Trial | നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ നടന്‍ ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍ നേര്‍ക്കുനേര്‍; അന്തിമ വിധി 2 മാസത്തിനകം ഉണ്ടായേക്കും
● ഈ മാസം 20നാണ് പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയത്
● നടപടിക്ക് പിന്നില്‍ സുപ്രീംകോടതിയുടെ നിര്‍ദേശം
കൊച്ചി: (KVARTHA) നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ നടന്‍ ദിലീപും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും കോടതിയില്‍ വീണ്ടും നേര്‍ക്കുനേര്‍. കേസിലെ രണ്ടാംഘട്ട വിചാരണ നടപടികള്‍ വ്യാഴാഴ്ച ആരംഭിച്ചു. തുടര്‍ന്നാണ് കേസിലെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരായത്. പ്രതികളെ കോടതി നേരിട്ട് വിസ്തരിക്കുന്നത് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു.
നേരത്തെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സമയത്ത് ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ച് കോടതി മുറിയിലെത്തിയിരുന്നു. വ്യാഴാഴ്ച കോടതി മുറിക്കുള്ളില്‍ കേസിലെ 13 പ്രതികളില്‍ 12 പേരും ഹാജരായി എന്നാണ് അറിയുന്നത്. അഞ്ചാം പ്രതിക്ക് വ്യക്തിപരമായ അസൗകര്യം കാരണം ഹാജരാകാന്‍ സാധിച്ചില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. പ്രതികളുടെ വിസ്താരം പൂര്‍ത്തിയായാല്‍ കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കലിലേക്കും തുടര്‍ന്ന് വിധിയിലേക്കും കടക്കും. രണ്ടു മാസത്തിനുള്ളില്‍ തന്നെ കേസില്‍ അന്തിമ വിധി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. 2017ല്‍ നടന്ന കേസില്‍ ഏഴര വര്‍ഷത്തിനു ശേഷം ഈ മാസം 20നാണ് പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയത്.
വിചാരണ അനന്തമായി നീളുന്നത് ചോദ്യം ചെയ്ത സുപ്രീംകോടതി പല്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്ത് വിചാരണയാണ് ഇതെന്ന ചോദ്യവും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. നേരത്തെ കേസിന്റെ വിചാരണാ നടപടികള്‍ നടക്കുന്ന സമയങ്ങളില്‍ പൊലീസ് അകമ്പടിയോടെയാണ് പള്‍സര്‍ സുനി കോടതിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ സ്വതന്ത്രനായി എത്തുകയായിരുന്നു.
നേരത്തെ കേസിന്റെ വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിഭാഗം സാക്ഷികളുടെ വിസ്താരവും കഴിഞ്ഞ സാഹചര്യത്തിലാണ് വ്യാഴാഴ്ച മുതല്‍ പ്രതികളുടെ വിസ്താരം ആരംഭിച്ചത്.
ഷൂട്ടിങ്ങിനു ശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നില്‍ വാഹനമിടിപ്പിച്ച് നിര്‍ത്തുകയും അതിക്രമിച്ച് കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്.
#MalayalamActressCase #Dileep #PulsarSuni #KeralaCrime #IndianLaw #Justice