ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

 


കാലിഫോര്‍ണിയ: (www.kvartha.com 14.07.2020) ആറു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നടിയും ഗായികയും മോഡലുമായ നയാ റിവേര(33)യുടെ മൃതദേഹം സൗത്തേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ നിന്ന് കണ്ടെത്തി. ലോസ് ആഞ്ജലീസ് ഡൗണ്‍ടൗണിന് ഏകദേശം 90 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തടാകത്തില്‍ റിവേരയെ ബുധനാഴ്ചയാണ് കാണാതായത്. നാല് വയസുള്ള മകനൊപ്പം ബോട്ടില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം.

സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയല്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാണെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ജുലൈ എട്ടിന് ഉച്ചയ്ക്ക് ഒരു മണിയോടെ റിവേര മകനൊപ്പം പിരു തടാകത്തിന് സമീപമെത്തി ബോട്ട് വാടകയ്‌ക്കെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നയാ റിവേരയെ കാണാതായ വിവരം അറിയുന്നത്. റിവേരയുടെ മകന്‍ ബോട്ടില്‍ ഉറങ്ങുന്ന നിലയിലായിരുന്നു.

ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

തുടര്‍ന്ന് നടിക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഹെലികോപ്ടറുകളും ഡ്രോണുകളും തിരച്ചില്‍ നടത്തി. തടാകത്തില്‍ മുങ്ങിപ്പോയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തില്‍ വീണതാകാം. മകനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും സ്വന്തം ജീവന്‍ റിവേരയ്ക്ക് രക്ഷിക്കാനായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് തൊട്ടുമുന്‍പ് മകനൊപ്പമുള്ള ചിത്രം നിയാ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

2009 മുതല്‍ 2015 വരെ ഫോക്സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍-കോമഡി ഗ്ലീയില്‍ ചിയര്‍ലീഡറായി റിവേര അഭിനയിച്ചിരുന്നു. നടന്‍ റയാന്‍ ഡോര്‍സേയായിരുന്നു റിവേരയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

Keywords: News, World, Actress, Entertainment, Cinema, Missing, Son, Travel, boat, Body Found, Singer, California,  Naya Rivera, Actress Naya Rivera's body found in California lake after days long search
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia