Movie Review | കുടുംബസ്ഥൻ: ചിരിയും ചിന്തയും നിറഞ്ഞ സിനിമ, മണികണ്ഠൻ്റെ ഉജ്ജ്വല പ്രകടനം


● ഹാസ്യവും, നാടകീയതയും ചേർന്ന കഥ.
● സാധാരണക്കാരുമായി ബന്ധപ്പെടുന്ന വിഷയം.
● മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും.
● കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന സിനിമ.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) മണികണ്ഠൻ നായകനായി എത്തിയ 'കുടുംബസ്ഥൻ' എന്ന തമിഴ് സിനിമ തമിഴ് നാടിന് പുറമെ കേരളത്തിലെ തീയേറ്ററുകളിലും റിലീസ് ആയിരിക്കുകയാണ്. നവാഗത സംവിധായകനായ രാജേശ്വർ കാളിസ്വാമിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കോമഡി ഫാമിലി ഡ്രാമ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് കുടുംബസ്ഥൻ. ഗുഡ് നൈറ്റ്, ലവർ എന്നീ ചിത്രങ്ങൾക്ക് ശേഷം മണികണ്ഠൻ നായകനായി വന്ന കുടുംബസ്ഥൻ വളരെ മികച്ച കോമഡി സിനിമയാണ്. ഫാമിലി ഇമോഷൻസും തമാശയും ഒരുപോലെ ചേർത്ത് കൊണ്ട് ഒരുക്കിയ സിനിമ ഒരിടത്ത് പോലും ലാഗ് ആകാതെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.
മണികണ്ഠന്റെ ഉജ്വല പ്രകടനം കൂടി ചേരുമ്പോൾ സിനിമ പലയിടത്തും നമ്മളെ ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. മണികണ്ഠൻ തന്നെയാണ് സിനിമയുടെ നെടുംതൂൺ. മണികണ്ഠൻ ഇല്ലാത്ത സീനുകൾ പോലും വിരളം. കോമഡി ആയാലും സെന്റിമെൻസ് ആയാലും റൊമാൻസ് ആയാലും എല്ലാം അവിടെ ഭദ്രം. പുതിയ നടി സാൻവേ മേഘന ആണ് നായിക വേഷം ചെയ്തിരിക്കുന്നത്. കൺവെൻഷനൽ അല്ലാത്ത നായികവേഷം അവർ ഗംഭീരമാക്കി. ആദ്യത്തെ കുറച്ച് നേരം കൊണ്ട് ക്ലീഷേ ഒളിച്ചോട്ടം സീനുകൾ രസത്തിൽ കാണിച്ച് നായകനെ കുടുംബസ്ഥൻ ആക്കി കഥ തുടങ്ങുന്നു.
പ്രാരാബ്ദങ്ങൾ ഓടിക്കുന്ന നായകന്റെ നെട്ടോട്ടമാണ് പിന്നെ അവസാനം വരെ. മിഡിൽ ക്ലാസ് ജീവിതം നയിക്കുന്ന നവീൻ ജാതി മാറി ഒരു രജിസ്റ്റർ മാരേജ് ചെയ്തു. അതിൻ്റേതായ ഇഷ്ടക്കേട് വീട്ടിൽ ഉണ്ട്. അവൻ്റെ ചെറിയ വരുമാനത്തിലാണ് അച്ഛൻ, അമ്മ, ഭാര്യ അടങ്ങുന്ന കുടുംബം മുഴുവൻ കഴിയുന്നത്. പെങ്ങളെ നല്ല നിലയിൽ കെട്ടിച്ച് വിട്ടു. അളിയന് നവീനെയും കുടുംബത്തെയും പുച്ഛമാണ്. പറഞ്ഞ് കാണിക്കുകയും ചെയ്യും. ഭാര്യ ഗർഭിണി ആയി, ഭക്തയായ അമ്മയ്ക്ക് ഭക്തി ടൂർ പോണം, അച്ഛന് പൂർവിക വീട് നേരെയാക്കണം, ഭാര്യ പഠിക്കുന്നുണ്ട്, ആ ചെലവ് നോക്കണം, അളിയൻ്റെ ടോർച്ചർ വേറെ, ദൈനംദിന ചെലവ് നോക്കണം, ഏതറ്റവും കൂട്ടിമുട്ടുന്നില്ല.
ഇതിനിടയ്ക്ക് ജോലിയും നഷ്ടമാകുന്നു. അയാൾ ശരിക്കും പെടുന്നു. എല്ലാ സങ്കടവും ബാത്റൂമിൽ പൈപ്പ് തുറന്ന് ആരും കാണാതെ പറഞ്ഞ് തീർക്കുന്ന കുടുംബസ്ഥൻ. കടത്തിന് മേലെ കടം വാങ്ങി കുടുംബം നോക്കുന്ന കുടുംബസ്ഥൻ, മാനം മര്യാദ ചെയ്യാൻ കഷ്ടപ്പെടുന്ന കുടുംബസ്ഥൻ! എന്തിന് ഒരു ഞായറാഴ്ച കോഴിയിറച്ചി വാങ്ങാൻ പെടാപ്പാട് പെടുന്ന കുടുംബസ്ഥൻ. ഇതൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം. മണികണ്ഠൻ്റെ കിടിലം പ്രകടനം. സീരിയസ് വിഷയമാണ് ചർച്ച ചെയ്യുന്നതെങ്കിലും പടം ഫുൾ കോമഡി ആണ്. ചിരിച്ച് ഒരു വഴി ആയി. സീരിയസ് രംഗങ്ങൾ പോലും കോമഡി ആയിട്ടാണ് ഇതിൽ കാണിക്കുന്നത്.
അളിയനെ കൂട്ടി മാനേജരെ കാണാൻ വരുന്ന രംഗം ആരും ചിരിച്ചു പോകും. ക്ലൈമാക്സിനോടടുക്കുമ്പോൾ മാത്രമാണ് സെൻ്റി ആവുന്നത്. മണികണ്ഠൻ, സാൻവെ മേഘന, ഗുരു സോമസുന്ദരം, സൗന്ദർരാജൻ, ബാലാജി ശക്തിവേൽ, പ്രസന്ന ബാലചന്ദ്രൻ , നിവേദിത രാജപ്പൻ എന്നിവരാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ നിന്നും ജയ ജയ ജയഹെയിലെ ബേസിൽ ജോസെഫിന്റെ അമ്മ വേഷം ചെയ്ത നടി ഇവിടെ ഒരു പ്രധാന വേഷത്തിൽ ഉണ്ട്. അവർ സൂപ്പർ ആയിരുന്നു ഇവിടെയും. ഗുരു സോമസുന്ദരം രസമായി. ആർ സുന്ദരരാജനും ആപ്റ്റ് ആയിരുന്നു. നായകന്റെ കൂട്ടുകാർ ആയി വന്ന ഗാങ് രസിപ്പിച്ചു.
വൈശാഖ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചത് തന്നെ ആയിരുന്നു. ആകെ മൊത്തത്തിൽ ഈ വർഷം പുറത്തിറങ്ങിയ മികച്ച തമിഴ് സിനിമകളിൽ ഒന്നാണ് കുടുംബസ്ഥൻ. മിഡിൽ ക്ലാസ് പശ്ചാത്തലം സിനിമയാക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പ്രേക്ഷകനുമായി കണക്ട് ആകും. പ്രേക്ഷകനുമായി അത്തരം വിഷയം വരുന്ന ചിത്രങ്ങൾക്ക് കൂടുതൽ ഇഫക്ടീവ് ആയി സംസാരിക്കാൻ കഴിയും. കുടുംബസ്ഥൻ അത്തരമൊരു മനോഹരമായ സിനിമയാണ്. വെറും ഫാമിലി ഡ്രാമ മാത്രമല്ല, ഒരുപാട് തമാശകളും നിറഞ്ഞ സിനിമയാണ്. കണ്ടാസ്വദിക്കുക. കഥാപാത്രങ്ങളും, കാസ്റ്റിങ്ങും, പ്രകടനങ്ങളും കൊള്ളാം. താളം കൃത്യമായി കണക്ട് ആയാൽ ആദ്യാവസാനം ആസ്വദിച്ചു കാണാം.
ഈ വാര്‍ത്ത പങ്കുവെച്ച് സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തു.
'Kudumbasthan,' starring Manikanthan, has been released in theaters. The film, directed by Rajeshwar Kaliswami, is a comedy family drama. Manikanthan's performance is a highlight of the film, which is filled with humor and emotional moments.
#Kudumbasthan #TamilMovie #Manikanthan #ComedyDrama #FamilyDrama #MovieReview