Revelation | ലോഹിതദാസിൻ്റെ ശത്രുക്കൾ മമ്മൂട്ടിയും മോഹൻലാലുമായിരുന്നോ? ഒരു തുറന്ന് പറച്ചിൽ
● ലോഹിതദാസ് തന്റെ പുസ്തകത്തിൽ തന്റെ ശത്രുക്കളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.
● മമ്മൂട്ടിയും മോഹൻലാലും ലോഹിതദാസിന്റെ ഏറ്റവും വലിയ സഹകാരികളായിരുന്നു.
● ലോഹിതദാസിന്റെയും മറ്റ് നടന്മാരുടെയും തമ്മിലുള്ള മത്സരം മലയാള സിനിമയെ ഉയർത്തി.
ഡോണൽ മുവാറ്റുപുഴ
(KVARTHA) മമ്മൂട്ടിയും മോഹൻലാലും മലയാളത്തിൻ്റെ മഹാനടന്മാരാണ്. അവർക്ക് പകരം വെയ്ക്കാൻ മലയാളത്തിൽ മറ്റൊരു നടൻ ഇല്ലന്ന് പറയാം. അതുപോലെതന്നെയാണ് മൺമറഞ്ഞ പ്രിയപ്പെട്ട മലയാളത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ആയിരുന്ന ലോഹിതദാസും. അദ്ദേഹം ഉണ്ടാക്കിയ വിടവ് ഇതുവരെ ആർക്കും നികത്താനായിട്ടില്ലെന്നതാണ് വാസ്തവം. ഇപ്പോൾ കേൾക്കുന്നത് മമ്മൂട്ടിയും മോഹൻലാലും ലോഹിതദാസിൻ്റെ ശത്രുക്കൾ ആയിരുന്നെന്നാണ്.
ശത്രുക്കൾ മമ്മൂട്ടിയും മോഹൻലാലുമായിരുന്നോ? ആ ഉള്ളിലുള്ള ശത്രുതയാണ് ലോഹിതദാസിനെ സിനിമാ രംഗത്ത് ഉയരങ്ങളിലെത്തിച്ചത്. എങ്ങനെയാണ് മമ്മൂട്ടിയും മോഹൻലാലും ലോഹിതദാസിൻ്റെ ശത്രുക്കളായത്. അതേക്കുറിച്ച് ലോഹിതദാസ് തന്നെ പറയുന്നു അദ്ദേഹം എഴുതിയ കാഴ്ചവട്ടം എന്ന പുസ്തകത്തിൽ.
ലോഹിതദാസ് എഴുതിയത്:
'കഴിഞ്ഞ ദിവസം എന്റെ വീട്ടിൽ ഒരു ചെറുപ്പക്കാരൻ വന്നു. അയാൾ ഇടക്കിടക്ക് എന്നെ കാണാൻ വരാറുണ്ടായിരുന്നു,വരുന്നത് മിക്കവാറും നാല് കാലിൽ ആയിരിക്കുമെന്ന് മാത്രം. കലാ-സാഹിത്യതാൽപ്പര്യമുള്ളയാളാണ്. ലാറ്റിനമേരിക്കൻ സാഹിത്യത്തെക്കുറിച്ചും മലയാളസാഹിത്യത്തെ കുറിച്ചും അഭിപ്രായങ്ങൾ പറയും. മലയാളസിനിമകളെ കീറിമുറിച്ച് വിമർശിക്കും. ഇന്നിറങ്ങുന്ന മലയാളസിനിമകൾ മുഴുവൻ വലിച്ചു നീട്ടിയ മിമിക്രി സ്ക്രിപ്റ്റ് ആണെന്നാണ് മൂപ്പരുടെ അഭിപ്രായം. എന്റെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാൻ കുറച്ചു കാലം ചെന്നൈയിൽ ആയിരുന്നതിനാൽ ഞങ്ങൾ അടുത്തൊന്നും കണ്ടിരുന്നില്ല.
