Postponed | മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ; മഞ്ജുവാര്യര്‍ ചിത്രം 'ഫൂട്ടേജി'ന്റെ റിലീസ് മാറ്റിവെച്ചതായി നടി ഗായത്രി അശോക്


എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഫൂട്ടേജ്.
വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരുവനന്തപുരം: (KVARTHA) വയനാട്ടില്‍ (Wayanad) ഉരുള്‍പൊട്ടല്‍ (Landslide) ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 108 ആയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ടുകള്‍. മേപ്പാടി താലൂക് ആശുപത്രിയില്‍ 16 ശരീരഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇത് മരിച്ചുപോയവരുടേത് ആകാമെന്നാണ് കരുതുന്നത്. 20 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ടം (Postmortem) പൂര്‍ത്തിയായി.
ഇതുവരെ 122 പേരെ ദുരന്ത മുഖത്ത് നിന്ന് പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റ് ചികിത്സ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്.
ചൂരല്‍ മലയില്‍ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടല്‍മഞ്ഞ് ദുരന്ത മുഖത്ത് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുള്‍പൊട്ടലുണ്ടാകാനുള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്ത് മഴ തോര്‍ന്നിട്ടില്ല.
ഇതിനിടെ കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ജുവാര്യര്‍ (Manju Warrier) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഫൂട്ടേജ്' (Footage) എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്ന നടി ഗായത്രി അശോക് (Gayathri Ashok) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ. ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു.'- ഗായത്രി അശോക് ഇന്‍സ്റ്റഗ്രാമില്‍ (Instagram) പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.
ഓഗസ്റ്റ് രണ്ടിനായിരന്നു ഫൂട്ടേജിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഫൂട്ടേജ്. വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.