Summer Drink | പച്ചമാങ്ങ കൊണ്ട് ഞെട്ടിക്കും ഒരു സ്‌പെഷ്യല്‍ ജ്യൂസ്; റെസിപ്പി ഇതാ


● വേനല്‍ ചൂടിനെ തടുക്കാന്‍ നല്ലത്.
● ശരീരത്തിന് തണുപ്പും ഊര്‍ജവും നല്‍കുന്നു.
● കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും.
സോളി കെ ജോസഫ്
(KVARTHA) പഴവര്‍ഗങ്ങള്‍ കൊണ്ടുള്ള ജ്യൂസ് നമുക്ക് എല്ലാം ചിരപരിചിതമാണ്. എന്നാല്‍ പച്ച മാങ്ങ കൊണ്ട് ഒരു മധുരതരമായ ജ്യൂസ് എന്നത് പലര്‍ക്കും അപരിചിതമായ കാര്യമാകും. ഒരിക്കല്‍ ഉണ്ടാക്കി കുടിച്ചാല്‍ വീണ്ടും വീണ്ടും കുടിക്കാന്‍ തോന്നുന്ന ഒരു സ്‌പെഷ്യല്‍ 'പച്ചമാങ്ങ ജ്യൂസ്' റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വേനല്‍ ചൂടിനെ തടുക്കാന്‍ ശരീരത്തിന് തണുപ്പും ഊര്‍ജവും നല്‍കുന്ന നല്ലൊരു അടിപൊളി പച്ച മാങ്ങ ജ്യൂസ് തയ്യാറാക്കി നോക്കാം.
പച്ചമാങ്ങ ജ്യൂസ് തയാറാക്കാന്‍ വേണ്ടുന്ന സാധനങ്ങള്‍
1, പച്ച മാങ്ങ - 1 എണ്ണം
2, പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
3, പൊതിന ഇല - 5 എണ്ണം
4, ഇഞ്ചി - ചെറിയ കഷ്ണം
5, ഉപ്പ് - ആവശ്യത്തിന്
ആദ്യമായി ഒരു പച്ചമാങ്ങ തൊലി കളിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കാം. ശേഷം ഒരു മിക്‌സിയുടെ ജാര്‍ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ മാങ്ങ ഇട്ട് കൊടുക്കാം. ശേഷം മധുരത്തിന് ആവശ്യമായ രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് അഞ്ചോളം പുതിന ഇലയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചേര്‍ത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് അല്പം ഉപ്പും ആവശ്യത്തിന് തണുത്ത വെള്ളവും കൂടി ചേര്‍ത്ത് കൊടുക്കാം.
ആദ്യം അര കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം. ഇതിലേക്ക് കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ ഇത് നന്നായി അരഞ്ഞ് കിട്ടില്ല. ഇത് നന്നായി അരച്ചെടുത്തതിന് ശേഷം ജ്യൂസിന് ആവശ്യമായ വെള്ളം ചേര്‍ത്ത് വീണ്ടും നന്നായി അരച്ചെടുക്കാം. തയ്യാറാക്കിയ ജ്യൂസ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. അടുത്തതായി ആവശ്യത്തിന് ഐസ് ക്യൂബ് കൂടി ചേര്‍ത്ത് കൊടുക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ രുചികരമായ പച്ച മാങ്ങ ജ്യൂസ് തയ്യാര്‍.
വളരെ ലളിതമായി തയ്യാറാക്കാവുന്ന ഈ പച്ചമാങ്ങ ജ്യൂസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ്. വേനല്‍ക്കാലത്ത് ശരീരത്തിന് ഏറെ ഉന്മേഷം നല്‍കുന്ന ഒന്നാണിത്. ഇനി പച്ചമാങ്ങ പഴുക്കാന്‍ കാത്തിരിക്കേണ്ട, പച്ചമാങ്ങ കൊണ്ട് തന്നെ ഇത്രയും രുചികരമായ ഒരു ജ്യൂസ് ഉണ്ടാക്കാവുന്നതാണ്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ ലേഖനം പങ്കിട്ടുകൊണ്ട്, ഈ വേനല്‍ക്കാലത്ത് അവര്‍ക്കും ഒരു പുതിയ രുചി പരിചയപ്പെടുത്താം.
#rawmangojuice #summerdrink #healthyrecipe #indianrecipe #foodie #summer #refreshment #homemade #easyrecipe