വന്ന് കയറുമ്പോഴേ അയാൾ പറഞ്ഞു. 'സന്തോഷമായി സാറേ..ഭയങ്കര സന്തോഷമായി..സാറ് മലയാളസിനിമയിലേക്ക് തിരിച്ചു വന്നല്ലോ..സാറ്, മലയാളം വിട്ട് എങ്ങും പോകരുത്' 'ഞാനെങ്ങും പോയില്ലല്ലോ.. തമിഴിൽ ഒരു സിനിമ ചെയ്തെന്നല്ലേ ഉള്ളൂ' ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. 'അതല്ല..സാറ് മലയാളം വിട്ട് പോകാൻ പാടില്ല.. അത് മലയാളിക്ക് നഷ്ടാ.. സാറ് മലയാളത്തിൽ പടം പിടിക്കാത്തത് മലയാള സിനിമയുടെ നഷ്ടമാണെന്ന് രഞ്ജിത് സർ പറഞ്ഞു'. സംവിധായകൻ രഞ്ജിത്ത് അങ്ങനെ ഏതോ പത്രത്തിൽ എഴുതിയതായി ഞാനും കേട്ടിരുന്നു.
'അത് രഞ്ജിത്തിന് എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാവും' ഞാൻ പറഞ്ഞു 'അല്ല സാറേ.. സത്യാ, രഞ്ജിത്ത് സാർ പറഞ്ഞത്' അയാളെന്റെ അടുത്തേക്ക് വന്നിരുന്നു. എന്നിട്ട് ശബ്ദം താഴ്ത്തി ഗൗരവത്തിൽ പറഞ്ഞു. 'സാറിന്റെ യഥാർത്ഥ ശത്രുക്കൾ ആരെന്നറിയോ'? 'ശത്രുക്കളോ.. എനിക്കോ.. എനിക്ക് അങ്ങനെ ശത്രുക്കളൊന്നുമില്ല.. അതൊക്കെ വെറുതെ പറയുന്നതാണ്' 'ഉണ്ട് സാറേ'.. അയാൾ ഉറപ്പിച്ചു പറഞ്ഞു.. 'അത് മറ്റാരുമല്ല, മമ്മൂട്ടിയും മോഹൻലാലുമാണ്'. ഞാൻ പൊട്ടിച്ചിരിച്ചു പോയി. അയാൾ ഗൗരവം വിടാതെ പറഞ്ഞു. 'സാറ് ചിരിക്കണ്ട..സാറിന്റെ യഥാർത്ഥശത്രുക്കൾ മമ്മൂട്ടിയും മോഹൻലാലുമാണ്'.
ഇയാൾ എന്താണ് ഈ പറയുന്നത്!! മമ്മൂക്ക എനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയാണ്. ഞങ്ങൾക്ക് പരസ്പരം ചില അവകാശ അധികാരങ്ങൾ ഉണ്ടെന്നാണ് ഞാൻ എന്നും വിശ്വസിക്കുന്നത്. കഴിഞ്ഞ ഒന്ന് രണ്ട് വർഷമായി അദ്ദേഹവുമായി സമ്പർക്കങ്ങൾ കുറഞ്ഞു പോയിട്ടുണ്ട്. അത് എനിക്ക് ചില പരിഭവങ്ങൾ ഉള്ളത് കൊണ്ടാണ്. സ്വന്തം വീട്ടിൽ അന്യനാക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. ഏറ്റവും കൂടുതൽ സ്നേഹിച്ച ആളുകൾ എന്ത് കൊണ്ടൊന്നു തലോടിയില്ല... ഒരു വാക്ക് ചോദിച്ചില്ല എന്ന പരിഭവവും പിണക്കവുമായിരുന്നു അത്.
തമിഴ്നാട്ടിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ കസ്തൂരിമാൻ എന്ന തമിഴ് സിനിമയാണ് എനിക്ക് കടുത്ത സാമ്പത്തിക ബാധ്യതകൾ നൽകിയത്. നടുക്കടലിൽ അശരണനായി ഞാൻ ഒറ്റപ്പെട്ടു പോയ സമയത്ത് എന്റെ ഫോണിലേക്ക് ഒരു വിളി വന്നു. 'ഞാനാ..മമ്മൂട്ടി.. താനെവിടെയാണ്?' 'ഞാൻ ചെന്നൈയിലാണ് മമ്മൂക്ക' 'അവിടെ ഭയങ്കര മഴയല്ലേ.. പിന്നെ താനെന്തിനാ അവിടെ നിൽക്കുന്നത്.. വേഗം രക്ഷപ്പെട്ട് പോര്.. ഞാനുണ്ട് ഇവിടെ' തമ്മിൽ കണ്ടപ്പോൾ ശകാരിക്കുമെന്ന് വിചാരിച്ചു.. പക്ഷേ അതുണ്ടായില്ല.. ഒരു കാരണവരെ പോലെ ചാരുകസേരയിൽ ചാഞ്ഞു കിടന്നു കൊണ്ട് സ്നേഹാർദ്രമായ ശബ്ദത്തിൽ കുറേ സംസാരിച്ചു, അതെന്റെ മനസ്സിന്റെ തീയാറ്റി.
പിന്നെ അലക്ഷ്യഭാവത്തോടെ പറഞ്ഞു 'താൻ വിഷമിക്കണ്ട.. പോയത് പോയി, തന്റെ ഈ ഉൾവലിയുന്ന സ്വഭാവം മാറ്റണം.. എന്നിൽ നിന്നൊക്കെ താൻ വിട്ടുപോവുകയാണ് ചെയ്തത്.. താൻ എന്നെ വിട്ടാലും ഞാൻ തന്നെ വിടില്ല.. തന്നോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല, തന്റെ കയ്യിൽ കോപ്പുള്ളത് കൊണ്ടാ' ഈ മമ്മൂട്ടി എങ്ങനെയാണ് എന്റെ ശത്രുവാകുന്നത്? അതുപോലെ മോഹൻലാലും.. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പത്തു കഥാപാത്രങ്ങളെ തിരഞ്ഞെടുത്താൽ അതിൽ അഞ്ചെണ്ണമെങ്കിലും എന്റേതായിരിക്കും.. ആ മോഹൻലാലിന് എന്നോടെന്ത് ശത്രുതയുണ്ടാവാനാണ്'?
'സാറിന്റെ ഈഗോയാണ് ശത്രുതക്ക് കാരണം.. ഈഗോ ഇല്ലാത്തവർക്ക് ശത്രുത ഉണ്ടാവില്ല. സാറിന്റെ വ്യക്തി ജീവിതത്തിൽ ഈഗോ കുറവായിരിക്കും. എന്നാൽ ക്രിയേറ്റീവ് ഈഗോ കൂടുതലായിരിക്കും' അയാൾ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. കഥയും കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെടുന്നത് ശൂന്യതയിൽ നിന്നാണ്. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ഒരു ജീവിതസന്ദർഭത്തിൽ നിന്നോ ഒരു വ്യക്തിയുടെ ആത്മസംഘർഷത്തിൽ നിന്നോ അലസമായി ആരെങ്കിലും പറയുന്ന ഒരു വാചകത്തിൽ നിന്നോ ഒരു സിനിമ ഉണ്ടാക്കാനുള്ള ശക്തി എനിക്ക് കിട്ടുന്നത് ഞാൻ എന്ന കഥാകാരന് അത് കഴിയും എന്ന് ഈഗോയിൽ നിന്നാണ്. അത് അഹന്തയെന്ന പോലും വിളിക്കാവുന്ന ആത്മവിശ്വാസമാണ്. അതാരുടെ മുന്നിലും തലകുനിച്ചു കൊടുക്കില്ല.
