Movie Review | എന്ന് സ്വന്തം പുണ്യാളൻ: നന്നായി ചിരിപ്പിക്കുന്ന, രസമുള്ളൊരു സിനിമ


● ഒരു പുതിയ തലമുറയുടെ കോമഡി സിനിമ.
● വലിയ കെട്ടുകാഴ്ചകൾ ഒന്നുമില്ലാതെ രസിച്ച് കണ്ടുകൊണ്ട് ഇരിക്കാൻ പറ്റുന്ന പടം.
● രസകരമായ കഥാപാത്രങ്ങളും സിറ്റുവേഷനുകളും.
ഹന്ന എൽദോ
(KVARTHA) ട്രൂത്ത് സീക്കേഴ്‌സിന്റെ ബാനറിൽ ലിഗോ ജോൺ നിർമ്മിച്ച് മഹേഷ് മധു സംവിധാനം ചെയ്ത അർജുൻ അശോക്, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'എന്ന് സ്വന്തം പുണ്യാളൻ' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഈ വർഷം ഇറങ്ങിയ സിനിമകളിൽ ആദ്യത്തെ കോമഡി എന്റർടൈനർ ചിത്രം ആണെന്ന് തോന്നുന്നു എന്ന് സ്വന്തം പുണ്യാളൻ. വലിയ കെട്ടുകാഴ്ചകൾ ഒന്നുമില്ലാതെ രസിച്ച് കണ്ടുകൊണ്ട് ഇരിക്കാൻ പറ്റുന്നൊരു പടം. തുടക്കം മുതൽ ഒടുക്കം വരെ ഒരു തരത്തിലും സിനിമ ബോർ അടിപ്പിച്ചിട്ടില്ല എന്നത് തന്നെയാണ് സിനിമയുടെ ആദ്യത്തെ പ്രത്യേകത.
മലയാളത്തിലെ യുവതാരങ്ങൾക്ക് കോമഡി വഴങ്ങില്ല എന്ന ചീത്ത പേരുണ്ടെങ്കിൽ, ഈ പടവും ഇതിലെ പെർഫോമൻസുകളും ഒന്നു കാണേണ്ടതാണ്. എല്ലാവരും ഒന്നിനൊന്നു മെച്ചം. സിറ്റ്യുവേഷണൽ കോമഡീസ് ഒരുപാട് ഉണ്ട് പടത്തിൽ, നല്ല രസമായി തന്നെ എല്ലാം വന്നിട്ടുണ്ട്. ഈ പടം ഒരു ത്രില്ലർ ആണെങ്കിൽ കൂടി ഒരു പക്കാ കോമഡി എന്റർടൈനർ കൂടിയാണ് എന്ന് വേണം പറയാൻ. ഒരു പള്ളിയിലേക്ക് പുതിയതായി വരുന്ന അച്ഛനും അയാൾ നേരിടേണ്ടി വരുന്ന ഒരു അസാധാരണ സംഭവുമാണ് സിനിമ പറഞ്ഞു വെക്കുന്നത്.
സഹായം ചോദിച്ച് കൊച്ചച്ചന്റെ പള്ളിമേടയിലേക്ക് വരുന്ന ഒരു പെൺകുട്ടിയും, അവരുടെ ഇടയിലേക്ക് വരുന്ന ഒരു കള്ളനും ഒപ്പം. കേൾക്കുമ്പോൾ ചെറിയ പ്ലോട്ട് ആണെങ്കിലും പക്കാ എൻഗേജിംഗ് ആയിട്ടാണ് എടുത്തിരിക്കുന്നത്. ഒട്ടും താല്പര്യം ഇല്ലാതെ കൊച്ചച്ചൻ ആവുന്ന ബാലു വർഗീസ് കഥാപാത്രം, ഒരു പ്രത്യേക സാഹചര്യത്തിൽ അനശ്വരയുടെ കഥാപാത്രത്തിനെ റൂമിൽ കയറ്റേണ്ടി വരുന്നു. ഒരു പള്ളീലച്ചന്റെ മുറിയിൽ ഒരു പെണ്ണിനെ കണ്ടാൽ ഉള്ള കാര്യം ചിന്തിക്കാം. ഇവിടേക്ക് അർജുന്റെ എൻട്രിയൊക്കെയാണ് ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്. നല്ല രീതിയിൽ ചിരിക്കാൻ ഉള്ളതെല്ലാം ഈ പടത്തിൽ ഉണ്ട്.
സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായി അൽപം ഫാന്റസി മൂഡ് ഒക്കെ കൊണ്ട് വരുന്നുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന പെർഫോമൻസ് ബാലു വർഗീസിന്റെതാണ്. അനശ്വര രാജനും, അർജുൻ അശോകനും അതിനൊപ്പം തന്നെ പിടിച്ചു നിൽക്കുന്നുണ്ട്. മൂന്ന് പേരും മത്സരിച്ച് തന്നെ അഭിനയിക്കുന്നുണ്ട്. മറ്റെല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിട്ടുണ്ട്. കൂടാതെ , കൺസിസ്റ്റൻസിയുടെ കാര്യത്തിൽ മമ്മൂക്ക കഴിഞ്ഞാൽ പിന്നെ അനശ്വര രാജനാണ് എന്നതാണ് എൻറെ അഭിപ്രായം.
തുടർച്ചയായി കിടിലൻ പടങ്ങളുടെ ഭാഗം, ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങളും, അതിൻ്റെ തുടർച്ചയാണ് ഈ സിനിമയും ഇതിലെ നായിക കഥാപാത്രവും. മലയാളത്തിൻറെ ഭാഗ്യ നായിക എന്ന വിളിപ്പേരിന് എന്തുകൊണ്ടും അർഹയാണ് അനശ്വര രാജൻ എന്ന് പറഞ്ഞാലും അത് മോശമാകുമെന്ന് തോന്നുന്നില്ല. അത്രയ്ക്കുണ്ട് ഈ സിനിമയിൽ അനശ്വരയുടെ അഭിനയം. നല്ല ടെക്നിക്കൽ പ്രൊഡക്ഷൻ ക്വാളിറ്റി പുലർത്തിയിട്ടുള്ള സിനിമയാണ് ഇതെന്നുള്ളതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് വശം. മേക്കിങ്ങിൽ ഒക്കെ നല്ല ക്വാളിറ്റി പുലർത്തുന്നുണ്ട്. ഫ്രെയിമിലെ ഒക്കെ ആ റിച്ച്നെസ് എടുത്ത് പറയണം.
ട്വിസ്റ്റും ടേണും ഒക്കെ കൃത്യമായി പ്ലേസ് ചെയ്ത് ചിത്രം ഒരു മികച്ച തീയറ്റർ വാച്ച് ഡിമാന്റ് ചെയ്യുന്നുണ്ട്. ഒരു മിസ്റ്ററി മൂഡ് സെറ്റ് ചെയ്യാനും സിനിമയ്ക്ക് കഴിയുന്നുണ്ട്. വർക്ക് ഔട്ട് ആയാൽ പിന്നെ സകല പ്രേക്ഷകരെയും തിയേറ്ററിൽ എത്തിക്കാൻ കെൽപ്പുള്ള ജോണർ ആണ് കോമഡി എന്നത്. ഒപ്പം എൻഗേജ് ചെയ്യിപ്പിക്കുന്ന ത്രില്ലർ സ്വഭാവം കൂടി ചിത്രം കൈവരിക്കുമ്പോൾ ഉറപ്പായും അത് വല്ലാത്ത ഒരനുഭവമാകും.. ഒരു ക്വാളിറ്റി ടൈം പ്രേക്ഷകന് നൽകുന്ന എവിടെയും അടുപ്പിക്കാത്ത ആദ്യാവസാനം എന്റർടെയ്നറായ മുഴുനീള ചിരി പടമാണ് പുണ്യാളൻ. കൊച്ചുകുട്ടികൾ മുതൽ വീട്ടിലെ അപ്പാപ്പന്മാർക്ക് വരെ എവിടെയും ക്രിഞ്ചടിപ്പിക്കാത്ത, കണ്ണു പൊത്തേണ്ടി വരാത്ത ഒരു കിടിലൻ ക്ലീൻ പടം. അതാണ് എന്ന് സ്വന്തം പുണ്യാളൻ. ധൈര്യമായി ഈ സിനിമയ്ക്ക് നിങ്ങൾക്ക് ടിക്കറ്റ് എടുക്കാം.
#EnnuSwanthamPunyalan #MalayalamMovie #MalayalamComedy #ArjunAshokan #BaluVarghese #AnaswaraRajan #MalayalamCinema #MovieReview