Allegation | മലയാള സിനിമയിലെ പ്രമുഖർ കുടുങ്ങും? ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘം 35 കേസുകൾ രജിസ്റ്റർ ചെയ്തു; 'ഭൂരിഭാഗവും ലൈംഗിക ചൂഷണ ആരോപണം'
● ചില പ്രമുഖർക്കെതിരെ അഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
● സിനിമ വ്യവസായത്തിലെ പ്രമുഖരുടെ സമ്മർദത്തിൽ ആണെന്നാണ് എസ്ഐടിയുടെ സംശയം.
● 5 കേസുകളിൽ ഓരോന്നും രഹസ്യമായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം: (KVARTHA) സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരിൽ നിന്ന് മൊഴിയെടുക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) 35 കേസുകൾ രജിസ്റ്റർ ചെയ്തു. സിനിമ മേഖലയിലെ നിരവധി പ്രമുഖർക്കെതിരെയാണ് ഈ കേസുകളെന്നാണ് റിപ്പോർട്ട്.
ചില പ്രമുഖർക്കെതിരെ അഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുപ്രീം കോടതിയിൽ അന്വേഷണത്തെ ചോദ്യം ചെയ്ത് ഹർജികൾ സമർപ്പിച്ചിരുന്നു. ഇത് സിനിമ വ്യവസായത്തിലെ പ്രമുഖരുടെ സമ്മർദത്തിൽ ആണെന്നാണ് എസ്ഐടിയുടെ സംശയം.
35 കേസുകൾക്ക് പുറമേ, നടൻ സിദ്ദിഖിനെതിരെയുള്ള കേസുകൾ ഉൾപ്പെടെ 24 വ്യത്യസ്ത കേസുകളും പരാതിക്കാരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തെ പിന്തുണച്ച് സംസ്ഥാന സർക്കാരും സംസ്ഥാന വനിതാ കമ്മീഷനും സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്. 35 കേസുകളിൽ ഓരോന്നും രഹസ്യമായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകളിൽ ഭൂരിഭാഗവും ലൈംഗിക പീഡനക്കേസുകളാണെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു.
അന്വേഷണം തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിമൻ ഇൻ സിനിമ കളക്ടീവും (WCC) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ട് പോകാൻ ഇരകൾക്ക് താത്പര്യം ഇല്ലെങ്കിലും, കുറ്റവാളികളെ വെറുതെ വിടാൻ തയ്യാറല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
#SITInvestigation, #SexualHarassment, #MalayalamCinema, #Celebrities, #KeralaGovernment, #WomenInCinema