Divorce | '30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു'; ഒടുവില്‍ സൈറ ബാനുവുമായുള്ള വിവാഹമോചനത്തില്‍ എആര്‍ റഹ് മാന്‍ മൗനം വെടിഞ്ഞു

 
Music Maestro A.R. Rahman and Wife Saira Announce Divorce
Music Maestro A.R. Rahman and Wife Saira Announce Divorce

Photo Credit: Instagram/ARR

● അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് ഭാര്യ.
● വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെന്ന് അഭിഭാഷക.
● സ്വകാര്യതയെ മാനിച്ചതിന് നന്ദിയെന്ന് എആര്‍ റഹ് മാന്‍. 

ചെന്നൈ: (KVARTHA) 1995ലാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ് മാനും (A R Rahman) ഭാര്യ സൈറ ബാനുവും (Saira Banu) വിവാഹിതരാകുന്നത്. ഖത്തീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്നു കുട്ടികളാണ് റഹ് മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. ഇപ്പോഴിതാ, 29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും.

കഴിഞ്ഞ ദിവസമാണ് വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതിനെക്കുറിച്ച് സൈറയാണ് ആദ്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട പ്രസ്താവനയിലൂടെ സൈറ പറയുന്നു.

'വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ.ആര്‍.റഹ് മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.'- വന്ദനാ ഷാ പ്രസ്താവനയില്‍ പറഞ്ഞു.

ഇരുവരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ല. പരസ്പര സ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. 

വൈകാതെ വിഷയത്തില്‍ മൗനം വെടിഞ്ഞ് എആര്‍ റഹ് മാനും രംഗത്തെത്തി. എക്‌സ് അക്കൗണ്ടില്‍ എഴുതിയ കുറിപ്പിലൂടെയാണ് റഹ് മന്‍ വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരിച്ചത്. 'മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകര്‍ച്ചയില്‍, ഞങ്ങള്‍ അര്‍ത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുര്‍ബലമായ അവസ്ഥയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി'- റഹ് മാന്‍ കുറിച്ചു. എആര്‍ആര്‍ സൈറ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗും റഹ് മാന്‍ നല്‍കിയിട്ടുണ്ട്. 

തങ്ങളുടേത് വീട്ടുകാര്‍ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്ന് മുന്‍പ് റഹ് മാന്‍ പറഞ്ഞിട്ടുണ്ട്. അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് ഒരു ചാറ്റ് ഷോയില്‍ എ.ആര്‍. റഹ് മാന്‍ പറഞ്ഞത്.

#ARRahman #Saira #divorce #Bollywood #musiccomposer #India


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia