Celebration | സംസ്ഥാന സ്‌കൂള്‍ കലോത്സവം; സമാപന സമ്മേളനത്തിന് ടൊവിനോയും ആസിഫ് അലിയും മുഖ്യാതിഥികള്‍; നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
● പല ഇനങ്ങളിലായി എഴുപത്തി എട്ടോളം പുരസ്‌കാരങ്ങളാണ് നല്‍കുന്നത്.
● സ്വര്‍ണ കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ ആദരിക്കും.
● പഴയിടം മോഹനന്‍ നമ്പൂതിരിയെയും ഹരിത കര്‍മസേനയെയും ആദരിക്കും.
● ഉച്ചക്ക് മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ക്രമീകരണം.
തിരുവനന്തപുരം: (KVARTHA) 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ മുഖ്യാതിഥികളായെത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനാകും.
പല ഇനങ്ങളിലായി എഴുപത്തി എട്ടോളം പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. സ്വര്‍ണ കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപനസമ്മേളനത്തില്‍ ആദരിക്കും. പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഹരിത കര്‍മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്സ് പ്രവര്‍ത്തകരെയും ആദരിക്കും.
കലോത്സവ സ്വര്‍ണക്കപ്പ് വിതരണവും 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്‌കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്‌കാര വിതരണവും മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി.ഗണേഷ് കുമാര്‍, വി.എന്‍.വാസവന്‍, പി.എ.മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, പി.പ്രസാദ്, സജി ചെറിയാന്‍, ഡോ. ആര്‍ ബിന്ദു, ജെ.ചിഞ്ചുറാണി, ഒ.ആര്‍.കേളു, വി.അബ്ദുറഹ്‌മാന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും.
ഉച്ചക്ക് രണ്ടുമണിയോടെ മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ക്രമീകരണം. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് അപ്പീലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. നാല് മണിയോടെ സ്വര്‍ണ കപ്പ് വേദിയിലേക്ക് കൊണ്ട് വരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല.
രാവിലെ 08.00 മണി മുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിനും സെക്രട്ടറിയേറ്റിനും ചുറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. പ്രസ് ക്ലബ് മുതല്‍ വാന്റോസ് വരെയും വാന്റോസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സെക്രട്ടറിയേറ്റ് ഗേറ്റ്-2 (ആസാദ് ഗേറ്റ്) ഭാഗത്ത് വാഹനത്തില്‍ നിന്നും ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (വൈഎംസിഎ) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കേണ്ടതാണ്.
സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന വലിയ വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കിയ ശേഷം (ആസാദ് ഗേറ്റ് ഭാഗത്ത്)ആറ്റൂകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൌണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതും കാറുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ പുളിമുട് മുതല്‍ ആയൂര്‍വേദകോളേജ് വരെയും, ആയൂര്‍വേദകോളേജ് മുതല്‍ കുന്നുംപുറം വരെയുള്ള റോഡിലും, മാഞ്ഞാലിക്കുളം ഗ്രൌണ്ടിലും യൂണിവേഴ്‌സിറ്റി സെനറ്റ് ഹാള്‍ പരിസരത്തും, സംസ്‌കൃത കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതുമാണ്.
ഉച്ചയ്ക്ക് 2 മണി മുതല്‍ ആര്‍ബിഐ, ബേക്കറി ജംഗ്ഷന്‍, വാന്റോസ് ഭാഗങ്ങളില്‍ നിന്നും സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ അനുവദിക്കുന്നതല്ല. പ്രസ് ക്ലബ് ഭാഗത്തു നിന്നും സെക്രട്ടറിയേറ്റ് അനക്‌സിലേക്ക് പോകുന്ന വാഹനങ്ങള്‍ പ്രസ് ക്ലബ്-ഊറ്റുകുഴി-വാന്റോസ്-ജേക്കബ്‌സ് വഴി പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സ്‌കൂള്‍ കലാമേള മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഗതാഗതക്രമീകരണങ്ങള്‍ നടത്തുന്നതിനും സഹായിച്ച പൊലീസിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മന്ത്രി ജി ആര്‍ അനില്‍ നന്ദി അറിയിച്ചു.
#KeralaSchoolArtsFestival #Kerala #Arts #Education #TovinoThomas #AsifAli