Safety | 'അതിവേഗം ചീറിപ്പായുന്ന ടിപ്പര്‍ ലോറികളില്‍ നിന്ന് സുരക്ഷ വേണം'; നിവേദനവുമായി വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനില്‍
● സ്‌കൂളിനരികിലൂടെയാണ് പടന്ന പിലിക്കോട് ഫാം റോഡ് കടന്നു പോകുന്നത്.
● പിലിക്കോട് വയല്‍ റോഡ് ആരംഭിക്കുന്നതും വിദ്യാലയത്തിന്റെ മുന്നില്‍ നിന്ന്.
● 14 ക്ലാസ് ലീഡര്‍മാര്‍ ഒപ്പിട്ട നിവേദനം ചന്തേര സ്റ്റേഷനില്‍ സമര്‍പ്പിച്ചു.
ചെറുവത്തൂര്‍: (KVARTHA) സ്‌കൂളിന് സമീപത്തെ റോഡില്‍ ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്നത് സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ പിലിക്കോട് ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തി നിവേദനം നല്‍കിയത് ശ്രദ്ധേയമായി. സ്‌കൂള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത വിഷയത്തെ തുടര്‍ന്ന്, കുട്ടികള്‍ തന്നെയാണ് പൊലീസിനെ സമീപിച്ചത്.
സ്‌കൂളിനരികിലൂടെയാണ് പടന്ന പിലിക്കോട് ഫാം റോഡ് കടന്നു പോകുന്നത്. പിലിക്കോട് വയല്‍ റോഡ് ആരംഭിക്കുന്നതും വിദ്യാലയത്തിന്റെ മുന്നില്‍ നിന്നാണ്. രാവിലെയും വൈകീട്ടും ഈ റോഡിലൂടെ ടിപ്പര്‍ ലോറികള്‍ അതിവേഗത്തില്‍ പായുന്നത് കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്നതായാണ് പരാതി.
പ്രത്യേകിച്ച്, പിലിക്കോട് രയരമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള വളവ് ഏറെ അപകടകരമാണ്. സ്‌കൂള്‍ സമയത്തും ടിപ്പര്‍ ലോറികള്‍ നിരന്തരം ഈ റോഡിലൂടെ സഞ്ചരിക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. സ്‌കൂള്‍ പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത്, പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനമായിരുന്നു.
പി.ടി.എ അംഗങ്ങളുടെ പിന്തുണയോടെ, സ്‌കൂള്‍ ലീഡര്‍ തൃദേവ് ബി, ഡപ്യൂട്ടി ലീഡര്‍ അമേയ എം വി എന്നിവരുടെ നേതൃത്വത്തില്‍ 14 ക്ലാസ് ലീഡര്‍മാര്‍ ഒപ്പിട്ട നിവേദനമാണ് ചന്തേര സ്റ്റേഷനില്‍ സമര്‍പ്പിച്ചത്.
സ്റ്റേഷനില്‍ എത്തിയ കുട്ടികളെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് കുമാര്‍ സ്‌നേഹപൂര്‍വം സ്വീകരിച്ചു. കുട്ടികളുടെ പരാതി പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയ അദ്ദേഹം, സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിച്ചു.
രാവിലെയും വൈകീട്ടും സ്‌കൂളിന് മുന്നില്‍ ഹോം ഗാര്‍ഡിന്റെ സേവനം ഉറപ്പാക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ് ടി പ്രദീപ്, എസ് എം സി ചെയര്‍മാന്‍ കെ പി രാജീവന്‍, പി.ടി.എ കമ്മിറ്റി അംഗങ്ങള്‍, പ്രധാനാധ്യാപകന്‍ ബാലകൃഷ്ണന്‍ നാറോത്ത്, സ്റ്റാഫ് സെക്രട്ടറി പ്രഭ യു എന്നിവര്‍ കുട്ടികളെ അനുഗമിച്ചു. തങ്ങളുടെ പരാതിയില്‍ ഉടന്‍ തന്നെ നടപടിയെടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
#schoolsafety #roadsafety #Kerala #students #petition #police