Scandal | നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍; രഞ്ജിത്തിനെതിരായ ആരോപണത്തില്‍ പരാതിയില്ലെങ്കില്‍ കേസെടുക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: (KVARTHA) ബംഗാളി നടി ശ്രീലേഖ മിത്രയുടെ (Sreelekha Mitra) നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ (Ranjith) പ്രതിഷേധം ശക്തമാണ്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി വേണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ (KPCC president K Sudhakaran) ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സുധാകരന്‍ പറഞ്ഞു. ആര്‍.വൈ.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് (RYF Protest) നടത്തി. രഞ്ജിത്തിന്റെ കോലം കത്തിച്ചു.
അതിനിടെ, രഞ്ജിത്തിനെതിരായ ആരോപണത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മീഡിയ വഴി ഉന്നയിച്ച മൊഴിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സജി ചെറിയാന്‍ രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനായതിനാല്‍ വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കുറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍. നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താന്‍ ആകുകയുള്ളു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സര്‍ക്കാര്‍ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
പൊലീസാണ് പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത്. ആരോപണം ഉയര്‍ന്നപ്പോള്‍ രഞ്ജിത്ത് മറുപടി പറഞ്ഞു. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇക്കാര്യത്തില്‍ പരാതി വന്നാല്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. ആരോപണത്തില്‍ കേസെടുത്താല്‍ അത് നിലനില്‍ക്കില്ലെന്നും പരാതി തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കൂ എന്നുമാണ് മന്ത്രിയുടെ നിലപാട്.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോട് പരാതി അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. മോശം പെരുമാറ്റം എതിര്‍ത്തതുകൊണ്ട് പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം നിഷേധിച്ചതെന്നും ശ്രീലേഖ മിത്ര പറയുന്നു.
#SreelekhaMitra #Ranjith #Kerala #allegations #SajiCherian #MalayalamFilmIndustry #protests