Criticism | ലൈംഗിക ശേഷി പരിശോധിക്കണം, അതിജീവിതയെ നിശ്ശബ്ദയാക്കാന്‍ ശ്രമം; നടന്‍ സിദ്ദീഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
● മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ച്
● നടനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള ഹാജരായി
കൊച്ചി: (KVARTHA) നടന്‍ സിദ്ദീഖിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ പിന്തുണയ്ക്കുന്ന നിലപാടുമായി ഹൈക്കോടതി. നടന്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ രൂക്ഷ പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്. അതിജീവിതയുടെ പരാതി അങ്ങേയറ്റം ഗൗരവമുള്ളതും ഗുരുതരവുമാണെന്ന് പറഞ്ഞ കോടതി തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് സിദ്ദീഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ജസ്റ്റിസ് സി എസ് ഡയസ് ആണ് വിധി പ്രസ്താവം നടത്തിയത്. ബില്‍ക്കിസ് ബാനു കേസിലെ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ജാമ്യ ഹര്‍ജി ഉത്തരവ് കോടതി അവസാനിപ്പിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.
പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയെന്ന് നിരീക്ഷിച്ച കോടതി സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലാണ് സിദ്ദീഖിന്റെ അഭിഭാഷകന്‍ വാദിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
14 പേര്‍ക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു എന്നതു കൊണ്ട് പരാതിക്ക് വിശ്വാസ്യതയില്ല എന്നും സിദ്ദീഖിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് അനാവശ്യമായ പരാമര്‍ശമാണെന്ന് പറഞ്ഞ കോടതി ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന അനുഭവം അവരുടെ സ്വഭാവത്തെയല്ല കാട്ടുന്നത്, മറിച്ച് അവര്‍ നേരിടുന്ന ദുരിതത്തെയാണെന്നും വ്യക്തമാക്കി. ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ഒരു പക്ഷേ അവരെ നിശബ്ദയാക്കാന്‍ വേണ്ടിയായിരിക്കും. എന്നാല്‍ അത് നിയമത്തിന് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിയുടെ സ്വഭാവമല്ല, പരാതിയുടെ ഗൗരവമാണ് കോടതി കണക്കാക്കാറുള്ളത്. അതുകൊണ്ടു തന്നെ സിദ്ദീഖ് പരാതിയില്‍ പറയുന്ന കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടോ, മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനാണോ എന്നുമാത്രമാണ് കോടതി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനു മുമ്പ് പരാതിയുടെ സ്വഭാവവും ആരോപണവിധേയനായ ആള്‍ക്ക് അതിലുള്ള പങ്കും വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും വേണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത് എന്നും കോടതി പറഞ്ഞു.
തുടര്‍ന്ന്, സിദ്ദീഖിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഓരോന്നായി കോടതി തള്ളി. പരാതി നല്‍കാന്‍ വൈകി എന്നതുകൊണ്ട് അതില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ലെന്ന് വിവിധ സുപ്രീം കോടതി വിധിന്യായങ്ങള്‍ അടക്കം ഉദ്ധരിച്ച് കോടതി പറയുന്നു.
നിരന്തരം ഭീഷണപ്പെടുത്തി പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദീഖിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി. പരാതിക്കാരിയെ വ്യക്തിഹത്യചെയ്യാന്‍ പാടില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സിദ്ദീഖിന്റെ വൈദ്യപരിശോധനയടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും റിമാന്‍ഡില്‍ വിടണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ലൈംഗികാക്രമണ കേസുകളിലെ അതിജീവിതമാര്‍ അതുണ്ടാക്കിയ നടുക്കത്തില്‍ നിന്നു പുറത്തു വരാന്‍ സമയമെടുത്തേക്കും. അഭിമാനം നഷ്ടപ്പെടുമോ, ഭയം അടക്കമുള്ള അനേകം കാര്യങ്ങള്‍ പരാതി നല്‍കുന്നതില്‍ നിന്ന് വൈകിപ്പിക്കാറുണ്ട്. എന്തുകൊണ്ട് വൈകി എന്ന സാഹചര്യങ്ങളും മറ്റും വിചാരണ കോടതിയില്‍ പരിശോധിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
സമൂഹത്തിന്റെ ഏതു തട്ടില്‍ നിന്നുള്ളതാണെങ്കിലും ഏതു വിശ്വാസം പുലര്‍ത്തുന്നതാണെങ്കിലും ഏതു സാഹചര്യത്തിലും ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു എന്ന ബില്‍ക്കീസ് ബാനു കേസിലെ സുപ്രീം കോടതി നിരീക്ഷണവും ജസ്റ്റിസ് ഡയസ് വിധിന്യായത്തില്‍ എടുത്തു പറയുന്നു.
തന്റെ ലൈംഗികാവയവം കടത്തി ബലാത്സംഗം ചെയ്തുവെന്ന് പരാതിയിലില്ല എന്ന സിദ്ദീഖിന്റെ വാദവും കോടതി തള്ളി. ഐപിസി 375ാം വകുപ്പില്‍ ലൈംഗികാവയവം ഉപയോഗിച്ചുള്ള പീഡനം മാത്രമല്ല, മറ്റേതു ഭാഗം കൊണ്ടാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലെങ്കില്‍ അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരും. അതുകൊണ്ടു തന്നെ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിക്കു മുമ്പാകെയുണ്ടായ വാദങ്ങളും സമര്‍പ്പിക്കപ്പെട്ട തെളിവുകളും രേഖകളും പരിശോധിച്ചതില്‍ നിന്ന് സിദ്ദീഖിന് ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നത് എന്ന് കോടതി പറഞ്ഞു.
കുറ്റകൃത്യത്തെ പൂര്‍ണമായി നിരാകരിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം ശരിയായി പൂര്‍ത്തിയാക്കാനും ലൈംഗികശേഷി പരിശോധിക്കുന്നതിനും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. മാത്രമല്ല, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതും പരിഗണിച്ച് സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട വാദം സിദ്ദീഖ് പരാതിക്കാരിക്കെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയെ അടിസ്ഥാനമാക്കിയായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സിദ്ദീഖ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നിന്ന് തന്നെ വ്യക്തമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ നിശബ്ദത ദുരൂഹമാണെന്നും കോടതി ഉത്തരവില്‍ വിമര്‍ശിച്ചു.
ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള സിദ്ദീഖിനുവേണ്ടി ഹാജരായി. സര്‍ക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണനും പരാതിക്കാരിക്കുവേണ്ടി അഡ്വ. ഹരീഷ് വാസുദേവനുമാണ് ഹാജരായത്.
അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദീഖിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശം നല്‍കി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദീഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സിദ്ദീഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ല്‍ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 'അമ്മ' സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവച്ചിരുന്നു. നടന്‍ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കള്‍ക്കും സിദ്ദീഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം.
#ActorSiddique #KeralaCourt #ImmoralHarassment #BailRejected #Remand