ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ ദേശീയപാതയില്‍ വന്‍ ഗതാഗതതടസം; നിരത്തിലിറങ്ങി പ്രതിഷേധക്കാരുമായി കൊമ്പുകോര്‍ത്ത് നടന്‍ ജോജു ജോര്‍ജ്; താരത്തിന്റെ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്തതായി പരാതി

 


കൊച്ചി: (www.kvartha.com 01.11.2021) ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തുന്ന റോഡ് ഉപരോധ സമരത്തില്‍ വന്‍ ഗതാഗതതടസം. വാഹനങ്ങള്‍ നിരത്തുകളില്‍ കാത്തുകിടന്നത് മണിക്കൂറുകളോളം. ഇതിനിടെ പ്രകോപിതനായ നടന്‍ ജോജു ജോര്‍ജ് നിരത്തിലിറങ്ങി പ്രതിഷേധക്കാര്‍ക്ക് നേരെ രോഷ പ്രകടനം നടത്തി.

ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ ദേശീയപാതയില്‍ വന്‍ ഗതാഗതതടസം; നിരത്തിലിറങ്ങി പ്രതിഷേധക്കാരുമായി കൊമ്പുകോര്‍ത്ത് നടന്‍ ജോജു ജോര്‍ജ്; താരത്തിന്റെ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്തതായി പരാതി

അരമണിക്കൂറില്‍ ഏറെയായി ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിനെതിരെയാണ് താരത്തിന്റെ പ്രതിഷേധം. റോഡില്‍ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.

തുടര്‍ന്ന് താരത്തിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും പിന്‍വശത്തെ ചില്ല് തകര്‍ക്കുകയും ചെയ്തുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ജോജുവിന്റെ വാഹനം കടന്നു പോകാന്‍ അനുവദിക്കില്ലെന്ന നിലപാടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കുകയും ചെയ്തു. ഒടുവില്‍ സിഐ തന്നെ വാഹനത്തില്‍ കയറി ജോജുവിനെ കടത്തിവിടാന്‍ ശ്രമിക്കുകയായിരുന്നു. വനിതാ പ്രവര്‍ത്തകയോട് ജോജു അപമര്യാദയായി പെരുമാറിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

തുടര്‍ചയായി ഉണ്ടാകുന്ന ഇന്ധനവില വര്‍ധനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രത്യക്ഷ സമരം. ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍കാര്‍ നിലപാടുകള്‍ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കെപിസിസി വര്‍കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. 

കാറുകളും മുച്ചക്ര വാഹനങ്ങളും ഉള്‍പെടെ 1500 ഓളം വാഹനങ്ങള്‍ നിരത്തിലിറക്കിയാണ് കോണ്‍ഗ്രസിന്റെ സമരം. അതേസമയം വലിയ വാഹനങ്ങള്‍ പൊലീസ് ഇടപെട്ട് ഇടപ്പള്ളിയില്‍ നിന്ന് വഴിതിരിച്ചു വിട്ടു.

Keywords:  Actor Joju George against congress fuel price hike protest at Kochi, Kochi, Politics, Congress, Protesters, Cine Actor, Vehicles, Cinema, Kerala, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia