Marriage | ഗുരുവായൂര്‍ അമ്പലനടയില്‍വെച്ച് നടി മീരാ നന്ദന്‍ വിവാഹിതയായി; ലന്‍ഡനില്‍ അകൗണ്ടന്റായ ശ്രീജുവാണ് വരന്‍


മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
താലികെട്ടിന്റെയും സിന്ദൂരം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ മീര ആരാധകര്‍ക്കായി പങ്കുവച്ചു.
അവതാരകയായിാണ് താരം കരിയര്‍ തുടങ്ങിയത്.
തൃശ്ശൂര്‍: (KVARTHA) മലയാള ചലച്ചിത്ര നടിയും റേഡിയോ ജോകിയുമായ മീര നന്ദന്‍ വിവാഹിതയായി. ലന്‍ഡനില്‍ അകൗണ്ടന്റായ ശ്രീജുവാണ് വരന്‍. ശനിയാഴ്ച രാവിലെ (29.06.2024) ഗുരുവായൂര്‍ അമ്പലനടയില്‍വെച്ചാണ് വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിനെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര തന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. താലികെട്ടിന്റെയും സിന്ദൂരം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ മീര ആരാധകര്‍ക്കായി പങ്കുവച്ചു. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു.
മീരയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കൂടാതെ സെലിബ്രിറ്റി മേകപ് ആര്‍ടിസ്റ്റുമാരായ ഉണ്ണി പിഎസ്, സജിത്ത് ആന്‍ഡ് സുജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീരാ നന്ദന്‍. അവതാരകയായി കരിയര്‍ തുടങ്ങിയ മീര നന്ദന്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയ്ക്ക് ശേഷം താരം ഇപ്പോള്‍ ദുബൈയില്‍ ആണുള്ളത്. 2023ല്‍ പുറത്തിറങ്ങിയ 'എന്നാലും ന്റളിയാ' എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ മീര എത്തിയിരുന്നു. വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും, കന്നടയിലും താരം അഭിനയിച്ചു.