'ഒടുവില്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്'; മരക്കാര്‍ തീയേറ്റര്‍ റിലീസില്‍ ആന്റണി പെരുമ്പാവൂര്‍

 


തിരുവനന്തപുരം: (www.kvartha.com 12.11.2021) 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് പിന്നാലെ സന്തോഷം പങ്കുവച്ച് ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിക്കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചു. 

മരക്കാര്‍ ടീമിന്റെ സന്തോഷം ഫെയ്‌സ്ബുക് പോസ്റ്റില്‍ പങ്കുവച്ച് മോഹന്‍ലാലും എത്തിയിരുന്നു. സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതില്‍ മരക്കാര്‍ ടീമിന് അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

'ഒടുവില്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്'; മരക്കാര്‍ തീയേറ്റര്‍ റിലീസില്‍ ആന്റണി പെരുമ്പാവൂര്‍

ആന്റണി പെരുമ്പാവൂറിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്: 

പ്രിയപ്പെട്ടവരെ, നിങ്ങള്‍ ഓരോരുത്തരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലാല്‍ സാറിന്റെയും പ്രിയദര്‍ശന്‍ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നമുക്ക് നേരിടേണ്ടി വന്ന കൊവിഡ് എന്ന മഹാമാരി ആ സ്വപ്‌നചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടിക്കൊണ്ടു പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയില്‍, നിങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തിയറ്ററുകളിലേക്കു തന്നെ എത്താന്‍ പോവുകയാണ്. 

നിങ്ങളുടെ ആവേശത്തിനും കൈയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയിലേക്ക്, മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിക്കൊണ്ടാണ് ഈ തീരുമാനം. 

ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തില്‍ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാന്‍ സര്‍, മോഹന്‍ലാല്‍ സര്‍, പ്രിയദര്‍ശന്‍ സര്‍, സുരേഷ് കുമാര്‍ സര്‍, ഒപ്പം ആശീര്‍വാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തിയറ്ററുകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ അവസരത്തില്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ആശിര്‍വാദ് സിനിമാസിനെ എന്നും സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മോഹന്‍ലാല്‍ സര്‍ ഫാന്‍സിനും, എല്ലാ മലയാളികള്‍ക്കും ഈ നിമിഷം ഞാന്‍ എന്റെ സ്‌നേഹം അറിയിക്കുന്നു.. കുഞ്ഞാലി വരും..


Keywords:  Thiruvananthapuram, News, Kerala, Cinema, Entertainment, Actor, Mohanlal, Antony Perumbavoor, Marakkar, Theater, Antony Perumbavoor reacts after the announcement that Marakkar will be released in theaters
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia