Innovation | സ്‌ക്രീനിന്റെ അടിയില്‍ കാമറയുള്ള ലോകത്തിലെ ആദ്യത്തെ ലാപ്‌ടോപ് അവതരിപ്പിച്ച് ലെനോവോ; സവിശേഷതകള്‍ അറിയാം
● ലെനോവോ യോഗ സ്ലിം 9ഐ: സ്ക്രീനിന്റെ അടിയിൽ കാമറ.
● 4കെ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള OLED ഡിസ്‌പ്ലേ.
● പവർഫുൾ പ്രോസസർ, 32GB RAM, 1TB സ്റ്റോറേജ് എന്നിവ.
വാഷിംഗ്ടണ്‍: (KVARTHA) കംപ്യൂട്ടര്‍ സാങ്കേതികവിദ്യ അതിവേഗമാണ് വളരുന്നത്. ഓരോ വര്‍ഷവും പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളുമായി ലാപ്‌ടോപ്പുകള്‍ വിപണിയില്‍ എത്തുന്നു. ഈ പ്രവണതയില്‍ ഒരു നാഴികക്കല്ലായി മാറുകയാണ് ലെനോവോയുടെ പുതിയ നീക്കം. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (CES) 2025-ല്‍ ലെനോവോ ലോകത്തിലെ ആദ്യത്തെ സ്‌ക്രീനിന്റെ അടിയില്‍ കാമറയുള്ള (അണ്ടര്‍-ഡിസ്പ്ലേ ക്യാമറ) ലാപ്‌ടോപ് അവതരിപ്പിച്ചു. യോഗ സ്ലിം 9ഐ എന്ന ഈ പുതിയ മോഡല്‍, ലെനോവോയുടെ പ്രീമിയം യോഗ സീരീസിന്റെ ഭാഗമാണ്. അത്യാധുനിക സാങ്കേതികവിദ്യയും ആകര്‍ഷകമായ രൂപകല്‍പ്പനയും ഈ ലാപ്‌ടോപ്പിനെ ശ്രദ്ധേയമാക്കുന്നു.
രൂപകല്‍പ്പനയും ഡിസ്പ്ലേയും: പുതിയ കാഴ്ചാനുഭവം
സ്മാര്‍ട്ട്ഫോണുകളില്‍ മാത്രം കണ്ടിരുന്ന അണ്ടര്‍-ഡിസ്പ്ലേ ക്യാമറ എന്ന സാങ്കേതികവിദ്യ ലാപ്‌ടോപ്പുകളിലേക്ക് കൊണ്ടുവന്നതാണ് യോഗ സ്ലിം 9ഐ യുടെ പ്രധാന ആകര്‍ഷണം. 32 മെഗാപിക്‌സല്‍ ക്ലാരിറ്റിയുള്ള കാമറയാണ് ഇതിലുള്ളത്. കാമറ സ്‌ക്രീനിന്റെ അടിയില്‍ ആയതുകൊണ്ട് സ്‌ക്രീന്‍ മുഴുവനായി കാണാം.
സാധാരണ ലാപ്‌ടോപ്പുകളില്‍ സ്‌ക്രീനിന്റെ മുകളില്‍ കാമറ ഉണ്ടാകും, അത് സ്‌ക്രീനിന്റെ കുറച്ചു ഭാഗം മറയ്ക്കും. എന്നാല്‍ ഈ ലാപ്‌ടോപ്പില്‍ അങ്ങനെയില്ല. സ്‌ക്രീന്‍-ടു-ബോഡി അനുപാതം 98 ശതമാനമാണ്, അതായത് സ്‌ക്രീനിന്റെ ചുറ്റുമുള്ള കറുത്ത ബോര്‍ഡര്‍ വളരെ കുറവായിരിക്കും. ഇത് കാഴ്ചക്ക് നല്ല ഭംഗി നല്‍കുന്നു, കൂടുതല്‍ വിസ്താരമുള്ള സ്‌ക്രീന്‍ പോലെ തോന്നും. ലാപ്‌ടോപ്പില്‍ ഇങ്ങനെയൊരു ടെക്‌നോളജി ആദ്യമായി ഉപയോഗിച്ചിരിക്കുകയാണ് ലെനോവോ.
