Allegation | നടൻ നിവിൻ പോളിക്കെതിരെ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ യുവതിയേയും ഭർത്താവിനേയും വിളിച്ചുവരുത്തി അന്വേഷണ സംഘം
ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
ആലുവ: (KVARTHA) നടൻ നിവിൻ പോളിയ്‌ക്കെതിരെ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ അന്വേഷണം ശക്തമായി അന്വേഷണ സംഘം.
പരാതിക്കാരിയായ യുവതിയെയും ഭർത്താവിനെയും ആലുവ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ദുബായിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
ഇതിനിടയിൽ, നിവിൻ പോളി ഡിജിപിയെ സമീപിച്ച് പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് നിവിൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ തന്റെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള തെളിവുകൾ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഉണ്ടായിരുന്നതിന്റെ തെളിവായി തന്റെ പാസ്‌പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു.
അതേസമയം, നടി പാർവതി ആർ കൃഷ്ണയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന ദിവസം കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിവിന് പിന്തുണ അറിയിച്ചു. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും പാർവതി പുറത്തുവിട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയിൽ പാർവതിയും അഭിനയിച്ചിരുന്നു.
പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിൻ തന്റെ ഒപ്പമുണ്ടായിരുന്നെന്നും ഈ പരാതി വ്യാജമെന്നും വ്യക്തമാക്കിക്കൊണ്ട് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും രംഗത്ത് വന്നിരുന്നു.