Poster Release | പടം മുഴുവന്‍ വയലന്‍സോ? ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി
● ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്‌സണ്‍.
● 100 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായി.
● പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍.
● പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
കൊച്ചി: (KVARTHA) ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി ഹനീഫ് അദേനി (Haneef Adeni) സംവിധാനം ചെയ്യുന്ന മാര്‍ക്കോ (Marco) എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ (Second Look Poster) ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മാര്‍ക്കോയുടെ നിര്‍മ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.
നൂറ് ദിവസത്തോളം എടുത്ത ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മലയാളത്തിലെ ഏറ്റവും വയലന്റ് ആയ ചിത്രമെന്നാണ് ഈ സിനിമയെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അത് വ്യക്തമാക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതും.
'മലയാളത്തില്‍ ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ഇതാദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍സ് ഉള്ള രംഗങ്ങളാണ് ചിത്രത്തിലുള്ളത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ഗൗരവത്തില്‍ എടുക്കണം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ പോവുന്നത്,' എന്നാണ് ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍ കുറിച്ചിരിക്കുന്നത്.
പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കലൈ കിംഗ്‌സണ്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ചിത്രം 30 കോടി ബജറ്റില്‍ ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ കെജിഎഫ്, സലാര്‍ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
#MarcoMovie #UnniMukundan #MalayalamCinema #ActionThriller #RaviBasrur #NewPoster