Comedy | ഒരു ജാതി ജാതകം: ആർത്തുല്ലസിച്ച് ചിരിക്കാൻ പറ്റുന്ന സിനിമ; വിനീത് ശ്രീനിവാസൻ്റെ അഴിഞ്ഞാട്ടം


● വിനീത് ശ്രീനിവാസൻ്റെ കരിയറിലെ മികച്ച പ്രകടനം
● കളർ, ബോഡി ഷെയ്മിങ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു
● എം മോഹനൻ്റെ മികച്ച സിനിമകളിൽ ഒന്ന്
മിന്റു തൊടുപുഴ
(KVARTHA) വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ‘ഒരു ജാതി ജാതകം’ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഇത് വരെ കാണാത്ത ഒരു വിനീത് ശ്രീനിവാസനെ ഈ സിനിമയിൽ നമുക്ക് കാണാൻ പറ്റും. തുടക്കം മുതൽ അവസാനം വരെ നമ്മളെ ചിരിപ്പിച്ചു ഇരുത്തുന്ന ഒരു കിടിലൻ പെർഫോമൻസ് ആണ് ഈ സിനിമയിൽ വിനീത് ചെയ്‌തിരിക്കുന്നത്. സാധാരണ സിനിമയിൽ എല്ലാം വളരെ കാം ആയ വേഷങ്ങൾ ചെയ്യുന്ന വിനീത് ഇവിടെ പക്കാ എക്സൻട്രിക് ആണ്. നടത്തത്തിലും ശരീരഭാഷയിലും എല്ലാം വിനീത് ഈ സിനിമയിലെ നായക കഥാപാത്രമായ പക്കാ ജയേഷ് ആയിരുന്നു.
വിനീത് ശ്രീനിവാസൻ്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് എന്നു വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്. 38 വയസ്സായിട്ടും പെണ്ണ് കിട്ടാത്ത ഒരു ബാച്ചിലറിന്റെ കഥയാണ് സിനിമ പറയുന്നത്. ഇവിടെ ഉള്ള ഒരു വ്യത്യാസം എന്താണെന്ന് വച്ചാൽ പെണ്ണ് കിട്ടാത്തത് പെണ്ണിന് കണ്ടീഷൻസ് ഉള്ളത് കൊണ്ടല്ല. ജയേഷ് എന്ന നമ്മുടെ നായകനാണ് കണ്ടീഷൻസ്. ജാതകം തൊട്ട്, പെണ്ണിന്റെ കളർ, മുടി, ജോലി വരെ പ്രശ്നം ഉള്ള പക്കാ മെയിൽ ഷുവനിസ്റ്റ് ആയ ഒരു കഥാപാത്രമാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. മുപ്പത്തെട്ടുകാരനായ ജയേഷിനെ സംബന്ധിച്ച് കല്യാണം കഴിഞ്ഞ് സെറ്റിലാവുക എന്നതാണ് ജീവിതത്തിലെ പരമ പ്രധാനമായ കാര്യം.
നല്ല വീട്, നല്ല ജോലി, നല്ല സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാമുണ്ട്. എന്നിട്ടും കല്യാണമങ്ങോട്ട് സെറ്റാകുന്നില്ല. കല്യാണം വൈകുന്നതിന് അയാളുടേതായ ചില ഡിമാന്റുകളും കാരണമാണ്. തന്റെ തറവാട്ടു മഹിമയിൽ അഭിമാനിക്കുന്ന, പെണ്ണിന്റെ നിറവും സൗന്ദര്യവും വരെ വിഷയമായ, ജാതകപ്പൊരുത്തത്തിനു പ്രാധാന്യം നൽകുന്ന, മെയിൽ ഷോവനിസ്റ്റായ ഒരാളാണ് ജയേഷ്. ‘അതിനൊന്നും എന്നെ കിട്ടില്ല ഞാൻ മാപ്രത്തെ ജയേഷ്’ ആണെന്ന് നാഴികയ്ക്കു നാൽപ്പതുവട്ടം വീമ്പു പറയുന്ന ഒരാൾ. ഇവിടെ, ജയേഷിനു പെണ്ണുകിട്ടാതെ പോവുന്നത് പെൺകുട്ടികളുടെ ഭാഗത്തുനിന്നുള്ള ഡിമാന്റിനേക്കാൾ ജയേഷിന്റെ തന്നെ ഡിമാന്റുകൾ കൊണ്ടാണ്. ജയേഷിന്റെ പെണ്ണുകാണൽ യാത്രകളും അതിനിടെ ഉണ്ടാവുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. എം മോഹനൻ ഇത് വരെ ചെയ്തതിൽ ഏറ്റവും കോമഡിയുള്ള സിനിമ ഇതാകും.
