Copyright | അനുമതിയില്ലാതെ എടുത്താല്‍ പണി കിട്ടും! ഭ്രമയുഗത്തിന് കോപി റൈറ്റടിച്ച് നിര്‍മാതാക്കള്‍
കൊച്ചി: (KVARTHA) 2024 ഫെബ്രുവരിയില്‍ ഇറങ്ങിയ മികച്ച മലയാള സിനിമകളായ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയ്‌ക്കൊപ്പം ഭ്രമയുഗം കട്ടയ്ക്കാണ് പിടിച്ച് നിന്നത്. അതും പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ ആയിരുന്ന സിനിമയായിട്ടും വമ്പന്‍ സ്വീകരണമായിരുന്നു ചിത്രത്തിന് കിട്ടിയത്. പുത്തന്‍ സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ പ്രേക്ഷക-നിരൂപക സ്വീകാര്യത ലഭിച്ചിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമ എന്ന ഖ്യാതി ഭ്രമയുഗത്തിന് ആണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തം അറിയിച്ചിരുന്നു. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രം നിര്‍മിച്ചത് തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ ആയിരുന്നു. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് മമ്മൂട്ടിയ്ക്ക് ഒപ്പം കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്.
ഇപ്പോഴിതാ ചിത്രത്തിന് കോപ്പി റൈറ്റ് ഏര്‍പ്പെടുത്തിയ വിവരം അറിയിച്ചിരിക്കുക ആണ് നിര്‍മാതാക്കള്‍. നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ഓഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തങ്ങളുടെ അനുമതി ഇല്ലാതെ ഭ്രമയുഗത്തിലെ സംഗീതം, സംഭാഷണങ്ങള്‍, കഥാപാത്രങ്ങളുടെ പേരുകള്‍, ഫോട്ടോകള്‍ എന്നിവ ഉപയോഗിക്കരുതെന്നാണ് അറിയിപ്പ്. ഭ്രമയുഗത്തിന്റെ പേരും ലോഗോയും ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ ഘടകങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് നിയമപരമായി തന്നെ നേരിടുമെന്നും നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നു.
വാണിജ്യ ആവശ്യങ്ങള്‍, ഗാനങ്ങളുടെ കവര്‍ പതിപ്പുകള്‍, നാടകം, സ്‌കിറ്റ്, സ്റ്റേജ് പ്രോഗ്രാമുകള്‍, തുടങ്ങി എല്ലാത്തിനും ലൈസന്‍സ് വാങ്ങിക്കേണ്ടതാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. അനുമതിക്കായി info@nightshift(dot)studios(dot)in എന്ന മെയില്‍ വഴി ബന്ധപ്പെട്ടാല്‍ മതിയെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
#Bramayugam #Copyright #MalayalamCinema #IndianCinema #NightShiftStudios #Mammootty #IntellectualProperty