Wedding | നടന്‍ കാളിദാസ് ജയറാമും തരിണി കലിംഗരായരും ഗുരുവായൂരില്‍ വിവാഹിതരായി


● കലിംഗരായര്‍ കുടുംബത്തില്‍ നിന്നുമുള്ള തരിണി മോഡലിങ് രംഗത്തെ താരം.
● 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പായിരുന്നു.
● കഴിഞ്ഞ നവംബറില്‍ ചെന്നൈയില്‍വെച്ചായിരുന്നു വിവാഹനിശ്ചയം.
തൃശ്ശൂര്‍: (KVARTHA) നടന്‍ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിങ്കരായര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് രാവിലെ 7.15നായിരുന്നു വിവാഹം. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചലച്ചിത്ര രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു.
കാളിദാസ് ജയറാം വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ ആളാണ് തരിണി കലിംഗരായര്‍. തങ്ങള്‍ പ്രണയത്തിലാണെന്ന് കാളിദാസ് അറിയിച്ചതിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ നവംബറില്‍ ചെന്നൈയില്‍വെച്ചായിരുന്നു കാളിദാസും തരിണി കലിങ്കരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് 24 കാരിയായ തരിണി. ചെന്നൈയിലെ പ്രമുഖ കലിംഗരായര്‍ കുടുംബത്തില്‍ നിന്നുമുള്ള തരിണി മോഡലിങ് രംഗത്തെ താരമാണ്. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. ജമീന്ദാര്‍ കുടുംബമാണ് ഇവരുടേത്. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു തരിണിയുടേത്. അമ്മയായിരുന്നു എല്ലാത്തിനും ഒപ്പം നിന്നത്.
വിവാഹത്തോട് അനുബന്ധിച്ചുള്ള ഇരുവരുടെയും പ്രീ വെഡിങ് ചടങ്ങ് ശനിയാഴ്ച ചെന്നൈയില്‍ നടന്നിരുന്നു. പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സെപ്റ്റംബര്‍ ഏഴിന് ഗുരുവായൂരിലായിരുന്നു ജയറാമിന്റേയും പാര്‍വ്വതിയുടേയും വിവാഹം.
മലയാളികള്‍ക്ക് കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് നടന്‍ കാളിദാസിന്റേത്. ജയറാം- പാര്‍വതി താരദമ്പതികളുടെ മൂത്തപുത്രനായ കാളിദാസ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേയും തുടങ്ങി നിരവധി സിനിമകളില്‍ ബാലതാരമായാണ് മലയാളികള്‍ക്ക് മുന്നിലെത്തിയത്. ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും അഭിനേതാവായി കാളിദാസ് എത്തുന്നുണ്ട്.
#KalidasJayaram #Wedding #MalayalamCinema #Kerala #TariniKalingarayar #Guruvayoor