OTT Release | നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' ഒടിടി റിലീസ് ഉടന്‍


സോണി ലിവിലൂടെയാണ് ചിത്രം എത്തുക.
ജൂലൈയില്‍ സ്ട്രീമിങ് ആരംഭിക്കും.
സംവിധാനം ഡിജോ ജോസ് ആന്റണി.
കൊച്ചി: (KVARTHA) നിവിന്‍ പോളി നായകനായെത്തിയ 'മലയാളി ഫ്രം ഇന്ത്യ' ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈയില്‍ സ്ട്രീമിങ് ആരംഭിക്കും. എന്നാല്‍ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ശാരിസ് മുഹമ്മദാണ്. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ശാരീസ് മുഹമ്മദും ഒന്നിച്ച ചിത്രമാണിത്. ജനഗണമനയുടെ തിരക്കഥയും ശാരിസ് മുഹമ്മദിന്റേത് ആയിരുന്നു. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമെന്നാണ് ഈ സിനിമയെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു നിര്‍മാണം. സുദീപ് ഇളമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സഹനിര്‍മാതാവ്.