Memory | അടൂർ ഭാസി വിട വാങ്ങിയിട്ട് 35 വർഷം; ശുദ്ധഹാസ്യത്തിൻ്റെ ചിരിക്കുടുക്ക 

 
Adoor Bhasi 35th Death Anniversary
Adoor Bhasi 35th Death Anniversary

Photo Credit: Facebook/Adoor Bhasi King of Comedy

● അടൂർ ഭാസി 600-ൽ അധികം സിനിമകളിൽ അഭിനയിച്ചു.
● മലയാള സിനിമയിലെ ഹാസ്യത്തിന് പുതിയൊരു മുഖം നൽകി.
● സി.വി രാമൻ പിള്ളയുടെ ചെറുമകനാണ്.
● അഭിനയത്തിന് പുറമേ മറ്റ് മേഖലകളിലും പ്രവർത്തിച്ചു.
● ഇന്നും ഓർമ്മിക്കപ്പെടുന്ന കഥാപാത്രങ്ങൾ.

(KVARTHA) മലയാള ചലച്ചിത്ര ലോകത്ത് ചിരിയുടെ മാലപ്പടക്കമായി നില കൊണ്ടിരുന്ന അടൂർ ഭാസി വിടവാങ്ങിയിട്ട് മാർച്ച് 29ന് 35 വർഷം. നായകനെ തൊട്ടുരുമ്മി നിൽക്കുന്ന കഥാപാത്രമായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ ഭാസി 600 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഴിമതി നാറാപിള്ളയും, ലക്ഷപ്രഭുവിലെ പിള്ളയും, ചട്ടക്കാരിയിലെ എൻജിൻ ഡ്രൈവറമൊക്കെ കാലം എത്ര കഴിഞ്ഞാലും അതിന് അതിജീവിച്ച് ബാക്കിയാവുന്ന കഥാപാത്രങ്ങളാണ്. ഹാസ്യം ജീവിതത്തിന്റെ ഭാഗമായി കരുതുന്ന ഒരു കുടുംബത്തിൽ ജനിച്ചതിനാൽ രക്തത്തിൽ തന്നെ ഹാസ്യം കലർന്ന  നടൻ ആയിരുന്നു കെ ഭാസ്കരൻ നായർ എന്ന അടൂർ ഭാസി.  

മലയാള സിനിമയിലെ ഹാസ്യ രംഗങ്ങൾക്ക് പുത്തൻ മുഖച്ഛായ പകർന്ന കലാകാരനായിരുന്നു അടൂർ ഭാസി. ആദ്യ കാല കറുപ്പ് വെളുപ്പ്  മലയാളചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അടൂർ ഭാസി തന്റെ സിംഹാസനം ഉപേക്ഷിച്ച് പോയ ശേഷം  നിരവധി ഹാസ്യ കലാകാരന്മാർ മലയാള സിനിമ ലോകത്ത് വന്നു പോയെങ്കിലും നായകനോട് തൊട്ടുചേർന്ന്  നായകന്റെ അഭിനയത്തിന്  പൂരകമായി പ്രവർത്തിച്ച ഹാസ്യ നടന്മാർ പിന്നീട് വളരെ അപൂർവമായി മാത്രമേ ഉണ്ടായിട്ടുള്ളൂ. 

മോഹൻലാലും ജഗതിയും കട്ടക്കു കട്ട നിന്ന് അഭിനയിച്ച കിലുക്കവും യോദ്ധയും പോലെ  ആയിരുന്നു പഴയ പല സിനിമകളും ഭാസിയും നസീറും ചേർന്ന് കൈകാര്യം ചെയ്തിരുന്നത് എന്ന് പറയുമ്പോൾ തന്നെ അവരുടെ വിജയത്തിന്റെ  കെമിസ്ട്രി ആർക്കും ഉൾക്കൊള്ളാവുന്നതേയുള്ളൂ. ബഹദൂറുമായി ചേർന്നുള്ള സഖ്യം മലയാളി സിനിമയിൽ ഒരു ഭാസി-ബഹദൂർ എന്ന ഒരു സംസ്കാരം തന്നെ ഏറെക്കാലം സൃഷ്ടിച്ചു. അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്. 

