Blockbusters | സിനിമയുടെ സുവര്‍ണകാലം; 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ 8 ചിത്രങ്ങള്‍ 

 
Top 8 Highest Grossing Indian Films of 2024
Top 8 Highest Grossing Indian Films of 2024

Representational Image Generated by Meta AI

● മഹാവിഷ്ണുവിന്റെ അവതാരമായി കല്‍ക്കി 2898 എഡി.
● ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രം സ്ത്രീ 2.
● അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂള്‍.
● മിന്നും പ്രകടനമായി ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം.
● ജൂനിയര്‍ എന്‍ടിആറിന്റെ ദേവര പാര്‍ട്ട് 1.
● ബോളിവുഡ് ഹൊറര്‍ ഭൂല്‍ ഭുലയ്യ.
● ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍ ഒന്നിച്ച സിങ്കം എഗെയ്ന്‍.
● സിദ്ധാര്‍ഥ് ആനന്ദ് സംവിധാനത്തിലെത്തിയ ഫൈറ്റര്‍.

ന്യൂഡല്‍ഹി: (KVARTHA) ഇന്ത്യന്‍ സിനിമ ഇപ്പോള്‍ അതിന്റെ സുവര്‍ണകാലത്തെയാണ് അനുസ്മരിപ്പിക്കുന്നത്. ഓരോ വര്‍ഷവും ബോളിവുഡ്, തെലുങ്ക്, തമിഴ്, മലയാളം സിനിമകള്‍ അടക്കം ഇന്ത്യന്‍ സിനിമയില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കഥകളും അതിശയിപ്പിക്കുന്ന പ്രത്യേക ഇഫക്ടുകളുമായി വിസ്മയിപ്പിക്കുകയാണ്. ഈ വര്‍ഷം പ്രത്യേകിച്ച്, ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ചിത്രങ്ങളുടെ നിരയാണ് സമ്മാനിച്ചത്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ വളര്‍ച്ചയും ഈ രംഗത്തെ ഒരു പുതിയ അധ്യായമായി മാറിയിരിക്കുന്നു. ഐഎംഡിബിയുടെ കണക്കുകള്‍ പ്രകാരം 2024ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ എട്ട് സിനിമകള്‍ ഇതാ.

1. കല്‍ക്കി 2898 എഡി: 

ഒരു ഭാവിയിലെ ഇരുണ്ട ലോകം, അവിടെ മഹാവിഷ്ണുവിന്റെ അവതാരം ഒരു പുതിയ തുടക്കത്തിനായി എത്തുന്നു. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി' കലക്ഷനില്‍ മുന്നിലെത്തി. ചിത്രം 2024 ജൂണ്‍ 27-നാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വമ്പന്‍ താരങ്ങളും വേഷമിട്ടു. റിലീസ് ചെയ്ത ഈ ചിത്രം, ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസില്‍ തിളങ്ങി. 550 കോടി രൂപയുടെ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം, 1052.5 കോടി രൂപയുടെ വമ്പന്‍ കലക്ഷന്‍ നേടി.

2. സ്ത്രീ 2:

ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രം സ്ത്രീയുടെ രണ്ടാം ഭാഗം സ്ത്രീ 2 ബോക്‌സ് ഓഫീസില്‍ അസാധാരണമായ പ്രകടനം കാഴ്ചവച്ചു. അമര്‍ കൗശിക് സംവിധാനം ചെയ്ത സിനിമയില്‍ ശ്രദ്ധ കപൂര്‍, രാജ്കുമാര്‍ റാവു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി. സ്ത്രീ 2, 2018ല്‍ എത്തിയ ഹൊറര്‍ ചിത്രം സ്ത്രീയുടെ തുടര്‍ച്ച കൂടിയാണ്. അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. 100 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ഹിന്ദി ചിത്രം ലോകമെമ്പാടും 858.4 കോടി രൂപയും ഇന്ത്യയില്‍ 605.8 കോടി രൂപയും നേടി വന്‍ വിജയമായി.