കരുത്തും പ്രകടനവും: അകത്തെ ശക്തി
ലെനോവോ യോഗ സ്ലിം 9ഐ കരുത്തുറ്റ പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്. 14 ഇഞ്ച് ഒ എല്‍ ഇ സി പാനല്‍ ഇതിനുണ്ട്. 4കെ റെസല്യൂഷനും, 120 ഹെട്‌സിന്റെ ഫാസ്റ്റ് റിഫ്രഷ് റേറ്റും, 750 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നെസ്സും ഉള്ളതുകൊണ്ട് ചിത്രങ്ങളും വീഡിയോകളും നല്ല ക്ലിയര്‍ ആയി കാണാം. ഇതിലെ പ്രോസസര്‍ ഇന്റല്‍ കോര്‍ അള്‍ട്രാ 7 258 വി ആണ്, അതുകൊണ്ട് ലാപ്‌ടോപ് വളരെ സ്പീഡില്‍ പ്രവര്‍ത്തിക്കും.
32 ജിബി റാമും ഒരു ടിബി സ്റ്റോറേജും ഉള്ളതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ പറ്റും, ലാപ്‌ടോപ് ഹാങ്ങ് ആവില്ല. നല്ല സൗണ്ടിനായി ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടുള്ള 4 സ്പീക്കറുകള്‍ ഉണ്ട്. കൂടാതെ, 2 തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, ഫാസ്റ്റ് വൈ-ഫൈ 7, 65 വാട്‌സ് ഫാസ്റ്റ് ചാര്‍ജര്‍, കൂടുതല്‍ നേരം ചാര്‍ജ് നില്‍ക്കുന്ന 75വാട്‌സ് ബാറ്ററി എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
ഈ ലാപ്‌ടോപ്പില്‍ എ ഐ സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ട്. എഐ-അധിഷ്ഠിത ടാസ്‌ക്കുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക ന്യൂറല്‍ പ്രോസസ്സിംഗ് യൂണിറ്റ് (NPU) ഇതില്‍ ഉണ്ട്, ഇത് മൊത്തത്തിലുള്ള പ്രകടനവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു.
വിലയും ലഭ്യതയും: എപ്പോള്‍ വാങ്ങാം?
ലെനോവോ യോഗ സ്ലിം 9ഐ യുടെ വില ഏകദേശം 1.59 ലക്ഷം രൂപയാണ് (1,849 ഡോളര്‍). നിലവില്‍ ഇത് അമേരിക്കന്‍ വിപണിയില്‍ മാത്രമാണ് ലഭ്യമാകുന്നത്. 2025 ഫെബ്രുവരി മുതല്‍ ടൈഡല്‍ ടീല്‍ നിറത്തില്‍ ഇത് വാങ്ങാന്‍ സാധിക്കും. ആഗോള വിപണിയിലെ ലഭ്യതയെക്കുറിച്ച് ലെനോവോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
യോഗ സ്ലിം 9ഐ കൂടാതെ, യോഗ ടാബ് പ്ലസ്, ഐഡിയപാഡ് പ്രോ 5ഐ, ഐഡിയ ടാബ് പ്രോ, യോഗ 7ഐ 2-ഇന്‍-1, ഐഡിയസെന്റര്‍ മിനി എക്‌സ്, ഐഡിയസെന്റര്‍ ടവര്‍ തുടങ്ങിയ മറ്റ് അപ്ഗ്രേഡ് ചെയ്ത ഉപകരണങ്ങളും ലെനോവോ അവതരിപ്പിച്ചു.
#Lenovo #YogaSlim9i #UnderDisplayCamera #Laptop #Technology #CES2025 #OLED #Innovation