Criticism | 'ജീവിതം ഒരു ബൂമറാങ് ആണ്, നിങ്ങള്‍ എന്താണോ ചെയ്യുന്നത് അത് തിരിച്ചു കിട്ടും'; ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി അതിജീവിത
● രഹസ്യ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതില്‍ അതൃപ്തി
● ഡിജിറ്റല്‍ തെളിവുകളടക്കം നശിപ്പിക്കാന്‍ ശ്രമമുണ്ടെന്നും ആരോപണം
കൊച്ചി: (KVARTHA) ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി അതിജീവിത. 'ജീവിതം ഒരു ബൂമറാങ് ആണ്. നിങ്ങള്‍ എന്താണോ ചെയ്യുന്നത് അത് നിങ്ങള്‍ക്ക് തിരിച്ചു കിട്ടും' എന്നാണ് അതിജീവിത ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സിദ്ദീഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതികരണം.
രഹസ്യ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതില്‍ അതൃപ്തിയുണ്ടെന്നും ഡിജിറ്റല്‍ തെളിവുകളടക്കം നശിപ്പിക്കാന്‍ ശ്രമമുണ്ടെന്നും അവര്‍ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും അതിജീവിത പറഞ്ഞു.
നടന്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ രൂക്ഷ പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്. അതിജീവിതയുടെ പരാതി അങ്ങേയറ്റം ഗൗരവമുള്ളതും ഗുരുതരവുമാണെന്ന് പറഞ്ഞ കോടതി തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് സിദ്ദീഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ജസ്റ്റിസ് സി എസ് ഡയസ് ആണ് വിധി പ്രസ്താവം നടത്തിയത്. ബില്‍ക്കിസ് ബാനു കേസിലെ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ജാമ്യ ഹര്‍ജി ഉത്തരവ് കോടതി അവസാനിപ്പിച്ചിരിക്കുന്നത്. സിദ്ദീഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.
പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയെന്ന് നിരീക്ഷിച്ച കോടതി സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലാണ് സിദ്ദീഖിന്റെ അഭിഭാഷകന്‍ വാദിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
14 പേര്‍ക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു എന്നതു കൊണ്ട് പരാതിക്ക് വിശ്വാസ്യതയില്ല എന്നും സിദ്ദീഖിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് അനാവശ്യമായ പരാമര്‍ശമാണെന്ന് പറഞ്ഞ കോടതി ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന അനുഭവം അവരുടെ സ്വഭാവത്തെയല്ല കാട്ടുന്നത്, മറിച്ച് അവര്‍ നേരിടുന്ന ദുരിതത്തെയാണെന്നും വ്യക്തമാക്കി. ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ഒരു പക്ഷേ അവരെ നിശബ്ദയാക്കാന്‍ വേണ്ടിയായിരിക്കും. എന്നാല്‍ അത് നിയമത്തിന് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിയുടെ സ്വഭാവമല്ല, പരാതിയുടെ ഗൗരവമാണ് കോടതി കണക്കാക്കാറുള്ളത്. അതുകൊണ്ടു തന്നെ സിദ്ദീഖ് പരാതിയില്‍ പറയുന്ന കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടോ, മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനാണോ എന്നുമാത്രമാണ് കോടതി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനു മുമ്പ് പരാതിയുടെ സ്വഭാവവും ആരോപണവിധേയനായ ആള്‍ക്ക് അതിലുള്ള പങ്കും വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും വേണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത് എന്നും കോടതി പറഞ്ഞു.
തുടര്‍ന്ന്, സിദ്ദീഖിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഓരോന്നായി കോടതി തള്ളി. പരാതി നല്‍കാന്‍ വൈകി എന്നതുകൊണ്ട് അതില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ലെന്ന് വിവിധ സുപ്രീം കോടതി വിധിന്യായങ്ങള്‍ അടക്കം ഉദ്ധരിച്ച് കോടതി പറയുന്നു.
ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശം നല്‍കി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദീഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ തിരച്ചില്‍ ഊര്‍ജിതമാക്കി. കൊച്ചിയിലെ രണ്ടു വീട്ടിലും സിദ്ദീഖ് ഇല്ലെന്നാണ് വിവരം.
സിദ്ദീഖ് താമസിക്കാന്‍ ഇടയുള്ള ബന്ധുവീടുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുകയാണ്. നടന്റെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്. സിദ്ദീഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ല്‍ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.
അതിനിടെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സ്ഥിതിക്ക് സിദ്ദീഖ് സുപ്രീംകോടതിയെ സമീപിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
#Siddique, #KeralaActor, #MolestCase, #BailRejected, #LegalNews, #SurvivorVoices