Anniversary | എം ടിയുടെ 'അടിയൊഴുക്കുകള്‍' 40 വയസ് പിന്നിടുന്നു; മമ്മൂട്ടിക്ക് പുരസ്‌കാരം നേടിക്കൊടുത്ത സിനിമ
● മമ്മൂട്ടിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു അടിയൊഴുക്കുകൾ
● എം.ടി. വാസുദേവൻ നായരുടെ തിരക്കഥയാണ് ചിത്രത്തിന്റെ പ്രത്യേകത
● ഐ.വി. ശശിയുടെ സംവിധാനം ചിത്രത്തിന് മികവ് പകർന്നു
ഡോണല്‍ മൂവാറ്റുപുഴ
(KVARTHA) എം ടിയുടെ തിരക്കഥയില്‍ അടിയൊഴുക്കുകള്‍ എന്ന സിനിമ പിറന്നിട്ട് നാല് പതിറ്റാണ്ടുകള്‍ തികയുന്നു. 1984 ഡിസംബര്‍ 21ന് റിലീസായ അടിയൊഴുക്കുകള്‍, ഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയയായി നിലകൊള്ളുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്‌മാന്‍, സീമ എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഐ വി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചത്.
ഒരുകാലത്തെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്ഥിരം സങ്കേതമായ എറണാകുളം ബിടിഎച്ചില്‍ വിശ്രമിക്കുകയായിരുന്ന എംടി യെ സന്ദര്‍ശിച്ച മമ്മൂട്ടി, പുതിയ കഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ മനസ് ശൂന്യമാണെന്ന് എം ടി തുറന്ന് പറയുകയുണ്ടായി. അപ്പോള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും പരിസര പ്രദേശങ്ങളും ചൂണ്ടിക്കാണിച്ച് ഈ പശ്ചാത്തലത്തില്‍ ഒരു കഥ നോക്കിക്കൂടെ എന്ന മമ്മൂട്ടിയുടെ നിര്‍ദേശം എം ടിക്കും സ്വീകാര്യമായി. അങ്ങനെയായിരുന്നു അടിയൊഴുക്കുകളുടെ പിറവി എന്ന് മമ്മൂട്ടി ഒരിക്കല്‍ അവകാശപ്പെടുകയുണ്ടായി.
1981ല്‍ അഹിംസയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്ത ഐ വി ശശി തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കൂടി നേടിക്കൊടുക്കാന്‍ ഇടയായി എന്നത് കൗതുകകരമായ വസ്തുതയാണ്. എം ടി യുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത അടിയൊഴുക്കുകള്‍ എന്ന ഈ ചിത്രത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളില്‍ സത്യന്‍ അനശ്വരമാക്കിയ, ചെല്ലപ്പന്റെ നിഴലുകള്‍ പതിഞ്ഞ കരുണന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
1983 ഫെബ്രുവരിയില്‍ റിലീസായ, പി ജി വിശ്വംഭരന്റെ സന്ധ്യക്ക് വിരിഞ്ഞ പൂവ് മുതല്‍ വിജയ നായകനായി മാറിയ മമ്മൂട്ടിക്ക് മുന്‍നിരയിലേക്കുള്ള പ്രയാണത്തിലെ നിര്‍ണ്ണായക ഏടായിരുന്നു അടിയൊഴുക്കുകള്‍ എന്ന് നിസ്സംശയം പറയാം. അതിരാത്രവും സന്ദര്‍ഭവും കാണാമറയത്തും ചക്കരയുമ്മയും കൂട്ടിന്നിളം കിളിയുമെല്ലാമിറങ്ങിയ 1984 മമ്മൂട്ടിയുടെ കരിയറിലെ സുവര്‍ണ വര്‍ഷം കൂടിയായിരുന്നു എന്ന് വേണം വിശേഷിപ്പിക്കാന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സീമ, റഹ്‌മാന്‍, മേനക, വിന്‍സന്റ്, സത്താര്‍ തുടങ്ങി വന്‍ താരനിരയില്‍ ഒരുങ്ങിയ അടിയൊഴുക്കുകള്‍ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ്.
മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും റഹ്‌മാന്‍ ഫാന്‍സും എല്ലാം അക്കാലത്ത് ഒരുപോലെ ഏറ്റെടുത്ത ഒരു സിനിമ കൂടിയായിരുന്നു അടിയൊഴുക്കുകള്‍. മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ ശ്രദ്ധേയമായ റോളിലായിരുന്നു മോഹന്‍ലാലും എത്തിയത്. റഹ്‌മാനും മികച്ച അഭിനയം തന്നെയാണ് ഈ ചിത്രത്തില്‍ കാഴ്ചവെച്ചത്. ഒരു നടി എന്ന നിലയില്‍ സീമ കരുത്തുറ്റ റോള്‍ ചെയ്തുവന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.
കാലമെത്ര കഴിഞ്ഞാലും അടിയൊഴുക്കിലെ മമ്മൂട്ടിയും മോഹന്‍ലാലും സീമയും റഹ്‌മാനും ഒക്കെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കും എന്നതാണ് സത്യം. എം.ടി യുടെയും ഐ.വി ശശിയുടെ യും എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നു തന്നെയാകും ഈ അടിയൊഴുക്കും. മമ്മൂട്ടിയിലൂടെ സത്യനെ കണ്ട ഒരു അനുഭവം എന്ന് അക്കാലത്ത് പലരും പറയുന്നതും കേട്ടിരുന്നു. അത്രയ്ക്ക് മികച്ച ഒന്നായിരുന്നു എം.ടി യുടെ അടിയൊഴുക്കുകളും.
#Adiyozhukkal #Mammootty #MTVasudevanNair #IVSasi #MalayalamCinema #ClassicCinema #40Years #MalayalamMovie #Cinema #Mollywood