Allegation | മലയാള സിനിമയിൽ വീണ്ടും ലൈംഗിക ആരോപണം; നടൻ ജാഫർ ഇടുക്കിക്കെതിരെ പരാതിയുമായി നടി


● സംഭവം 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് ഉണ്ടായത്.
● ഇപ്പോൾ പൊലീസ് അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചു.
കൊച്ചി: (KVARTHA) പ്രശസ്ത നടൻ ജാഫർ ഇടുക്കിക്കെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്ത്. എറണാകുളം സ്വദേശിയായ നടി ജാഫർ ഇടുക്കി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. പരാതി പ്രത്യേകാന്വേഷണ സംഘത്തിനും ഡിജിപിക്കും നടി ഇമെയില്‍ ചെയ്തു.
വർഷങ്ങള്‍ക്ക് മുമ്പ് 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. ജാഫർ ഇടുക്കി മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഭയന്നാണ് പരാതി നല്‍കാതിരുന്നതെന്നും പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാരംഗങ്ങള്‍ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു.
നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവരടക്കം ഏഴു പേർക്കെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്ന നടി, ഇപ്പോൾ ജാഫർ ഇടുക്കിക്കെതിരെയും പരാതി നൽകിയതോടെ വിവാദം വ്യാപകമായിരിക്കുകയാണ്. നടിയുടെ ആരോപണങ്ങളെ തുടർന്ന് ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
നടിയും അഭിഭാഷകനും തന്നെ ബ്ലാക്‌മെയിൽ ചെയ്തുവെന്നായിരുന്നു ബാലചന്ദ്രമേനോന്റെ ആരോപണം. നടിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്കെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തിരുന്നു. വിവാദ പരാമർശങ്ങള്‍ അടങ്ങിയ അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് നടപടി.
കൂടാതെ നടിയുടെ അഭിഭാഷകൻ ബാലചന്ദ്ര മേനോനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ തനിക്കെതിരെ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള അഭിഭാഷകന്റെ ഭീഷണിയെന്ന് നടൻ പരാതിയില്‍ പറയുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണെന്ന് താനെന്നും നടൻ ആരോപിച്ചിരുന്നു.
ഈ പുതിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
#JafarIdukki, #Allegations, #KeralaFilmIndustry, #ActressComplaint, #PoliceInvestigation, #Controversy