Joju George | ഹെലികോപ്റ്ററില്‍നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടന്‍ ജോജു ജോര്‍ജിന് പരുക്കേറ്റു
'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം.
താത്കാലികമായി ചിത്രീകരണം നിര്‍ത്തിവെച്ചു.
കൊച്ചി വിമാനത്താവളത്തില്‍ ഊന്നുവടിയുമായി നടക്കുന്ന ജോജു ജോര്‍ജിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ചെന്നൈ: (KVARTHA) സിനിമ ചിത്രീകരണത്തിനിടെ നടന്‍ ജോജു ജോര്‍ജിന് പരുക്കേറ്റു. കാല്‍പാദത്തിന്റെ എല്ല് പൊട്ടിയെന്നാണ് വിവരം. മണിരത്‌നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം.
പോണ്ടിച്ചേരിയില്‍ കമല്‍ഹാസനൊപ്പം ഹെലികോപ്റ്ററില്‍നിന്നും ചാടുന്ന രംഗം ഷൂട് ചെയ്യുന്നതിനിടെയാണ് പരുക്ക് പറ്റിയത്. ഉടന്‍തന്നെ താരത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കി. ചികിത്സയ്ക്ക് ശേഷം ജോര്‍ജ് കൊച്ചിയിലേക്ക് മടങ്ങി. പരുക്കിന് ആഴ്ചകളോളം വിശ്രമം ആവശ്യമാണ്. ഇതോടെ താത്കാലികമായി ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം, കൊച്ചി വിമാനത്താവളത്തില്‍ ഊന്നുവടിയുമായി നടക്കുന്ന ജോജു ജോര്‍ജിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
പ്രഖ്യാപനം തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന ചിത്രമാണ് കോളിവുഡ് ഇതിഹാസങ്ങളായ കമല്‍ഹാസനും മണിരത്നവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. കമലിന്റെ കരിയറിലെ വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. സിനിമയില്‍ തൃഷ കൃഷ്ണനാണ് നായികയായി എത്തുന്നത്.
ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' എന്ന ചിത്രം റിലീസിന് തയ്യാറാകുകയാണ്. 'പണി'യുടെ രചനയും നിര്‍വഹിക്കുന്നത് ജോജു തന്നെയാണ്. വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ 60 ഓളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്. 100 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്. വന്‍ താരനിരയ്‌ക്കൊപ്പം മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Joju George Got Injured in Leg During The Shoot of #Thuglife
— heyopinions (@heyopinions) June 13, 2024
It Was A Helicopter Sequence Shot At Pondicherry Airport
He Came Back To Kochi Now
Wishing For His Fast Recovery 🤞 pic.twitter.com/LbLVhg1o6e