നിഖില വിമൽ മുതൽ കയാഡു ലോഹർ വരെയുള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങൾ ഉള്ള ഈ സിനിമയിൽ ഇത്രേം കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു തിരക്കഥ എഴുതിയ രാകേഷ് മാന്തൊടിയെ എടുത്തു പറയണം. പല സീൻസും നമ്മൾ എക്സ്പെക്ട് ചെയ്യുന്നതിന് വിപരീതം ആണീ സിനിമയിൽ. അതുകൊണ്ട് തന്നെ കുറെ ട്വിസ്റ്റുകൾ ഉണ്ട് പടത്തിൽ. പിന്നെ കളറിസം, ബോഡി ഷെയ്മിങ്, ടോക്സിക് മാസ്കുലാനിറ്റി പോലുള്ള ഒരുപാട് സബ്ജെക്ട്സ് സിനിമ സംസാരിക്കുന്നുണ്ട്. മൊത്തത്തിൽ അരവിന്ദന്റെ അതിഥികൾക്ക് ശേഷം എം മോഹനന്റെ അടുത്ത വർക്കും മികച്ച ഒരു തിയറ്റർ എക്സ്പീരിയൻസുമാണ് നൽകുന്നത്. വിനീതിന്റെ കിടിലൻ പെർഫോമൻസ് കൂടെയുള്ള സിനിമ ഈ അടുത്ത് കണ്ടതിൽ ഏറ്റവും ചിരിച്ച സിനിമകളിൽ ഒന്നുമാണ്.
ബാബു ആൻ്റണി, പി പി കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മൃദുൽ നായർ, പൂജ മോഹൻരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഗായകൻ വിധു പ്രതാപ്, അവതാരക വർഷ എന്നിവരും ചിത്രത്തിൽ വന്നുപോവുന്നുണ്ട്. തുടക്കം മുതൽ ഓരോ രംഗവും ആസ്വാദകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട് വിനീത് ശ്രീനിവാസൻ. ഇളകി മറിഞ്ഞും ആർത്തുല്ലസിച്ചുമൊക്കെ ജയേഷിനെ വിനീത് ശ്രദ്ധേയമാക്കിയിട്ടുണ്ട്. കഥാഗതിയിൽ കഥാപാത്രത്തിന്റെ മാറ്റങ്ങളെ കൃത്യമായി അവതരിപ്പിക്കാനും വിനീതിനായിട്ടുണ്ട്. വിനീത് ശ്രീനിവാസൻ വളരെ ലൗഡ് ആയ കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. നല്ല രസമാണ് വിനീത് പടത്തിൽ. കണ്ണൂർ ഭാഷ ആണ് സിനിമയിൽ. പി പി കുഞ്ഞികൃഷ്ണൻ ആണ് സിനിമയിൽ കസറിയ മറ്റൊരു താരം. താഹയും ബാബു ആന്റണിയും നല്ല രസമായിരുന്നു.
ഇന്തു തമ്പി വളരെ വ്യത്യസ്തമായ വേഷത്തിൽ ഉണ്ട്. മൃദുൽ നായർ നല്ല നാച്ചുറൽ ആയിരുന്നു. അമ്മയും സഹോദരിയും ആയി വന്നവരൊക്കെ സ്കോർ ചെയ്തു സിനിമയിൽ. ഗുണ സുബ്രഹ്‌മണ്യം നൽകിയ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയോട് ചേർന്ന് നിന്നു. വിശ്വജിത്ത് ഒടുക്കൽ ഒരുക്കിയ ക്യാമറയും നന്നായി. ഈ അടുത്ത് കണ്ടതിൽ ഏറ്റവും ഫാസ്റ്റ് ആയി കഥ പറഞ്ഞ തിരക്കഥ ഈ സിനിമയുടെ ആകും. തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഒരു മിനുറ്റ് പോലും വേസ്റ്റ് ആക്കാതെ പക്കാ എങ്കേജ്ഡ് ആയി ഇരുന്ന് എൻജോയ് ചെയ്തു കാണാവുന്ന ഒരു കിടിലൻ കോമഡി എന്റർടൈനർ ആണ് ഒരു ജാതി ജാതകം. പഴയ ഷാഫി പടത്തിന്റെ എല്ലാം വൈബ് തരുന്നുണ്ട് പലയിടത്തും. തിയറ്ററിൽ മിസ്സ് ആക്കിയാൽ നഷ്ടം!
ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
'Oru Jathi Jathakam,' directed by M. Mohanan, is a comedy entertainer starring Vineeth Sreenivasan. The film tells the story of a 38-year-old bachelor with numerous conditions for marriage. Vineeth's performance is a highlight, supported by a talented cast. The movie explores themes of colorism, body shaming, and toxic masculinity, offering a hilarious yet thought-provoking experience.
#OruJathiJathakam #VineethSreenivasan #MalayalamCinema #ComedyMovie #MovieReview #MMohanan