സിനിമ കാണാതെ വിമർശനം; 'ജെഎസ്കെ' സംവിധായകൻ പ്രവീൺ നാരായണൻ്റെ രൂക്ഷ പ്രതികരണം

 
SK Director Responds to Criticism
SK Director Responds to Criticism

Photo Credit: Instagram/Pravin Narayanan, Madhav Suresh

● മാധവ് സുരേഷിനെതിരായ പരിഹാസത്തിനെതിരെയാണ് വിമര്‍ശനം.
●'പുതിയ തലമുറയിലെ അഭിനേതാക്കളെ പിന്തുണയ്ക്കണം'.
● മൂന്ന് വർഷമെടുത്താണ് സിനിമ പൂർത്തിയാക്കിയത്.

കൊച്ചി: (KVARTHA) വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'ജെഎസ്കെ'. പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, സിനിമയെയും നായകൻ മാധവ് സുരേഷിനെയും പരിഹസിച്ചുകൊണ്ടുള്ള ഡീഗ്രേഡിങ് കമൻ്റുകൾക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രവീൺ നാരായണൻ.

സംവിധായകൻ്റെ പ്രതികരണം

ചിത്രം തിയേറ്ററിൽ പോയി പോലും കാണാതെ, ബുദ്ധിജീവികളായി ഒരു മുറിക്കുള്ളിൽ ഇരുന്ന് എല്ലാവരെയും അടച്ചാക്ഷേപിക്കുകയാണെന്ന് പ്രവീൺ നാരായണൻ തുറന്നടിച്ചു. മാധവിൻ്റെ പ്രകടനത്തെ ചോദ്യം ചെയ്യുന്നവർക്ക് മറഞ്ഞിരിക്കാതെ മുഖ്യധാരയിൽ വന്ന് അതുല്യമായ സംഭാവനകൾ നൽകിക്കൂടെ എന്നും അദ്ദേഹം ചോദിക്കുന്നു. നെഗറ്റീവ് റിവ്യൂവിനും പ്രതികൂല സാഹചര്യങ്ങൾക്കും ഇടയിലും 'ജെഎസ്കെ'യ്ക്ക് ലഭിച്ച പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവീൺ നാരായണൻ്റെ വാക്കുകൾ:

'ജാനകിയെ സീതാദേവി ആയി കണ്ട സെൻസർ ബോർഡും, 'ജെഎസ്കെ' എന്ന സിനിമയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമയായി കാണുന്നവരും തമ്മിൽ എന്താണ് വ്യത്യാസം..?' പ്രവീൺ ചോദിക്കുന്നു. സുരേഷ് ഗോപിയുടെ പഴയ സിനിമകളിലെ ഡയലോഗുകളും സ്ഫടികത്തിലെ ആടുതോമയുമൊക്കെ കണ്ടാണ് സിനിമയെ സ്നേഹിച്ചതും സിനിമാക്കാരനാകാൻ കൊതിച്ചതെന്നും അദ്ദേഹം പറയുന്നു. 'സേഫ് ആയിട്ടുള്ള ജോലിയും വരുമാനവുമെല്ലാം ഉപേക്ഷിച്ച് ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ഇത്രയുമെങ്കിലും എത്തിയത്. കലാകാരൻ സമൂഹത്തിൻ്റെ കണ്ണാടിയാണെന്നാണ് ഞാൻ കരുതുന്നത്. സിനിമ തുടങ്ങുമ്പോൾ പറയുന്ന ഫാദർ ഫ്രാങ്കോ കേസ് തൊട്ട് കേരളത്തിൽ നടന്ന സംഭവവികാസങ്ങൾ മാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.'

'സുരേഷേട്ടനെപ്പോലെ ഒരു ഫയർ ബ്രാൻഡ് സൂപ്പർ സ്റ്റാർ തിരിച്ചു വരവ് നടത്തി വന്നപ്പോൾ ആ സിനിമകളെ നമ്മൾ നെഞ്ചോടു ചേർത്തുവെങ്കിലും അതിൽ എവിടെയൊക്കെയോ പഴയ എനർജി നഷ്ടമായ, ചടുലമായ ഡയലോഗ് ഇല്ലാത്ത അയ്യോ പാവം എന്ന് തോന്നിപ്പിക്കുന്ന സുരേഷേട്ടനെയാണ് കാണാൻ കഴിഞ്ഞത്. യഥാർത്ഥത്തിൽ ജോഷി സർൻ്റെയും ഷാജി സർൻ്റെയും രഞ്ജി പണിക്കർ സർൻ്റെയും ഒക്കെ സിനിമകളിലെ സുരേഷേട്ടനെയാണ് നമ്മൾ കാണാൻ കൊതിച്ചത്, അത്രയ്ക്കും തീപ്പൊരി അല്ലെങ്കിൽ പോലും കുറച്ചൊക്കെ അങ്ങനെ ഒരു ഫയർ ഉള്ള അഡ്വക്കേറ്റ് ആണ് ഡേവിഡ് ആബെൽ ഡോണോവാൻ.'

'സ്റ്റേറ്റിനെതിരെ ഒരു വിക്ടിം ഫൈറ്റ് ചെയ്യേണ്ട സാഹചര്യത്തിലേയ്ക്ക് എങ്ങനെ എത്തിപ്പെട്ടു എന്നത് ഇതുവരെ സിനിമ കണ്ടവർക്ക് മനസിലായിട്ടുണ്ടാവും. മമ്മൂട്ടിയുടെ 'വൺ' സിനിമയിൽ കാണിക്കുന്നത് പോലെ മുഖ്യമന്ത്രിയും, നിയമസഭയും, വാഹനവ്യൂഹവുമൊക്കെയാണ് ഞാനും സ്ക്രിപ്റ്റിൽ എഴുതിയിരുന്നത്. അതൊന്നും ഷൂട്ട് ചെയ്ത് എടുക്കാനുള്ള സാമ്പത്തികം ഞങ്ങൾക്ക് ഇല്ലാതെ ആയതുകൊണ്ട് ആ ഒരൊറ്റ ഷോട്ടിൽ ചിലവ് കുറച്ച് സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്യുന്ന മുഖ്യമന്ത്രിയെ എങ്ങനെ കാണിക്കാം എന്നുള്ള ചിന്തയിൽ നിന്നാണ്, ആ രൂപ സാദൃശ്യം ഉള്ള ഒരാളെ ഉപയോഗിച്ചത്. റീജിയണൽ സെൻസർ ബോർഡ് ഈ പടത്തിന് അനുമതി നൽകിയതുമാണ്. ഭരണ പക്ഷത്ത് ആർക്കും അതിൽ ഒരു അപാകതയും തോന്നിയിട്ടുമില്ല, അന്ന് സിബിഎഫ്സി ഇഷ്യൂ വന്നപ്പോൾ കേന്ദ്രത്തിനെ കുറ്റം പറഞ്ഞത് പോലെ തന്നെ അണികൾ എല്ലാവരുടെ നല്ല രീതിയിൽ റിവ്യൂസ് ഇട്ട് ഡീഗ്രേഡിങ് നടത്തുന്നുമുണ്ട്. രാജാവിനെക്കാളും വലിയ രാജഭക്തി തന്നെ..!!!'

'ഒരുകാര്യം ഓർക്കുക, പടം തിയേറ്ററിൽ പോയി പോലും കാണാതെ വലിയ ബുദ്ധിജീവികളായി സ്വയം അവരോധിച്ച് ഒരു മുറിക്കുള്ളിൽ ഇരുന്ന് എല്ലാവരെയും അടച്ചാക്ഷേപിക്കാൻ വളരെ എളുപ്പമാണ്. അച്ഛൻ്റെ പാരമ്പര്യത്തിൻ്റെ പേരിൽ ആയാലും അല്ലെങ്കിലും ഒരു കൊച്ച് പയ്യൻ ആദ്യമായി ചെയ്ത പടത്തിലെ അവൻ്റെ പ്രകടനത്തെ ഒക്കെ വലിച്ചുകീറാൻ നിൽക്കുന്നവരോട് ഒരു ചോദ്യം: ഇത്രയ്ക്കും പ്രഗത്ഭരായ നിങ്ങളൊക്കെ എന്താണിങ്ങനെ മറഞ്ഞിരുന്ന് സമയം കളയുന്നത്??? സമൂഹത്തിൻ്റെ മുഖ്യ ധാരായിലേയ്ക്ക് വന്നു അതുല്യമായ സംഭാവനകൾ നൽകിക്കൂടെ ??'

'നമ്മളിന്ന് ആഘോഷിക്കുന്ന Big M‘s, FaFa, എന്തിനേറെ പറയുന്നു മാസ്സ് ഡയലോഗ്സ്ൻ്റെ തമ്പുരാൻ ആയ സാക്ഷാൽ SG സർൻ്റെ പോലും ആദ്യകാല ചിത്രങ്ങൾ അത്രയ്ക്കും മികച്ചതൊന്നുമായിരുന്നില്ലല്ലോ. ഏതു ജോലിക്കും എക്സ്പീരിയൻസ് ചോദിക്കുന്ന നമ്മുടെ രാജ്യത്ത് സിനിമയോടുള്ള പാഷൻ കൊണ്ട് അച്ഛൻ്റെ ലെഗസിയുടെ തണലിൽ ആയാലും അല്ലെങ്കിലും, അവൻ ആദ്യമായി ചെയ്ത വേഷം ഇത്രയ്ക്കൊന്നും പരിഹാസം അർഹിക്കുന്നില്ല.'

'കാലം എല്ലാത്തിനും സാക്ഷിയാവട്ടെ. ഫീൽഡ് ഔട്ട് ആയ സീരിയൽ നടൻമാരുടെ കാര്യം, കഴിവും പ്രതിഭയുമുള്ള എത്രയോ പേരെ, അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാതെ, ചാൻസ് നഷ്ടപ്പെട്ട് ഇൻഡസ്ട്രിയിൽ എല്ലാവരാലും മറന്നുപോയിട്ടുണ്ട്. അങ്ങനെ കുറച്ച് പേരെയെങ്കിലും വെള്ളിത്തിരയിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഏറെ കഴിവുകളുണ്ടായിട്ടും നമ്മൾ മലയാളികൾ സ്വീകരിക്കാതെ പോയ രണ്ട് അസാധ്യ പ്രതിഭകളുടെ, ഗംഭീര തിരിച്ചു വരവിനും 'ജെഎസ്കെ' ഒരു കാരണമായി. അനുപമ പരമേശ്വരനും ശ്രുതി രാമചന്ദ്രനും. ജാനകിയും അഡ്വ.നിവേദിതയും ആ രണ്ട് വേഷങ്ങളും അവരുടെ കയ്യിൽ ഭദ്രമായിരുന്നു.'

'ഹിന്ദു വിശ്വാസിയായ ഞാൻ ചെയ്ത സിനിമയിൽ ഹിന്ദു വിശ്വാസങ്ങളെ തകർക്കുന്ന രീതിയിൽ അന്യ മതസ്ഥരെക്കൊണ്ട് നായികയെ മോശമായ രീതിയിൽ ചോദ്യം ചെയ്യിപ്പിക്കുന്നു, പ്രതിയെ ദേവി രൂപം കെട്ടി കാണിക്കുന്നു, ഫൈറ്റ് രംഗത്ത് ദേവി സ്തുതി കേൾപ്പിക്കുന്നു, ഇതൊക്കെയാണ് സിബിഎഫ്സിയെ പ്പോലെ തന്നെ അടുത്ത ആരോപണം...!! മാധ്യമങ്ങളെ, പ്രതേകിച്ചും മനോരമയെ ട്രോളുന്നു എന്നാണ് ഒരു കൂട്ടം.'

'ഇതെന്തൊരു ലോകം ആണ്..?? ഇടത്, വലത്, സംഘ സഹയാത്രികരായ ഒരുപാട് സുഹൃത്തുക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. സിനിമ നൽകുന്ന സന്ദേശം അതിൻ്റെതായ അർത്ഥത്തിൽ ഉൾക്കൊണ്ടിട്ടുമുണ്ട്. കേവലം രാഷ്ട്രീയപരമായ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാതെ സിനിമ സംസാരിക്കുന്ന വിഷയം എല്ലാവരിലേക്കും എത്തട്ടെ…'

'എനിക്ക് എല്ലാ മതസ്ഥരും സുഹൃത്തുക്കളായുണ്ട്. അവരെ ആരെയും വേറൊരു രീതിയിൽ ഞാനോ അവരെന്നെയോ കണ്ടിട്ടില്ല. എന്നെ അടുത്തറിയുന്നവർക്കറിയാം ഷൂട്ട് തുടങ്ങിയതിന് ശേഷം ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്ന്, ഏകദേശം 3 വർഷം എടുത്താണ് ഈ സിനിമ പൂർത്തിയായത്. ഒരു കൂട്ടം കലാകാരന്മാരുടെ കഷ്ടപ്പാടും, സ്വപ്നവുമാണ് ഈ സിനിമ എന്നല്ലാതെ, ഇത് എല്ലാം തികഞ്ഞ മഹത്തായ ഒരു സൃഷ്ടി ആണ് എന്ന് ഒരു അവകാശവാദങ്ങളും ഞങ്ങൾക്ക് ആർക്കും ഇല്ല!!!'

'നിങ്ങൾക്ക് ധൈര്യമായി കുടുംബസമേതം പോയി കാണാവുന്ന, ഒരു സാധാരണ പെൺകുട്ടിയുടെ പോരാട്ടത്തിൻ്റെ കഥ. ഇത്രയും നെഗറ്റീവ് റിവ്യൂസ്, പ്രതികൂല കാലാവസ്ഥ എല്ലാത്തിനും ഇടയിൽ ഇതുവരെ നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്. എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ജാനകി വിദ്യാധരൻ നമ്മളിൽ ഒരാളാണ്. അവരുടെ ശബ്ദം എല്ലാവരിലേക്കും എത്തട്ടെ.'
 

സിനിമകളെ വിമർശിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നിങ്ങൾ കരുതുന്നു? ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാമോ?

Article Summary: JSK director Praveen Narayanan responds to negative comments and criticism against the film and actor Madhav Suresh.

#JSK #PraveenNarayanan #MadhavSuresh #MalayalamCinema #FilmCriticism #Degrading #SureshGopi

News Categories: National, News, Top-Headline, Kerala, Entertainment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia