Manorathangal | മമ്മൂട്ടിയും മോഹന്‍ലാലും അടക്കം സൂപര്‍ താരങ്ങള്‍ അണിനിരക്കുന്നു; എംടിയുടെ 9 തിരക്കഥകളടങ്ങുന്ന സിനിമാ സമാഹാരമായ 'മനോരഥങ്ങള്‍' ഓഗസ്റ്റ് 15 ന് പ്രേക്ഷകരിലേക്ക്


കോവിഡ് കാലത്ത് കഥാകൃത്തിന്റെ തൂലികയില്‍ ഉദിച്ചത്.
എംടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതി ശ്രീകാന്തും ചലച്ചിത്ര സമാഹാരത്തിലെ സംവിധായികയാണ്.
ട്രെയിലറിന്റെ തുടക്കത്തില്‍ ഉലകനായകന്‍ കമല്‍ ഹാസനാണ് എത്തുന്നത്.
കൊച്ചി: (KVARTHA) കോവിഡ് (Covid-19) കാലത്ത് എംടി വാസുദേവന്‍ നായരുടെ (MT Vasudevan Nair) തൂലികയില്‍ പിറന്ന ഒന്‍പത് തിരക്കഥകളാണ് (Screenplay) മനോരഥങ്ങള്‍ (Manorathangal). ഇപ്പോഴിതാ, മനോരഥങ്ങള്‍ എന്ന സിനിമാ സമാഹാരത്തിലൂടെ കഥകള്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. മോഹന്‍ലാല്‍ (Mohanlal), മമ്മൂട്ടി (Mammootty), കമല്‍ ഹാസന്‍ (Kamal Haasan), ഫഹദ് ഫാസില്‍ (Fahad Fazil) ഉള്‍പെടെ വന്‍ സൂപര്‍ താരനിരയാണ് ചിത്രങ്ങളുടെ ഭാഗമാകുന്നത്.
ഓഗസ്റ്റ് 15 ന് സിനിമാ സമാഹാരമായ മനോരഥങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തും. എംടിയുടെ 91-ാം പിറന്നാള്‍ ദിനമായ തിങ്കളാഴ്ച (15.07.2024) ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ താര സാനിധ്യത്തില്‍ പുറത്തിറക്കിയത്. ട്രെയിലറിന്റെ തുടക്കത്തില്‍ ഉലകനായകന്‍ കമല്‍ ഹാസനാണ് എത്തുന്നത്.
ട്രെയിലര്‍ ലോഞ്ചില്‍ നടന്ന ഹൃദ്യമായ കാഴ്ച്ചയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ലോഞ്ചിനൊപ്പം നടന്ന പിറന്നാള്‍ ആഘോഷത്തില്‍ മമ്മൂട്ടിയുടെ കൈപിടിച്ച് കേക് മുറിച്ച എംടി, കേക് സ്വീകരിച്ചശേഷം മമ്മൂട്ടിയുടെ തോളിലേക്ക് ചാഞ്ഞ് ആശ്ലേഷിക്കുകയായിരുന്നു. വളരെ സന്തോഷം നല്‍കുന്നതെന്നാണ് ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്. ഗുരു-ശിഷ്യ ബന്ധം എന്നൊക്കെയാണ് ചില പ്രതികരണങ്ങളില്‍ വന്നത്.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എട്ട് സംവിധായകരും മമ്മൂട്ടിയും, മോഹന്‍ലാലും കൂടാതെ ആസിഫ് അലി, ബിജു മേനോന്‍, ഇന്ദ്രജിത്ത്, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയ താരനിരകളും ഓരോ ചിത്രങ്ങളുടെയും ഭാഗമാകുന്നുണ്ട്.
എംടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതി ശ്രീകാന്തും ചലച്ചിത്ര സമാഹാരത്തിലെ സംവിധായികയാണ്. സീരീസില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട്, അശ്വതി നായര്‍ തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്.
പ്രിയദര്‍ശന്‍ ഒരുക്കിയ 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. 'ഓളവും തീരവും', ഈ അസാധാരണ പരമ്പരയ്ക്ക് തുടക്കം നല്‍കുന്നു. എംടിയുടെ ആത്മകഥാംശങ്ങളുള്ള 'കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ശിലാലിഖിതം ബിജു മേനോന്‍, ശാന്തികൃഷ്ണ, ജോയ് മാത്യു എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നു.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'കാഴ്ച്ച'യില്‍ പാര്‍വതി തിരുവോത്തും ഹരീഷ് ഉത്തമനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അശ്വതി നായര്‍ സംവിധാനം ചെയ്യുന്ന 'വില്‍പ്പന' എന്ന ചിത്രത്തില്‍ മധുവും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്നു. പുതിയ തലമുറയിലെ സംവിധായകനായ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'ഷെര്‍ലോക്കി'ല്‍ ബഹുമുഖ പ്രതിഭകളായ ഫഹദ് ഫാസിലും സറീന മൊയ്ദുവും ഒന്നിക്കുന്നു.
ജയരാജ് നായരുടെ സംവിധാനത്തില്‍ കൈല്ലാഷ്, ഇന്ദ്രന്‍സ്, നെടുമുടി വേണു, രഞ്ജി പണിക്കര്‍, സുരഭി ലക്ഷ്മി എന്നിവരുള്‍പ്പെടുന്ന അഭിനേതാക്കള്‍ ഒന്നിക്കുന്ന ചിത്രമാണ് 'സ്വര്‍ഗം തുറക്കുന്ന സമയം'. പ്രശസ്ത സംവിധായകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'അഭയം തേടി വീണ്ടും'എന്ന ചിത്രത്തില്‍ സിദ്ദിഖ്, ഇഷിത് യാമിനി, നസീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'കടല്‍ക്കാറ്റ്' എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് 15ന് ഒടിടി പ്ലാറ്റ് ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
MT യുടെ മമ്മൂട്ടി 🩷pic.twitter.com/KJ3fffy8Nx
— ForumKeralam (@Forumkeralam2) July 15, 2024