Release | നയന്‍താരയുടെ ജീവിതം ഡോക്യുമെന്ററി ആകുന്നു; ഒടിടി റിലീസിംഗ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്


● ഗൗതം വാസുദേവ് മേനോനാണ് സംവിധാനം.
● ഒരു മണിക്കൂര്‍ 21 മിനിട്ടാണ് വീഡിയോയുടെ ദൈര്‍ഘ്യം.
● നെറ്റ്ഫ്‌ലിക്‌സിലാണ് ഡോക്യൂമെന്ററി സ്ട്രീം ചെയ്യുന്നത്.
ചെന്നൈ: (KVARTHA) സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന മലയാള ചിത്രത്തിലെ നായികയായാണ് തെന്നിന്ത്യന്‍ താരം നയന്‍താര (Nayanthara) സിനിമയിലേക്ക് എത്തുന്നത്. അവിടെ നിന്ന് തമിഴിലേക്ക് ചുവടുവെച്ച താരം ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് വളരുകയായിരുന്നു.
ഇപ്പോഴിതാ, തെന്നിന്ത്യന്‍ താരം നയന്‍താരയുടെ ജീവിതം ഡോക്യൂമെന്ററി ആകുകയാണ്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഒരു മണിക്കൂര്‍ 21 മിനിട്ടാണ് വീഡിയോയുടെ ദൈര്‍ഘ്യം.
2015 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ചിത്രത്തിന്റെ സംവിധായകനായ വിഘ്നേശ് ശിവനുമായി നയന്‍താര പ്രണയത്തിലായത്, പിന്നീട് 2022 ജൂണ്‍ 9 നാണ് ഇരുവരും വിവാഹിതരായത്. താരത്തിന്റെ വിവാഹവും, കരിയറും ഉള്‍പ്പടെ അവരുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. താരത്തിന്റെ ജന്മദിനമായ നവംബര്‍ 18 നാണ് നെറ്റ്ഫ്‌ലിക്‌സില്‍ ഡോക്യൂമെന്ററി സ്ട്രീം ചെയ്യുന്നത്.
ഒക്ടോബര്‍ 30 ന് നെറ്ഫ്‌ലിക്‌സ് ഇന്ത്യ സൗത്താണ് ഡോക്യൂമെന്ററിയുടെ റിലീസിംഗ് തീയതി ഉള്‍പ്പെടുത്തി കൊണ്ടുള്ള പോസ്റ്റര്‍ എക്സിലൂടെ പുറത്തുവിട്ടത്. പോസ്റ്ററില്‍ റെഡ് കാര്‍പെറ്റിലുടെ നടന്നു പോയി ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്ന നയന്‍താരയെ കാണാം. താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
#Nayanthara, #Netflix, #documentary, #southindiancinema, #tamilcinema, #malayalamcinema, #bollywood