Review | ഗോട്ട്: ഇത് വരെ കാണാത്ത തീം, പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ; ശരിക്കും ദളപതിയുടെ വിളയാട്ടം
* ഗോട്ടിലെ രാഷ്ട്രീയ സൂചനകൾ ഏറെയാണ്.
* ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വലിയ വിജയം നേടി
ഡോണൽ മൂവാറ്റുപുഴ
(KVARTHA) വെങ്കിട് പ്രഭുവിൻ്റെ സംവിധാനത്തിൽ ദളപതി വിജയ് നായകനായ ഗോട്ട് തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ശരിക്കും ദളപതി വിളയാട്ടം എന്ന് സിനിമയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. വിജയിയുടെ സ്ഥിരം പാറ്റേൺ എന്നൊക്കെയാണ് പല 'ലോകോത്തര റിവ്യൂ സിങ്കങ്ങൾ' പറഞ്ഞത്. പക്ഷേ സിനിമ വേറെ ലെവൽ ആണ്. ഇത് വരെ കാണാത്ത ഒരു തീം. പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ. വിജയിയുടെ സ്ഥിരം രക്ഷകൻ സിനിമ പ്രതീക്ഷിച്ച് പോകേണ്ടതില്ല എന്ന് എടുത്തു തന്നെ പറയേണ്ടി വരും. എന്നാൽ വിജയ് ആരാധകർക്ക് രോമാഞ്ചം വരുന്ന കുറച്ച് നിമിഷങ്ങൾ ഉണ്ട് എന്നും വേണമെങ്കിൽ പറയാം.
ആത്യന്തികമായി 'ഗോട്ട്' വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ കരിയറിനുള്ള ട്രിബ്യൂട്ടും, വിജയ് എന്ന ഭാവി രാഷ്ട്രീയക്കാരന്റെ ക്യാംപയിന്റെ തുടക്കവുമാണ്. ഈ വസ്തുത ലൗഡ് ആയി തന്നെ സിനിമ പറയുകയും ചെയ്യുന്നുണ്ട്. പഴയ വിജയ് സിനിമകളില്‍ നിന്നുള്ള റഫറന്‍സുകള്‍ മുതല്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ടു വരെ സിനിമ ആദ്യ ജോലി നിര്‍വഹിക്കുന്നുണ്ട്. മൈക്ക് എട്, ക്യാംപയിന്‍ തുടങ്ങട്ടെ എന്ന ഡയലോഗ് മുതല്‍ സിഎം 2026 എന്ന നമ്പര്‍ പ്ലേറ്റും പോസ്റ്റ് ക്രെഡിറ്റ് സീന്‍ വരെ നീണ്ടു നില്‍ക്കുന്ന റഫറന്‍സുകളിലൂടെ രണ്ടാം ദൗത്യവും നിര്‍വഹിക്കുന്നുണ്ട് സിനിമ.
വളരെ വ്യത്യസ്തമായി ഇത്രയും ക്രിയേറ്റീവ് ആയി ചിന്തിക്കുകയും അത് ഒരു സിനിമയാക്കി ഫൈനൽ പ്രോഡക്ട് ആക്കി കാണിക്കുകയും ചെയ്ത സംവിധായകൻ വെങ്കട് പ്രഭുവിൻ്റെ ഒരു നിശ്ചയദാർഢ്യം ഉണ്ടല്ലോ, അതിനെ സമ്മതിച്ചേ പറ്റൂ. രണ്ട് വിജയിയുടെയും അഭിനയവും മികച്ചതായിരുന്നു. കഥയെ കുറിച്ച് ഒന്നും പറയുന്നില്ല. നമ്മൾ പ്രതീക്ഷിക്കുന്ന തരത്തിൽ ഒന്നുമല്ല സിനിമയുടെ പോക്ക് എന്നു മാത്രം കരുതിയാൽ മതി. വെങ്കട് പ്രഭുവിൻ്റെ ശിഷ്യനായ പാ രഞ്ജിത്ത് അടുത്ത കാലത്ത് പറഞ്ഞത് പോലെ 'അയാൾക്ക് മനസിലാകുമോ ഇയാൾക്ക് ഇഷ്ടപ്പെടുമോ എന്നു മാത്രം ചിന്തിച്ച് ഒരു സിനിമ എടുക്കാൻ കഴിയില്ല. ക്രിയേറ്ററിൻ്റെ സ്വാതന്ത്ര്യം എന്നൊരു വസ്തുത കൂടി ഉണ്ട്', ഗോട്ട് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്.
സിനിമ കാണുന്നവർക്കും സ്വതന്ത്രമായി ഒരു ആസ്വാദന മനോഭാവം ഉണ്ടായിരിക്കണം. റീസെൻറ് ആയി വന്ന വിജയ് സിനിമകളിൽ നല്ലൊരു വില്ലൻവേഷം തന്നെയാണ് സഞ്ജയ് / ജീവൻ. ഈ ഒരു ക്യാരക്ടറിന് വേണ്ടി നന്നായി തന്നെയാണ് വിജയ് വില്ലൻ വേഷം പെർഫോം ചെയ്തു വച്ചത്. എല്ലാവരും ഗോട്ട് മൂവിയിലെ പ്രധാന ഏജ്ഡ് കഥാപാത്രമായ വിജയിയാണ് സിനിമയിൽ ഉടനീളം ഫോക്കസ് ചെയ്യുന്നത്. സൈക്കോ വില്ലനിസം കാണിച്ച ക്യാരക്ടർ വിജയ് ആണ് ചെയ്തത് എന്ന് വിരോധികൾക്ക് അംഗീകരിക്കാൻ കഴിയാത്ത വിധം അത്രക്ക് മനോഹരമായി തന്നെ ചെയ്തു വച്ചിട്ടുണ്ട്.
തമിഴിലെ എന്നും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന സംവിധായകന്‍ വെങ്കിട്ട് പ്രഭുവിന്‍റെ വിജയിയെ വച്ചുള്ള ഹീറോയിക്ക് അപ്രോച്ചാണ് ഗോട്ട് എന്ന് ഒരു വാക്കില്‍ പറയാം. പക്ഷെ അതില്‍ ചില ഗംഭീര പരീക്ഷണങ്ങളും സംവിധായകന്‍ നടത്തിയിട്ടുണ്ട്. സ്പെഷ്യല്‍ ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡിലെ പ്രധാന അംഗമാണ് എംഎസ് ഗാന്ധി. സ്വന്തം ഭാര്യയോടും മകനോടും താന്‍ ഇത്തരം ജോലിയാണ് ചെയ്യുന്നത് എന്നത് ഗാന്ധി പങ്കുവയ്ക്കുന്നില്ല. ഭാര്യ രണ്ടാമത് ഗര്‍ഭിണിയായ സമയത്ത് ഒരു മിഷന്‍റെ ഭാഗമായി ഗാന്ധി തായ്‌ലാൻഡിലേക്ക് പോകുന്നു. ഒപ്പം ഭാര്യയെയും മകനെയും കൂട്ടുന്നു.
എന്നാല്‍ അവിടെ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥയുടെ ഗതി നിര്‍ണയിക്കുന്നത്. മൂന്ന് മണിക്കൂറോളം നീളുന്ന ഒരു ആഖ്യാനമാണ് വെങ്കിട്ട് പ്രഭു ഗോട്ടിനായി ഒരുക്കിയിരിക്കുന്നത്. അതില്‍ ആക്ഷനും, ഗാനങ്ങളും, കോമഡിയും, ദളപതി വിജയിയുടെ സ്ഥിരം ഷോകളും വെങ്കിട്ട് പ്രഭുവിന്‍റെ സ്ഥിരം ചില നമ്പറുകളും എല്ലാം ഉണ്ട്. അതിനാല്‍ തന്നെ ദളപതി ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ഗോട്ട് എന്ന് സംശയമില്ലാതെ പറയാം. ടോപ്പ് സ്റ്റാര്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇവര്‍ക്കെല്ലാം പ്രധാന്യമേറിയ റോള്‍ തന്നെയാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്.
അതില്‍ പ്രത്യേകിച്ച് പ്രശാന്ത്, പ്രഭുദേവ എന്നിവരെ അത്യാവശ്യം മികച്ച രീതിയില്‍ പരിഗണിച്ചിട്ടുണ്ട്. സ്നേഹ, ലൈല, മീനക്ഷി അടക്കം വലിയൊരു വനിത താര നിരയുണ്ടെങ്കിലും കാര്യമായി ഒന്നും അവര്‍ക്ക് ചെയ്യാനില്ലെന്ന് തന്നെ പറയാം. യുവൻ ശങ്കർ രാജയുടെ ബി.ജി.എം എടുത്തുപറയേണ്ടത് തന്നെയാണ്. അപാര എനർജി ആയിരുന്നു, പ്രത്യേകിച്ച് ഇൻ്റർവെല്ലിലും ക്ലൈമാക്സിലും. 'സ്വർഗമേ എൻട്രാലും' എന്ന പാട്ടിൻ്റെ റീമിക്സ് ബി.ജി.എം ആയി കേട്ടപ്പോൾ വല്ലാത്ത ഫീൽ ആയിരുന്നു. സാങ്കേതികമായി നോക്കിയാല്‍ വെങ്കിട്ട് പ്രഭുവിന്‍റെ ചിത്രങ്ങള്‍ പുലര്‍ത്തുന്ന ടോപ്പ് നോച്ച് ക്വാളിറ്റി ഗോട്ടും പുലര്‍ത്തുന്നുണ്ട്. അതേ സമയം ഡീ ഏജിംഗില്‍ കൂടുതല്‍ അണിയറക്കാര്‍ വ്യാപൃതരായോ എന്ന സംശയവും ഇല്ലാതില്ല.
സിനിമയുടെ തുടക്കത്തിൽ അന്തരിച്ച ഗായിക ഭവതാരിണി ഇളയരാജയുടെ ഫോട്ടോ കാണിച്ചപ്പോഴും, അവർ പാടാനിരുന്ന പാട്ട് എഐയിൽ കേൾപ്പിച്ചപ്പോഴും മനസ് ഒന്ന് നൊന്തു എന്ന് പറയുന്ന പ്രേക്ഷകരും ഏറെയാണ്. വെങ്കിട് പ്രഭു ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല, ഇത് വേറെ മാതിരി പടം എന്നാണ് ഒരു ആരാധകന്‍ ആവേശത്തോടെ പറയുന്നത്. വിജയ് എന്ന താരത്തിന്റെ ആരാധക പിന്തുണ എത്രത്തോളം ബലമുള്ളതാണ് എന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ ബോധ്യമാവും. കരിസ്മാറ്റിക് സ്‌ക്രീന്‍ പ്രസന്‍സുള്ള വിജയ് എന്തുകൊണ്ടാണ് ഇപ്പോഴും ദളപതിയായി, സൂപ്പര്‍ താരമായി നില്‍ക്കുന്നത് എന്ന് ഗോട്ടിന്റെ ഓരോ സീനിലും ബോധ്യമാവും. ദളപതി ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ഗോട്ട്. ധൈര്യമായി ടിക്കറ്റെടുക്കാം.
#GOATMovie #Vijay #VenkatPrabhu #TamilCinema #Kollywood #IndianCinema #MovieReview