Support | 'സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു'; എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ


● റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു.
● ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.
● കലാസൃഷ്ടിയെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിൻ്റെ പ്രകടനമാണ്.
തിരുവനന്തപുരം: (KVARTHA) 'എമ്പുരാൻ' സിനിമ കണ്ടെന്നും, സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു.
സിനിമയുടെ റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇത് ആശങ്കാജനകമാണ്. വർഗീയതയ്ക്കെതിരെ നിലപാടെടുത്തതിൻ്റെ പേരിൽ ഒരു കലാസൃഷ്ടിയെ നശിപ്പിക്കാനും കലാകാരന്മാരെ ആക്രമിക്കാനും വർഗീയവാദികൾക്ക് സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല. ജനാധിപത്യ സമൂഹത്തിൽ പൗരൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
കലാസൃഷ്ടിയെയും കലാകാരന്മാരെയും നശിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിൻ്റെ പ്രകടനമാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും വിലയിരുത്താനുമുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച് ഇതിനെതിരെ ശബ്ദമുയർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടേയും ആർ എസ് എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്.
ഈ സമ്മർദ്ദത്തിൽ പെട്ട് സിനിമയുടെ റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല.
ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Pinarayi Vijayan expressed his support for the movie "Empuran" while criticizing the atmosphere of fear created by the Sangh Parivar, emphasizing the importance of safeguarding artistic freedom and democratic values.
#EmpuranMovie #PinarayiVijayan #SanghParivar #FreedomOfExpression #DemocraticValues #MalayalamCinema