Film Festival | രാജ്യത്തെ കുട്ടികളില്‍ യുദ്ധക്കൊതി വളര്‍ത്താനുളള ശ്രമം ചെറുക്കണമെന്ന് ഡോ. അനു പാപ്പച്ചന്‍, ക്യൂബ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി


സൈനികര്‍ ചെയ്യുന്നത് ജീവിക്കാനുള്ള ജോലി മാത്രം.
യുദ്ധങ്ങളെ കുറിച്ച് വാചാലരാകുന്നവര്‍ ഗസയിലെയും യെമനിലെയും ഇറാഖിലേയും കുഞ്ഞുങ്ങളെ മറന്നുപോകുന്നത് എന്തുകൊണ്ട്?
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇടത് ബാങ്ക് ജീവനക്കാരുടെ സംഘടനയായ (Bank Employees Organaisation) ക്യൂബ് (Cube) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര പ്രദര്‍ശനം (International Film Festival) തുടങ്ങി. ചലച്ചിത്ര നിരൂപകയും (Film Critic) അധ്യാപികയുമായ ഡോ. അനു പാപ്പച്ചന്‍ കണ്ണൂര്‍ ജില്ലാസഹകരണ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്തു.
കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ പേരില്‍ ദേശസ്നേഹം സ്‌കൂള്‍ കുട്ടികളില്‍പ്പോലും അടിച്ചേല്‍പ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സൈനികര്‍ ചെയ്യുന്നത് ജീവിക്കാനുള്ള ജോലി മാത്രമാണെന്നും അവര്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന്റെ 25-ാം വാര്‍ഷികത്തില്‍ താന്‍ പഠിപ്പിക്കുന്ന കലാലയത്തിലെ കുട്ടികള്‍ വെളുത്ത വസ്ത്രം ധരിച്ച് വരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും താന്‍ കറുത്ത സാരിയുടുത്ത് കൊണ്ടാണ് പോയത്. കാര്‍ഗില്‍ യുദ്ധത്തിന്റെ മറവില്‍ ശവപ്പെട്ടി അഴിമതിവരെ നടന്നുവെന്ന ആരോപണം രാജ്യത്ത് ഉയര്‍ന്നുവന്നതാണെന്ന് ഓര്‍ക്കണമെന്നും ഡോക്ടര്‍ അനു പാപ്പച്ചന്‍ പറഞ്ഞു.
'നോ വാര്‍' എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന കുട്ടികളെക്കൊണ്ട് ഇപ്പോള്‍ യുദ്ധത്തിന് അനുകൂലമായി മുദ്രാവാക്യം വിളിപ്പിക്കുകയാണ് ചെയ്യുന്നത്. സാംസ്‌കാരികപരമായും സാമൂഹികപരമായുള്ള അധിനിവേശമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. യുദ്ധങ്ങളെ കുറിച്ച് വാചാലരാകുന്നവര്‍ ഗസയിലെയും യെമനിലെയും ഇറാഖിലേയും കുഞ്ഞുങ്ങളെ മറന്നുപോകുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു.
പത്രങ്ങളില്‍ ഗസയിലെ കൂട്ടക്കൊലകള്‍ ഇപ്പോള്‍ വാര്‍ത്തയേയാകുന്നില്ല. കളിപ്പാട്ടങ്ങളായ വിമാനങ്ങളെപ്പോലും ഭയക്കുന്ന കുട്ടികളാണ് ഗസയില്‍ ഇപ്പോള്‍ ജീവിക്കുന്നതെന്ന് നാം ഓര്‍ക്കണം. ബോംബാക്രമണത്തില്‍ പരുകേറ്റ് 14 ശസ്ത്രക്രിയ നടത്തേണ്ടി വന്ന ഗസയിലെ കുട്ടിയെ കുറിച്ച് അവരെ ചികിത്സിച്ച ഡോക്ടര്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞപ്പോള്‍ പുറംലോകമറിഞ്ഞതാണ്. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന 'ഗസ ഫൈറ്റ്‌സ് ഫോര്‍ ഫ്രീഡ'മെന്ന ഡോക്യുമന്റെഷന്‍ ചിത്രം ഒരു ജനതയുടെ പ്രതിരോധത്തിന്റെ കഥയാണ് പറയുന്നത്.
ഫലസ്തിനില്‍ അക്രമം നടത്തുന്ന രാജ്യത്തെ യുഎന്‍ പോലും അനുകൂലിക്കുകയാണ്. സമ്പന്ന രാഷ്ട്രങ്ങള്‍ അക്രമിക്കുന്ന രാജ്യത്തിനോടൊപ്പം നിലനില്‍ക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. എന്നാല്‍ അവരുടെ കൂടെ നില്‍ക്കുന്ന രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഫലസ്തീന് പിന്‍തുണയുമായി ലോകമാകെ പ്രതിഷേധ പരിപാടികള്‍ നടത്തിവരുന്നുണ്ട്. ഇത്തരം ഒറ്റപ്പെട്ട പ്രതിരോധങ്ങള്‍ നാം ന്യുജെന്‍ തലമുറയെന്നും രാഷ്ട്രീയപരമായി അറിവില്ലാത്തവരെന്നും വിശേഷിപ്പിക്കുന്നവര്‍ നടത്തിവരികയാണെന്നും അനു പാപ്പച്ചന്‍ പറഞ്ഞു.
പരിപാടിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രടറി എം കെ മനോഹരന്‍ അധ്യക്ഷനായി. ക്യൂബ് ചെയര്‍മാന്‍ കെ വി പ്രശാന്ത് കുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ പി പ്രേമചന്ദ്രന്‍, ജെനറല്‍ കണ്‍വീനര്‍ കെ പി രഘുനാഥന്‍, ജിനേഷ് കുമാര്‍ എരമം, നാരായണന്‍ കാവുമ്പായി തുടങ്ങിയവര്‍ പങ്കെടുത്തു.