Questioned | 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മാതാക്കള്‍ക്കെതിരെയുള്ള ഇഡി അന്വേഷണം; നടന്‍ സൗബിനെ ചോദ്യം ചെയ്തു


കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
സിനിമയുടെ ഒരു നിര്‍മാതാവ് ഷോണ്‍ ആന്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
പണമെത്തിയ ബാങ്ക് അകൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു.
കൊച്ചി: (KVARTHA) മഞ്ഞുമ്മല്‍ ബോയ്‌സ് സിമിനയുടെ നിര്‍മാതാക്കള്‍ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ നടനും സഹനിര്‍മാതാവുമായ സൗബിന്‍ ശാഹിറിനെ ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസില്‍ വിളിപ്പിച്ച് കഴിഞ്ഞ ദിവസം ആയിരുന്നു ചോദ്യം ചെയ്യല്‍. പറവ ഫിലിംസ് കംപനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. സൗബിനെ വീണ്ടും വിളിപ്പിക്കും.
സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഷോണ്‍ ആന്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ജൂണ്‍ 11ന് ആണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപാടുകളിലാണ് നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്.
സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയ മറ്റൊരു നിര്‍മാതാവായ സിറാജ് പണം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പൊലീസ് സാമ്പത്തിക തട്ടിപ്പ് കേസ് എടുത്തിരുന്നു. പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തില്‍ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഏഴ് കോടി രൂപയാണ് സിനിമയ്ക്കായി സിറാജ് പറവ ഫിലിംസിന് നല്‍കിയതെന്നും ഇതില്‍ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു രൂപ പോലും മുടക്കുമുതല്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു സിറാജിന്റെ പരാതി. തുടര്‍ന്ന് പറവ ഫിലിംസിന്റേയും (സൗബിന്‍) പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അകൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു.
അതേസമയം, നിര്‍മാതാക്കള്‍ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപോര്‍ടില്‍ പറഞ്ഞിരുന്നു. 18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. എന്നാല്‍ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് തിരികെ നല്‍കിയില്ലെന്നും പൊലീസ് റിപോര്‍ടില്‍ രേഖപ്പെടുത്തിയിരുന്നു.