മലയാള സാഹിത്യ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സി വി രാമൻ പിള്ളയുടെ ചെറുമകനായും  ഹാസ്യ സാമ്രാട്ട് ഈ വി കൃഷ്ണപിള്ളയുടെ മകനായും 1927 മാർച്ച് ഒന്നിനു തിരുവനന്തപുരം വഴുതക്കാട്ട്  ജനിച്ചു. തിരുവനന്തപുരം ആകാശവാണിയിൽ ഉദ്യോഗത്തിലിരിക്കുമ്പോൾ പ്രശസ്ത നാടകചര്യൻ ടി എൻ ഗോപിനാഥൻനായരെ പരിചയപ്പെട്ടത് വഴി തിരുവനന്തപുരത്തെ അമച്വർ നാടക സംഘടനയായ കലാവേദിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. നാടക രംഗത്തെ അക്കാലം നയിച്ചിരുന്ന പ്രഗൽഭരും പ്രശസ്തരുമായ പലരുമായും ഇടപഴകാൻ ഇതുവഴി അവസരം ലഭിക്കുകയുണ്ടായി. 

ഭാസിയുടെ ആദ്യസിനിമ 1953ൽ പുറത്തിറങ്ങിയ തിരമാല ആയിരുന്നു. ശ്രദ്ധേയമായ കഥാപാത്രങ്ങൾ  അഭിനയിച്ചത് 12 വർഷത്തിനുശേഷം 1965 ൽ ഇറങ്ങിയ ചന്ദ്രതാര, മുടിയനായ പുത്രൻ എന്നീ ചിത്രങ്ങളിലാണ്. അതിനു ശേഷം ഏറെക്കാലം ഭാസിയുടെ സാന്നിദ്ധ്യമില്ലാതെ ഒരു മലയാള സിനിമയും ഇറങ്ങിയിട്ടില്ല. അല്ലെങ്കിൽ ഭാസി ഇല്ലാതെ സിനിമ ഇറക്കാൻ പറ്റില്ല എന്ന സാഹചര്യത്തിലായിരിന്നു അന്ന് ഇറങ്ങിയിരുന്ന ഭൂരിപക്ഷം സിനിമകളും. ഭാസിയുടെയും ശ്രീലതയുടെയും അഭിനയത്തിനു വേണ്ടി  അതിന് അനുസരിച്ചുള്ള സിറ്റുവേഷൻസ്  കോമഡി തിരക്കഥയിൽ എഴുതി ചേർക്കാൻ അന്നത്തെ തിരക്കഥാകൃത്തുകൾ നിർബന്ധിക്കപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം. 

പ്രേം നസീറിനോടൊപ്പം ചേർന്ന് അഭിനയിച്ച നിരവധി ചിത്രങ്ങൾക്ക് പുറമേ  അപൂർവം ചില ചിത്രങ്ങളിൽ വില്ലനായും ഭാസി അഭിനയിച്ചിട്ടുണ്ട്. നാല് സിനിമകൾ സംവിധാനം ചെയ്യുകയും ഏതാനും ചില ഗാനങ്ങളിൽ പിന്നണിഗാനം പാടുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ തന്റേതായ വഴികളിലൂടെ സഞ്ചരിച്ച ഭാസി ഒന്നിലേറെ തവണ സംസ്ഥാനത്തെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അക്കാലത്ത് സജീവമായിരുന്ന സമാന്തര സിനിമകളിലും സാന്നിദ്ധ്യമായിരുന്നു അടൂർ ഭാസി. ചലച്ചിത്ര ലോകത്ത് സജീവ സാന്നിദ്ധ്യമായി നിൽക്കവെ വൃക്കരോഗബാധയെ തുടർന്ന് 1990 മാർച്ച് 29-ന് അറുപത്തിമൂന്നാം വയസ്സിൽ  അദ്ദേഹം അന്തരിച്ചു.

മലയാള സിനിമ ലോകത്തെ ഈ അതുല്യ പ്രതിഭയുടെ ഓർമ്മകൾ എല്ലാവരുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തുക.

Adoor Bhasi, a legendary comedian in Malayalam cinema, passed away 35 years ago on March 29th. Known for his unique style and memorable characters, he acted in over 600 films. His contributions to Malayalam comedy are unparalleled. He was also a writer, journalist, singer, producer, and director.

#AdoorBhasi #MalayalamCinema #ComedyLegend #RememberingBhasi #FilmActor #MalayalamFilms

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia