Bollywood News | മേഘ്‌ന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്കെത്തുന്നു; നായിക ആ ഹിറ്റ് താരം!
● 'ദയര' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
● കരീന കപൂറായിരിക്കും ചിത്രത്തിലെ നായിക.
● ആയുഷ്മാന്‍ ഖുറാനയ്ക്ക് പകരക്കാരനായാണ് എത്തുന്നത്.
കൊച്ചി: (KVARTHA) പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ബോളിവുഡിലേക്കെത്തുന്നു. മേഘ്‌ന ഗുല്‍സറിന്റെ സംവിധാനത്തിലെത്തുന്ന അടുത്ത പുതിയ ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് പകരക്കാരനായാണ് പൃഥ്വിരാജ് എത്തുന്നത്. എന്തായിരിക്കും പൃഥ്വിരാജിന്റെ കഥാപാത്രം എന്നതിനെ കുറിച്ചുള്ള സൂചനയും പുറത്തായിട്ടുണ്ട്.
'ദയര' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പൊലീസ് ഉദ്യോഗസ്ഥാനായിട്ടാകും എത്തുക. ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആയുഷ്മാന്‍ ഖുറാനയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഷെഡ്യൂളിലെ പ്രശ്നങ്ങള്‍ കാരണം ചിത്രം ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പൃഥ്വിരാജിനെ സമീപിച്ചത്. കരീന കപൂറായിരിക്കും ചിത്രത്തിലെ നായിക.
സച്ചിന്‍ കുന്ദല്‍കര്‍ സംവിധാനം നിര്‍വഹിച്ച അയ്യയിലൂടെയായിരുന്നു പൃഥ്വിരാജ് ബോളിവുഡില്‍ അരങ്ങേറിയത്. 2012ലായിരുന്നു അയ്യാ സിനിമയുടെ റിലീസ്. റാണി മുഖര്‍ജിയാണ് നായികയായും എത്തിയത്.
മലയാളത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസിന്റെ ഗുരുവായൂര്‍ അമ്പലനടയിലാണ് പൃഥ്വിരാജ് നായകനായ അവസാന ചിത്രം. ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 90.20 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്.
#PrithvirajSukumaran #Bollywood #MalayalamCinema #IndianCinema #MeghnaGulzar #BollywoodDebut