.06.2024) കംപനി പറഞ്ഞു.

പുതിയ സാങ്കേതികവിദ്യയില്‍ 3ഡി ശബ്ദമാണ് ഫോണ്‍ സംഭാഷണം നടത്തുന്നവര്‍ കേള്‍ക്കുക. ഇതുവഴി രണ്ട് പേരും അടുത്ത് നിന്ന് സംസാരിക്കുന്നതിന് സമാനമായ ശബ്ദാനുഭവമായിരിക്കും ഫോണ്‍ വിളിയില്‍ അനുഭവപ്പെടുക. സ്മാര്‍ട്‌ഫോണുകളിലുള്ള ഒന്നിലധികം മൈക്രോഫോണുകള്‍ പ്രയോജനപ്പെടുത്തിയാണിത് സാധ്യമാക്കുന്നത്. പങ്കെടുക്കുന്നവരുടെ സ്‌പേഷ്യല്‍ ലൊകേഷന്‍ അടിസ്ഥാനമാക്കി അവരുടെ ശബ്ദം വേര്‍തിരിച്ച് കേള്‍ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഫോണ്‍വിളിക്ക് പുറമെ, കോണ്‍ഫറന്‍സ് കോളുകളിലും ഇമേഴ്‌സീവ് ഓഡിയോ വീഡിയോ കോള്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമെന്ന് നോകിയ ടെക്‌നോളജീസ് ഓഡിയോ റിസര്‍ച് മേധാവി ജിറി ഹോപാനിമേയ് പറഞ്ഞു.

നിലവിലുള്ള ഫോണ്‍വിളികളെല്ലാം മോണോഫോണിക് ആണ്. മാത്രവുമല്ല ശബ്ദം കംപ്രസ് ചെയ്യുകയും ശബ്ദത്തിന്റെ വിശദാംശങ്ങള്‍ നഷ്ടമാവുകയും ചെയ്യും. ഇന്ന് സ്മാര്‍ട്‌ഫോണുകളിലും പിസികളിലും ഉപയോഗിക്കുന്ന മോണോഫോണിക് ടെലിഫോണി ശബ്ദം അവതരിപ്പിച്ചതിന് ശേഷം തത്സമയ വോയ്സ് കോളിങ് അനുഭവത്തിലുണ്ടാവുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണിതെന്ന് നോകിയ ടെക്‌നോളജീസ് പ്രസിഡന്റ്‌റ് ജെന്നി ലുകാന്‍ഡര്‍ പറഞ്ഞു.

സാങ്കേതിക വിദ്യയുടെ ലൈസന്‍സിങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് നിലവില്‍ നോകിയ കംപനി. സാങ്കേതിക വിദ്യ ഉപയോഗത്തില്‍ വരാന്‍ ഇനിയും സമയമെടുക്കും. ഇനി പുറത്തിറങ്ങാനിരിക്കുന്ന 5ജി അഡ്വാന്‍സ്ഡ് സ്റ്റാന്റേര്‍ഡിന്റെ ഭാഗമായാവും ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുകയെന്ന് റോയിടേഴ്‌സ് റിപോര്‍ട് ചെയ്യുന്നു. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia