Relocation | 'നിങ്ങളുടെ ബിഗ് ബി ബാലയായി ഞാന്‍ തിരിച്ചുവരും'; കൊച്ചിയോട് ബൈ പറഞ്ഞ് ബാല, തരംഗമായി പുതിയ വീടിന്റെ വീഡിയോ


● ഇരുവരും വിളക്ക് കത്തിച്ച് വീട്ടിലേക്ക് പ്രവേശിച്ചു.
● വൈക്കത്താണ് പുതിയ വീട് എന്നാണ് സൂചന.
● പലരും കമന്റില്‍ സ്ഥലം വൈക്കമാണെന്ന് തിരിച്ചറിഞ്ഞു.
വൈക്കം: (KVARTHA) ഒക്ടോബര്‍ 23ന് ആയിരുന്നു നടന്‍ ബാലയുടേയും (Bala) മുറപ്പെണ്ണായ കോകിലയുടെയും വിവാഹം. താന്‍ ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് താരം തന്റെ നാലാമത്തെ ജീവിതസഖിയായി കോകിലയെ തിരഞ്ഞെടുത്തത്. എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ചെന്നൈ സ്വദേശിനിയാണ് കോകില. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഇപ്പോഴിതാ, കൊച്ചിയില്‍ നിന്ന് താമസം മാറിയ ബാല മറ്റൊരു വീട് എടുത്ത് താമസം ആരംഭിച്ചിരിക്കുകയാണ്. കൊച്ചി വിട്ടുവെങ്കിലും താന്‍ കേരളത്തില്‍ തന്നെയുണ്ടെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. പുതിയ വീടിന്റെയെന്ന് കരുതുന്ന വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കഴിഞ്ഞ ദിവസമാണ് താന്‍ കൊച്ചിവിടുകയാണെന്ന് പറഞ്ഞ് ബാല രംഗത്തെത്തിയത്. ബാല പങ്കുവെച്ച വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് വരുന്നത്.
ബാലയും ഭാര്യയും കൂടി വിളക്ക് കത്തിച്ച് വീട്ടിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വീടിരിക്കുന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വൈക്കത്താണെന്നാണ് വിവരം. ബിഗ് ബി ബാലയായി താന്‍ തിരിച്ചുവരുമെന്നും. താന്‍ കൊച്ചിവിട്ടേന്നും, എന്നാല്‍ നിങ്ങളുടെ ഹൃദയത്തില്‍ എന്നും ഞാന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബാല പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. പലരും കമന്റില്‍ സ്ഥലം വൈക്കമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കായല്‍ക്കരയില്‍ വെസ്റ്റേണ്‍ രീതിയില്‍ ഒരുക്കിയ വിശാലമായ ജനാലകളും മറ്റും ഉള്ള വീടാണ് ബാലയുടെത്. അതേ സമയം വീട് ബാല ഉടന്‍ ഷൂട്ടിംഗ് ചെയ്യാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയും ദമ്പതികള്‍ക്ക് താമസിക്കാനും വേണ്ടി വാങ്ങിയതാണെന്നാണ് ഫോട്ടോഗ്രാഫര്‍ ശാലുപേയാട് പറഞ്ഞത്.
നേരത്തെ കൊച്ചിയില്‍ നിന്നും മാറി നില്‍ക്കുന്നത് സംബന്ധിച്ച് ബാല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. 'എല്ലാവര്‍ക്കും നന്ദി..ഞാന്‍ ചെയ്ത നന്മകള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും എന്നാല്‍ കൊച്ചിയില്‍ ഞാനിനി ഇല്ല ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു, ഇന്ന് ഞാന്‍ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ്, ഒരുപാട് ദൂരേക്കൊന്നും അല്ല. എന്നിരുന്നാലും എന്നെ സ്‌നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് പ്രിയരേ എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം.. എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ', എന്നായിരുന്നു ബാലയുടെ വാക്കുകള്‍.
#Bala #MalayalamActor #Kochi #newhome #relocation #Kerala