3. പുഷ്പ 2: ദി റൂള്‍

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ബോക്‌സോഫീസില്‍ കാട്ടുതീയായി. തെലുങ്ക് ചിത്രം ബോക്സ് ഓഫീസില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പല റെക്കോഡുകളും കുറിച്ചു. 550 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ഇതിനോടകം ലോകമെമ്പാടും 805.4 കോടി രൂപ കലക്ഷന്‍ നേടി. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ 500 കോടി കലക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായും പുഷ്പ 2: ദി റൂള്‍ മാറി. സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

4. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം:

മിന്നും പ്രകടനമാണ് ദളപതി വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' ബോക്‌സ് ഓഫീസില്‍ കാഴ്ചവെച്ചത്. ഈ തമിഴ് ചിത്രം 2024-ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത സിനിമയില്‍ വിജയ്, പ്രഭുദേവ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തി. 350 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ലോകമെമ്പാടും 460.3 കോടി രൂപയുടെ ഗ്രോസ് കലക്ഷന്‍ നേടി. 2024-ലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ തമിഴ് ചിത്രവുമാണിത്.

5. ദേവര പാര്‍ട്ട് 1:

കൊരട്ടാല ശിവ ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ദേവര' സിനിമ പ്രേമികളെ ഏറെ ആവേശത്തിലാക്കി. നായകനായി എന്‍.ടി രാമു റാവു ജൂനിയറും നായികയായി ജാന്‍വി കപൂറും അഭിനയിച്ച ഈ ചിത്രത്തില്‍ സൈഫ് അലി ഖാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആദ്യ ദിനം തന്നെ ലോകമെമ്പാടും 132 കോടി രൂപ സമ്പാദിച്ച ദേവര ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആറിന്റെ രണ്ടാമത്തെ വലിയ ഓപ്പണിങ് റെക്കോര്‍ഡ് ചിത്രമായി. ലോകമെമ്പാടും 500 കോടി രൂപയ്ക്ക് അധികം ഗ്രോസ് ചെയ്ത ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

6. ഭൂല്‍ ഭുലയ്യ 3:

ബോളിവുഡ് ഹൊറര്‍ ചിത്രം ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗം പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് സൂപ്പര്‍ഹിറ്റ് ആയി മാറി. കാര്‍ത്തിക് ആര്യന്‍, വിദ്യ ബാലന്‍, മാധുരി ദീക്ഷിത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം അനീസ് ബാസ്മിയാണ് സംവിധാനം ചെയ്തത്. മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയാണ് ഭൂല്‍ ഭുലയ്യ ഹിന്ദിയില്‍ എത്തിയത്. അപ്രതീക്ഷിതമായ വഴിത്തിരിവുകളും ഭയപ്പെടുത്തുന്ന നിമിഷങ്ങളും കൊണ്ട് നിറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ ആവേശത്തിന്റെ മുകളിലേക്ക് എത്തിച്ചു. 150 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ലോകമെമ്പാടും 396.7 കോടി രൂപയും ഇന്ത്യയില്‍ മാത്രം 260.7 കോടി രൂപയും നേടി.

7. സിങ്കം എഗെയ്ന്‍:

ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍ ഒന്നിച്ച ചിത്രമാണ് സിങ്കം എഗെയ്ന്‍. അജയ് ദേഗ്ഗണിനൊപ്പം സിങ്കം എഗെയ്ന്‍ സിനിമയില്‍ കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജാക്കി ഷ്രോഫ് എന്നിവര്‍ക്ക് പുറമേ അതിഥിയായി സല്‍മാന്‍ ഖാനും ഉണ്ടായിരുന്നു. സംവിധാനം നിര്‍വഹിച്ചത് രോഹിത്ത് ഷെട്ടിയാണ്. രാമായണത്തിലെ കഥാതന്തുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, തന്റെ ഭാര്യയെ രക്ഷിക്കാന്‍ സിംഗം നടത്തുന്ന പോരാട്ടമാണ് സിനിമ പറയുന്നത്. 300 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം, 378.4 കോടി രൂപയുടെ വലിയൊരു വരുമാനം നേടി. 

8. ഫൈറ്റര്‍:

'പഠാന്' ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത 'ഫൈറ്റര്‍' വലിയ സ്വീകാര്യത നേടി. ഇന്ത്യന്‍ വ്യോമസേനയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ് ഇത്. ഹൃത്വിക് റോഷന്‍, ദീപിക പദുക്കോണ്‍, അനില്‍ കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 225 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ലോകമെമ്പാടും 355.4 കോടി രൂപയും ഇന്ത്യയില്‍ 212.5 കോടി രൂപയും നേടി വന്‍ വിജയമായി. മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചെങ്കിലും 2024-ലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായി ഫൈറ്റര്‍ മാറി.

#IndianCinema #Bollywood #Tollywood #Kollywood #BoxOffice #2024Movies #Blockbuster

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia