Review | ദുരൂഹതയുടെ ചുരുളഴിക്കുന്ന ആനന്ദ് ശ്രീബാല; മികച്ചൊരു ത്രില്ലർ ചിത്രം  

 
Anand Sreebala: A Thrilling Unraveling of Mysteries
Anand Sreebala: A Thrilling Unraveling of Mysteries

Photo Credit: Facebook/ Arjun Ashokan

● യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള കഥപറച്ചിൽ 
● അര്‍ജുന്‍ അശോകന്‍, അപര്‍ണാ ദാസ് എന്നിവരുടെ മികച്ച പ്രകടനം.
● സമൂഹ മാധ്യമങ്ങളിൽ ചിത്രം വലിയ ചർച്ചയാകുന്നു.

അർണവ് അനിത 

(KVARTHA) പല പെണ്‍കുട്ടികളുടെയും തിരോധാനം മലയാളികളെ ആകെ വേദനിപ്പിച്ചിട്ടുണ്ട്. എരുമേലിയില്‍ കാണാതായ ജസ്‌നയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ജസ്‌ന ജീവിച്ചിരിപ്പുണ്ടോ, മരണപ്പെട്ടോ എന്ന് പോലും അറിയില്ല. 2017ല്‍ കൊച്ചിയില്‍ നിന്ന് കാണാതായ മിഷേല്‍ ഷാജിയെ ഗോശ്രീ പാലത്തിന് താഴെ കായലില്‍ നിന്നാണ് കണ്ടെത്തിയത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഷാജി പലതവണ ആവര്‍ത്തിച്ചിട്ടും പൊലീസ് വിശ്വസിച്ചില്ല. 

കലൂര്‍ പള്ളിയിലേക്ക് പോകുന്നെന്നാണ് മിഷേല്‍ അവസാനം അയച്ച സന്ദേശം. മകളെ കാണാതായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ ദ്രുതഗതിയിലുള്ള അന്വേഷണം നടത്തിയില്ല. പ്രതികള്‍ക്ക് രക്ഷപെടാനും മിഷേലിനെ രക്ഷിക്കാനുള്ള അവസരവും അതോടെ നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം മിഷേലിനെ എല്ലാവരും മറന്നെങ്കിലും അവളുടെ ഓര്‍മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോവുകയാണ് ആനന്ദ് ശ്രീബാല എന്ന സിനിമ.

2018, മാളികപ്പുറം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം കാവ്യാ ഫിലിംസും ആന്‍ മെഗാമീഡിയയും നിര്‍മിച്ച ചിത്രം വിഷ്ണു വിനയ് സംവിധാനം ചെയ്തിരിക്കുന്നു. സംവിധായകന്‍ വിനയന്റെ മകനാണ് വിഷ്ണു വിനയ്. ആദ്യ ചിത്രത്തിലൂടെ വിഷ്ണു തന്റെ കയ്യൊപ്പ് അടയാളപ്പെടുത്തിയിരിക്കുന്നു. മാളികപ്പുറത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്നു എന്നതാണ് പ്രത്യേകത.  കുറ്റാന്വേഷണത്തിലെ ദുരൂഹതകള്‍ ഓരോന്നായി കണ്ടെത്തുകയും അതില്‍ ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് വിധിയെഴുതിയെങ്കിലും അതിനപ്പുറം ചില കാര്യങ്ങളുണ്ടെന്നാണ് സിനിമ പറയുന്നത്.

മെറിന്‍ ജോയ് എന്ന പെണ്‍കുട്ടിയെ കാണാതാകുന്നു. ആത്മഹത്യയെന്ന് പൊലീസ് എഴുതിത്തള്ളിയെങ്കിലും ക്രൈം റിപ്പോര്‍ട്ടര്‍ ശ്രീബാല (അപര്‍ണാ ദാസ്) ഈ ദുരൂഹത തേടി പോകുന്നു. കൂട്ടിന് അവളുടെ കാമുകനും പൊലീസ് പരിക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആനന്ദ് ശ്രീബാലയും സഹായത്തിനെത്തുന്നു. ഓരോ വിവരങ്ങള്‍ തേടി ചെല്ലുന്തോറും അറിയുന്ന കാര്യങ്ങളില്‍ നിന്ന് ആനന്ദിനും ഈ കേസ് ഒരു അവേശമായി മാറുന്നു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പിച്ച് പറഞ്ഞത് ആനന്ദിന് വലിയ വിശ്വാസമായി. 

പേരിലെ പുതുമകൊണ്ട് അരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നയാളാണ് ആനന്ദ് ശ്രീബാല. അതേ കുറിച്ചുള്ള രസകരമായ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. ആദ്യ പകുതി അത്രയ്ക്ക് അമ്പരപ്പിക്കുന്നതല്ലെങ്കിലും രണ്ടാംപകുതി പ്രേക്ഷകരെ ഞെട്ടിക്കുന്നു. അതുകൊണ്ട് സിനിമ കണ്ടിറങ്ങുന്നവര്‍ സന്തോഷത്തോടെയാണ് തിയേറ്റര്‍ വിടുന്നത്. അര്‍ജുന്‍ അശോകന്‍ നായക വേഷം ചെയ്തതില്‍ ശ്രദ്ധേയമായ സിനിമയാണ് ആനന്ദ് ശ്രീബാല. പ്രണയവിലാസത്തിന് ശേഷം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം.

സിനിമ കൂടുതല്‍ റിയലിസ്റ്റിക് ആയി മാറിയ കാലത്ത് യഥാര്‍ത്ഥ സംഭവം സിനിമയ്ക്ക് പറ്റിയ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. യുക്തിഭദ്രമായ കഥപറയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പല കേസുകളിലും പൊലീസിന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് കാലം പിന്നീട് തെളിയിച്ചിട്ടുണ്ട്. നക്‌സലൈറ്റ് വര്‍ഗീസിന്റെ കൊലപാതകം തന്നെ ഉദാഹരണം. പൊലീസ് കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായര്‍ പില്‍ക്കാലത്ത് ഇ്ക്കാര്യം വെളിപ്പെടുത്തിയതോടെയാണ് ഭരണകൂടഭീകരത പുറംലോകം അറിഞ്ഞത്.

ചാവേറിന് ശേഷം അര്‍ജുന്‍ അശോകന്റെ അമ്മയായി സംഗീത അഭിനയിക്കുന്നു.ഡിസിപി ശങ്കര്‍ ദാസായി സൈജു കുറുപ്പ് എത്തുന്നു. അതിഥിവേഷത്തില്‍ അജു വര്‍ഗീസ് തിളങ്ങുന്നു. സിദ്ദീക്ക്, നന്ദു, ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, അസീസ് നെടുമങ്ങാട്, മനോജ് കെ യു, മാളവിക മനോജ്, കൃഷ്ണ, ശിവദ, അബിന്‍ കെ, മാസ്റ്റര്‍ ശ്രീപദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. രഞ്ജിന്‍ രാജിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കുന്നു.

#AnandSreebala #MalayalamMovies #CrimeThriller #RealLifeStories #ArjunAshokan #AparnaDas

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia