Education | ഭിന്നശേഷി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ 'സ്ക്രൈബ്' സഹായത്തിനുണ്ട്; എന്താണിത്? അറിയാം


● 40 ശതമാനത്തിലേറെ പഠനവൈകല്യമുള്ളവർക്കാണ് സഹായം ലഭിക്കുന്നത്.
● പരീക്ഷ എഴുതുന്ന ആളിന്റെ ഭാഷാ പരിജ്ഞാനം ഫലത്തെ സ്വാധീനിക്കുന്നു.
● കൃത്യമായ പരിശീലനം ലഭിച്ച സ്ക്രൈബ് ലഭിക്കുന്നത് വലിയ ആശ്വാസമാണ്.
ഹന്നാ എൽദോ
(KVARTHA) പരീക്ഷകളുടെ കാലമാണ് ഇപ്പോൾ. ധാരാളം വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നു. ചിലർ പരീക്ഷയെഴുതാൻ തയാറെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. വളരെയധികം മാർക്ക് നേടാനുള്ള വ്യഗ്രതയിലാണ് പല കുട്ടികളും. ഈ അവസരത്തിൽ നമ്മൾ അധികം ഒന്നും ശ്രദ്ധിക്കാതെ ചില വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നുണ്ട്. അവർ മറ്റാരുമല്ല, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതുക എന്നത് ശ്രമകരമായ ദൗത്യമാണ്. കാഴ്ചയില്ലാത്തവർ, കേൾവിശക്തിയില്ലാത്തവർ, ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ തുടങ്ങിയ വിദ്യാർഥികൾ എങ്ങനെയാണ് പരീക്ഷയെഴുതുന്നത്, അവരെ പരീക്ഷയിൽ സഹായിക്കാൻ ആളുണ്ടോ? അതാണ് ഇവിടെ വിവരിക്കുന്നത്.
സഹായത്തിനുണ്ട് 'സ്ക്രൈബ്'
കാഴ്‌ച വൈകല്യം, സെറിബ്രൽ പാൾസി, ലേർണിംഗ് ഡിസബിലിറ്റീസ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ മറ്റൊരാളുടെ സഹായം ആവശ്യമാണ്. അവർ പറഞ്ഞു കൊടുക്കുന്നത് കേട്ട് പരീക്ഷ എഴുതുന്ന ആളുകളെയാണ് സ്ക്രൈബ് (Scribe) എന്ന് പറയുന്നത്. എസ്എസ്എൽസി മുതൽ ഈ സൗകര്യം ലഭ്യമാണ്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളെഴുതാൻ ധാരാളം സഹായികൾ (സ്ക്രൈബ്) ആവശ്യമുണ്ട്.
യോഗ്യതയും തിരഞ്ഞെടുപ്പും
40 ശതമാനത്തിലേറെ പഠനവൈകല്യമുള്ള കുട്ടികൾക്കാണ് സ്ക്രൈബിനെ ആവശ്യമുള്ളത്. ബോർഡ് പരീക്ഷകളിൽ സഹായിയെ ആവശ്യമുള്ളവർ പൊതുവേ 9-ാം ക്ലാസ് വിദ്യാർഥികളെയാണ് ഇതിനായി തിരഞ്ഞെടുക്കാറുള്ളത്. മാസങ്ങൾക്ക് മുൻപ് തന്നെ വിദ്യാർഥികളെ കണ്ടെത്തി അവരുടെയും, രക്ഷിതാവിന്റെയും സമ്മതപത്രവും, ചിത്രവും ഉൾപ്പെടെ സമർപ്പിച്ച ശേഷമാണ് പരീക്ഷാ സഹായിയായി ഔദ്യോഗിക അനുമതി ലഭിക്കാറുള്ളൂ.
സ്ക്രൈബ് ആയി വരുന്നവർക്കു യൂണിവേഴ്സിറ്റികൾ ചില മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന കുട്ടിക്ക് പരീക്ഷ എഴുതുന്ന സ്ക്രൈബ് ഡിഗ്രി ഒന്നാം വർഷമോ അതിൽ താഴെയോ ആയിരിക്കണം. പി.എസ്.സി. പരീക്ഷകൾക്ക് സ്ക്രൈബിന്റെ സഹായം ആവശ്യമുള്ളവർ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കണം.. അവരുടെ 'Profile Login' ചെയ്ത് 'Request Menu-Request for Scribe' എന്ന പേജിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
പരീക്ഷ തീയതിയ്ക്ക് ഏഴ് ദിവസം മുമ്പാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. എഴുതാൻ വരുന്ന വ്യക്തിയുടെ ഭാഷാ പരിജ്ഞാനം പരീക്ഷയുടെ റിസൾട്ടിനെയും ബാധിക്കാറുണ്ട് . തക്ക സമയത്തു സ്ക്രൈബ് കിട്ടാതെ കുട്ടികളും, അധ്യാപകരും ഒരുപാട് കഷ്ടപ്പെടാറുണ്ട്. പഠിക്കാൻ ഉള്ള പുസ്‌തകങ്ങൾ വായിച്ചു കൊടുക്കാൻ ആളില്ലാതെയും വരാറുള്ളത് പതിവ് കാഴ്ചയാണ്. ഇങ്ങനെയും ചില കാര്യങ്ങൾ ഈ ലോകത്ത് നടക്കുന്നുവെന്ന് മനസിലായില്ലേ?
ഇത്തരം വെല്ലുവിളികൾ പരിഹരിക്കാൻ കൂടുതൽ ബോധവത്കരണം ആവശ്യമാണ്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഉന്നതവിജയം നേടാൻ സ്ക്രൈബിന്റെ സഹായം അമൂല്യമാണ്. കൃത്യമായ പരിശീലനം ലഭിച്ച സ്ക്രൈബ് ലഭിക്കുന്നത് വിദ്യാർഥികൾക്ക് വലിയ ആശ്വാസമാണ്. ഇത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും മികച്ച വിജയം നേടാൻ സഹായിക്കുകയും ചെയ്യുന്നു.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!
Scribe assistance is crucial for differently abled students during exams. This article explains the role of a scribe, eligibility criteria, and the selection process. It highlights the importance of timely availability of scribes and the need for awareness to support these students. A trained scribe significantly boosts the confidence and performance of differently abled students.
#DifferentlyAbled #Scribe #EducationSupport #InclusiveEducation #ExamHelp #StudentRights