പതിനെട്ട് വർഷത്തെ സിനിമാ ജീവിതത്തിൽ അഞ്ചോ ആറോ സംവിധായകരുടെ ഒപ്പമേ എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇവരൊക്കെ എങ്ങനെയാണ് എന്റെ വഴക്കമില്ലായ്‌മ സഹിച്ചത് എന്നോർത്ത് എനിക്ക് ചിലപ്പോൾ അതിശയം തോന്നിയിട്ടുണ്ട്. അയാൾ പിന്നേയും പറഞ്ഞു തുടങ്ങി. 'സാറ് തനിയാവർത്തനത്തിലെ ബാലൻ മാഷിനെ ഉണ്ടാക്കിയത് മമ്മൂക്കയെ വെല്ലുവിളിക്കാനാണ്. താൻ കുറേ കാലമായല്ലോ അഭിനയിക്കാൻ തുടങ്ങിയിട്ട്. അത്ര വലിയ ആളാണെങ്കിൽ ഇതൊന്ന് ചെയ്ത് കാണിക്ക്. അങ്ങനെയൊരു വാശി, ആ അഹങ്കാരം സാറിന്റെ ഉള്ളിലുണ്ട്.. മമ്മൂട്ടി പുഷ്പം പോലെ ബാലൻ മാഷിനെ സാറിന്റെ മുന്നിലേക്കിട്ടു തന്നു..സാറ് പരാജയപ്പെട്ടു..സാറിന്റെ തല താഴ്ന്നു നിന്നു'
പിന്നെ മമ്മൂട്ടിയെ വച്ച് സിനിമ എടുക്കുമ്പോൾ സാറിന്റെ ലക്ഷ്യം ഇനി എങ്ങനെ അയാളെ പരാജയപ്പെടുത്താം എന്നതാണ്. അതിനുള്ള കഥയും കഥാപാത്രത്തേയുമാണ് ഉണ്ടാക്കുന്നത്. അങ്ങനെ മുക്തിയിലെ ഹരിദാസൻ വരുന്നു.. മഹായാനത്തിലെ ചന്ദ്രു വരുന്നു.. മൃഗയയിലെ വാറുണ്ണി വരുന്നു.. അമരത്തിലെ അച്ചൂട്ടി വരുന്നു.. വാത്സല്യത്തിലെ രാഘവൻ നായർ വരുന്നു.. ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ വരുന്നു.. അരയന്നങ്ങളുടെ വീട്ടിലെ രവി വരുന്നു.. മോഹൻലാലിനെയും, സാർ ഓരോ ചിത്രത്തിലൂടെയും വെല്ലുവിളിക്കുകയാണ്. ദശരഥത്തിലെ രാജീവ് മേനോൻ, ഹിസ്സ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള, കിരീടത്തിലെ സേതുമാധവൻ, ധനത്തിലെ ശിവശങ്കരൻ, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ, കമലദളത്തിലെ നന്ദഗോപൻ. .ഓരോ പ്രാവശ്യവും മോഹൻലാൽ, സാറിനെ കൂളായി പരാജയപ്പെടുത്തി.
നിങ്ങൾ തമ്മിലുള്ള ഈ വെല്ലുവിളികളും ശത്രുതയുമാണ് മലയാളസിനിമയുടെ ഭാഗ്യം. അവരാണ് സാറിന്റെ യഥാർത്ഥ ശത്രുക്കൾ. സാറിനിയും അവരെ വെല്ലുവിളിക്കണം.. പരാജയപ്പെടുത്തണം. ഇപ്പോൾ അയാളാണ് പൊട്ടിച്ചിരിക്കുന്നത്. ഞാൻ അയാളെ ആദരവോടെ.. സ്നേഹത്തോടെ നോക്കിയിരുന്നു. ഇതൊരു രസകരമായ നിരീക്ഷണമാണ്, ആലോചിച്ചപ്പോൾ അതിൽ കുറേ സത്യവുമുണ്ട്. ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷമാണ് മൃഗയയിലെ വാറുണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് മമ്മൂക്കയോട് ഞാൻ വിശദമായി സംസാരിക്കുന്നത്. മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു.. 'എടോ..ഇത് ഞാൻ ചെയ്താൽ ശരിയാവില്ല' പിന്നീട് ആത്മവിശ്വാസം പകർന്ന് മമ്മൂക്കയെ വാറുണ്ണിയായി വാർത്തെടുക്കാൻ ഞാനും കൂടെ നിന്നു.
ഒരുപക്ഷേ മമ്മൂട്ടി എന്ന പ്രതിഭ എന്റെ പാത്രസൃഷ്ടിക്ക് മുൻപിൽ വിരണ്ടു പോയത് എന്റെ മനസ്സിൽ വിജയസ്മിതം നിറച്ചിട്ടുണ്ടാവണം. അത് പോലെ കമലദളം ചെയ്യുമ്പോൾ മോഹൻലാലും എന്നോട് ചോദിച്ചു. ഈ കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമോ എന്ന്.. പറ്റും എന്നുറപ്പിച്ചു പറഞ്ഞ് ആത്മവിശ്വാസം പകർന്നത് ഞാനാണ്. പക്ഷേ മോഹൻലാൽ എന്ന പ്രതിഭയുടെ ഭയം എന്റെ അഹന്തകളെ ആനന്ദിപ്പിച്ചിരിക്കണം. യാത്ര ചോദിക്കവേ ചെറുപ്പക്കാരൻ പറഞ്ഞു 'ഇത്തരം ശത്രുക്കളാണ് സാറിന്റെ യഥാർത്ഥ മിത്രങ്ങൾ.. മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല, തിലകൻ, കവിയൂർ പൊന്നമ്മ, ജയറാം, ദിലീപ്, മുരളി, കെ.പി.എ.സി ലളിത, മീര ജാസ്മിൻ ഇവരെയൊക്കെ തോൽപ്പിക്കണമെന്ന് സാറിന്റെ മനസ്സിൽ പൂതിയുണ്ട്. അവരെ വച്ച് സാർ ചെയ്ത പടങ്ങൾ കണ്ടാൽ അറിയാം..ഇനിയും എല്ലാറ്റിനെയും സാർ വെല്ലുവിളിക്കണം..തോൽപ്പിക്കണം.. ഞങ്ങൾക്ക് കുറെ സിനിമകൾ കിട്ടുമല്ലോ'. അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു'.
ഇതാണ് ആ സത്യം. ലോഹിതദാസ് തന്നെ ആ സത്യം തൻ്റെ തൂലികയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു. ഇത് എല്ലാവർക്കും ഒരു പാഠവും പ്രചോദനവും ആകട്ടെ. ചില ശത്രുക്കൾ നമ്മെ തോൽപ്പിക്കുകയല്ല വിജയിപ്പിക്കുകയാണെന്നുള്ള സത്യം തിരിച്ചറിയുക. ഒരോ ശത്രുതയും ഉണ്ടാകുന്നത് നമ്മുടെ ഈഗോയിൽ നിന്നാണ്. ഈഗോ വളരും തോറും പുറത്തുള്ളവർ നമ്മുടെ ശത്രുക്കളായി മാറുന്നു. നമ്മിലെ ശത്രു നമ്മുടെ ഉള്ളിൽ തന്നെയാണ്. അത് തിരിച്ചറിയാൻ തുടങ്ങുമ്പോഴാണ് നമ്മൾ വളരുന്നത്.
#Lohithadas #MalayalamCinema #Mammootty #Mohanlal #MalayalamLiterature #BehindTheScenes #Filmmaking