Complaint | 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പരാതി നല്‍കി കോസ്റ്റ്യൂം ഡിസൈനര്‍ ലിജി പ്രേമന്‍


സിനിമ ഒടിടിയില്‍ റിലീസ് ചെയ്യരുതെന്ന് ആവശ്യം.
എറണാകുളം സിറ്റി പൊലീസിനാണ് പരാതി നല്‍കിയത്.
മുന്‍സിഫ് കോടതിയെയും സമീപിച്ചു.
കൊച്ചി: (KVARTHA) സമീപകാലത്ത് മലയാള സിനിമയില്‍ ഒരുപിടി നല്ല സിനിമകളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത് സാമ്പത്തിക വിജയം നേടുന്നതിനോടൊപ്പം വിവാദങ്ങളും വര്‍ധിക്കുകയാണ്. ഇപ്പോഴിതാ, മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോടതി കയറിയിരിക്കുകയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.
സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെയും നിര്‍മാതാക്കളായ അജിത് തലാപ്പിള്ളി, ഇമ്മാനുവല്‍ ജോസഫ് എന്നിവര്‍ക്കെതിരെയുമാണ് ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനറായ ലിജി പ്രേമന്‍ കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ക്രെഡിറ്റ് ലൈനില്‍ പേര് ഉള്‍പെടുത്താതിരുന്ന നടപടി ചോദ്യം ചെയ്ത് എറണാകുളം മുന്‍സിഫ് കോടതിയെയും ലിജി പ്രേമന്‍ സമീപിച്ചു.
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈമായി 45 ദിവസത്തെ പണിയെടുത്തു. ഇതിനായി രണ്ടേകാല്‍ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ 110 ദിവസത്തേക്ക് നീണ്ടു. നിര്‍മാതാക്കളുമായുള്ള തൊഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സമ്മതിച്ച പ്രതിഫലത്തുക പോലും നല്‍കിയില്ലെന്നതാണ് പൊലീസിന് നല്‍കിയ പരാതിയുടെ ഉള്ളടക്കം.
കരാര്‍ അനുസരിച്ച് കോസ്റ്റ്യൂം ഡിസൈന്‍ ജോലികളുടെ മുക്കാല്‍ പങ്കും പൂര്‍ത്തിയാക്കി. എന്നാല്‍ ചിത്രത്തിലെ ക്രെഡിറ്റ് പട്ടികയില്‍ പേര് ഉള്‍പെടുത്തിയില്ല. സംവിധായകന്റെയും നിര്‍മാതാക്കളുടെയും ഈ നടപടിക്കെതിരെയാണ് ലിജി പ്രേമന്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചത്. പേര് ഉള്‍പെടുത്താതെയുള്ള ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്ഫോമിലെ റിലീസ് തടയണമെന്നും പ്രതിഫലത്തുകയുടെ ബാക്കിയായ 75,000 രൂപ തിരികെ കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ലിജി പ്രേമന്റെ ഹര്‍ജിയിലെ ആവശ്യം. ഇവരുടെ നടപടി മൂലം മാനസിക വിഷമമുണ്ടാവുകയും ഇതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.