Defamation | ബാലചന്ദ്രമേനോന്‍ നല്‍കിയ പരാതിയില്‍ നടപടി; യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തു
● 2 പരാതികളാണ് ബാലചന്ദ്രമേനോന്‍ നല്‍കിയത്.
● ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് നടി.
കൊച്ചി: (KVARTHA) സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ (Balachandra Menon) പരാതിയില്‍ നടപടി. യൂട്യൂബ് ചാനലുകള്‍ക്കെതിരെ (Youtube Channel) കേസെടുത്തു. ബാലചന്ദ്രമേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
രണ്ട് പരാതികളാണ് ബാലചന്ദ്രമേനോന്‍ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയിരിക്കുന്നത്. പല നടന്‍മാര്‍ക്കെതിരെയും ആരോപണമുന്നയിച്ച ആലുവ സ്വദേശിയായ നടി, കേസെടുത്ത് നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ കമിംഗ് സൂണ്‍ എന്ന തരത്തില്‍, തനിക്കെതിരെയും ചില ആരോപണങ്ങള്‍ വരുന്നുവെന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെ ചില യൂട്യൂബ് മാധ്യമങ്ങള്‍ അവരെ സമീപിക്കുകയും അവര്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പല കാര്യങ്ങളും തന്നെ അപകീര്‍ത്തിപ്പെടുന്നതായിരുന്നു എന്നാണ് ബാലചന്ദ്രമേനോന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനുമാണ് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ബാലചന്ദ്രമേനോന്‍ പറയുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 13ാം തീയതി തനിക്കൊരു ഫോണ്‍കോള്‍ വന്നിരുന്നു. അഡ്വക്കേറ്റ് സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. മൂന്ന് ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നു എന്നൊരു മുന്നറിയിപ്പ് നല്‍കി. ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഈ നടി, അതായത് മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടുവെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, തന്നെ ബ്ലാക്‌മെയില്‍ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ അഭിഭാഷകനെതിരെ നല്‍കിയ പരാതിയില്‍ പ്രതികരിക്കാനില്ലെന്ന് നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്‌മെയില്‍ ചെയ്തുവെന്ന് ബാലചന്ദ്രമേനോന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. താന്‍ നല്‍കിയ പരാതികളില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു.
#BalachandraMenon #YouTube #defamation #Kerala #India #Malayalamcinema #socialmedia