Obituary | കല്‍പ്പന വിടവാങ്ങിയിട്ട് 9 വര്‍ഷം; നര്‍മത്തിന് ചിറകുകള്‍ നല്‍കിയ അഭിനേത്രി

 
Malayalam actress Kalpana
Malayalam actress Kalpana

Photo Credit: Facebook/Kalpana

● 2012ല്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ അവാര്‍ഡ്.
● നാടക കലാകാരന്മാരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകള്‍.
● 1983-ല്‍ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. 

(KVARTHA) ദക്ഷിണേന്ത്യന്‍ സിനിമകളിലെ പ്രത്യേകിച്ച് മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്ത നടിയായ കല്‍പ്പന വിട പറഞ്ഞിട്ട് ജൂണ്‍ 25ന് ഒന്‍പത് വര്‍ഷം. ജഗതി ശ്രീകുമാറും ഇന്നസെന്റുമൊത്ത് അവതരിപ്പിച്ച പൊട്ടിച്ചിരിക്കുന്ന നിരവധി ഹാസ്യ വേഷങ്ങള്‍ വഴി മലയാള സിനിമയില്‍ നിറഞ്ഞാടിയ കല്‍പ്പന ഹൃദയസംബന്ധമായ അസുഖം കാരണമാണ് ഈ ലോകത്ത് നിന്നും 2016  ല്‍ വിടവാങ്ങിയത്. 

ഹാസ്യ വേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നെ സീരിയസ് വേഷങ്ങളില്‍ അഭിനയിച്ച് തന്റെ അഭിനയപ്രതിഭ തെളിയിച്ച കല്‍പ്പന 2012ല്‍ ബാബു തിരുവല്ല സംവിധാനം ചെയ്ത തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ അവാര്‍ഡും വാങ്ങിയിരുന്നു. വര്‍ത്തമാനകാല സമൂഹത്തിലെ ഒരു പ്രണയവിവാഹം (മുസ്ലിം സ്ത്രീയും  നമ്പൂതിരി പുരുഷനും) തന്മയത്വത്തോടെ അവതരിപ്പിച്ചാണ് അവര്‍ ജൂറിയുടെ അംഗീകാരം നേടിയത്. 

പ്രശസ്ത നാടക കലാകാരന്മാരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും അഞ്ച് മക്കളിലെ മൂന്ന് പെണ്‍മക്കളില്‍ ഒരാളാണ് കല്‍പ്പന. കലാ രഞ്ജിനി, കല്‍പ്പന പ്രിയദര്‍ശിനി (കല്‍പ്പന), കവിത മനോരഞ്ജിനി (ഉര്‍വശി) എന്നിവരാണ് ആ മക്കള്‍. മലയാള സിനിമ ചരിത്രത്തിലെ തിരുവിതാംകൂര്‍ സഹോദരിമാരെ അനുസ്മരിപ്പിക്കുന്ന ത്രിമൂര്‍ത്തികള്‍ ആയിരുന്നു ഇവര്‍ മൂന്നുപേരും. മുന്നൂറിലേറെ ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പന മലയാളചലച്ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. 

എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത് 1983-ല്‍ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കല്‍പ്പന അഭിനയരംഗത്തെത്തുന്നത്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രം ആയിരുന്നു  കല്‍പ്പനയുടെ കരിയര്‍ ബ്രേക്ക്. തുടര്‍ന്ന് ഡോക്ടര്‍ പശുപതി, കാബൂളിവാല, ഗാന്ധര്‍വ്വം, ഇഷ്ടം തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ കല്‍പ്പനയെ മലയാളചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് വിശേഷിപ്പിക്കുന്നത്. ഞാന്‍ കല്‍പ്പന എന്നൊരു മലയാള പുസ്തകം കല്‍പ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മലയാള ചലച്ചിത്ര സംവിധായകരില്‍ ഇരട്ട സംവിധായകര്‍ എന്ന പേരുകേട്ട അനില്‍ കുമാറിനെ വിവാഹം കഴിക്കുകയും 2012-ല്‍ വിവാഹമോചനം നേടുകയും ചെയ്തു. ശ്രീമയി എന്ന ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്ന ഒരു പുത്രി ഈ ദമ്പതികള്‍ക്ക് ഉണ്ട്. ഹൃദയം സംബന്ധമായ അസുഖം മൂലം ചികിത്സയിലിരിക്കെ തന്റെ അന്‍പതാമത്തെ വയസില്‍ കല്‍പ്പന ഈ ലോകത്തോട് വിട പറഞ്ഞു.

മലയാള സിനിമയിലെ എക്കാലത്തെയും ഹാസ്യ റാണി കല്‍പ്പനയെ അനുസ്മരിക്കാന്‍ ഈ വാര്‍ത്ത പങ്കിടുക. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.

It has been nine years since the demise of Kalpana, the beloved Malayalam actress. Known for her impeccable comic timing and versatility, Kalpana left an indelible mark on Malayalam cinema.

#Kalpana, #MalayalamCinema, #Actress, #Comedy, #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia